ആലപ്പുഴ
വിറ്റുവരവിൽ നൂറുകോടി ക്ലബിലേക്കു കുതിക്കുന്ന കെഎസ്ഡിപിക്ക് റെക്കോഡ് ലാഭം. യുഡിഎഫ് സർക്കാരിന്റെ കാലത്ത് അഴിമതിയും കെടുകാര്യസ്ഥതയും മൂലം നഷ്ടത്തിലേക്കു കൂപ്പുകുത്തിയ ഈ പൊതുമേഖലാസ്ഥാപനം 96.6 കോടി രൂപയുടെ വിറ്റുവരാണ് നേടിയത്. ഒമ്പതുമാസത്തിനിടെ നേടിയത് 12.61 കോടിയുടെ ലാഭവും. സാമ്പത്തികവർഷം പൂർത്തിയാകാൻ മൂന്നുമാസം കൂടി ബാക്കിയുള്ളതിനാൽ വിറ്റുവരവിലും ലാഭത്തിലും വൻ വർധനവാണ് പ്രതീക്ഷിക്കുന്നത്.
എൽഡിഎഫ് സർക്കാർ നടപ്പാക്കിയ നവീകരണവും വൈവിധ്യവൽക്കരണവുമാണ് ഈ പൊതുമേഖലാ സ്ഥാപനത്തെ നഷ്ടത്തിൽനിന്ന് ലാഭത്തിലേക്ക് കൈപിടിച്ചുയർത്തിയത്. തുള്ളിമരുന്നുകളും ഇഞ്ചക്ഷൻ മരുന്നുകളും ആന്റിബയോട്ടിക്കുകളും വിജയകരമായി നിർമിച്ചതിനു പിന്നാലെ സർക്കാരിന്റെ കോവിഡ് പ്രതിരോധത്തിന് കെഎസ്ഡിപി ഉറച്ച പിന്തുണ നൽകി. സാനിറ്റൈസർ, മാസ്ക് എന്നിവയ്ക്കു പുറമേ, കൈയുറകൾ, പിപിഇ കിറ്റ്, കോവിഡ് പരിശോധനാ കിയോസ്ക്, മിനി വെന്റിലേറ്റർ തുടങ്ങിയവയും കഴിഞ്ഞ മാസങ്ങളിൽ നിർമിച്ചു. ഒപ്പം, ഉൽപ്പന്നങ്ങൾ വിൽക്കാൻ കമ്പനിക്കു മുന്നിൽ ഔട്ട്ലെറ്റും തുറന്നു.
നഷ്ടത്തിൽനിന്ന് ലാഭത്തിലേക്ക്
എൽഡിഎഫ് സർക്കാർ അധികാരമേൽക്കുമ്പോൾ 5.23 കോടി രൂപ നഷ്ടത്തിലായിരുന്നു കമ്പനി. എന്നാൽ തൊട്ടടുത്ത വർഷം ഉൽപ്പാദനവും വിറ്റുവരവും വർധിച്ചതോടെ 4.85 കോടി രൂപ ലാഭം ലഭിച്ചു. 2018–-19ൽ ഇത് 3.15 കോടിയായിരുന്നു. 2019–-20ൽ 7.13 കോടിയും. കഴിഞ്ഞ ഒമ്പതു മാസത്തെ ലാഭം 12.61 കോടിയും. ഇതാകട്ടെ സർവകാല റെക്കോഡും.
വ്യവസായ വകുപ്പ് നാലുവർഷത്തിനിടെ നടപ്പാക്കിയ പദ്ധതികൾ കെഎസ്ഡിപിയെ രാജ്യത്തെ മികച്ച മരുന്നുനിർമാണ കമ്പനികളിലൊന്നാക്കി മാറ്റി. മെഡിക്കൽ ഉപകരണങ്ങളുടെ ഉൽപ്പാദനശാല കൂടിയാണിത്. അർബുദരോഗ മരുന്നുകൾക്കുള്ള പ്ലാന്റ് സ്ഥാപിക്കുകയാണ് (ഒങ്കോളജി പാർക്ക്) അടുത്ത ലക്ഷ്യമെന്ന് കെഎസ്ഡിപി ചെയർമാൻ സി ബി ചന്ദ്രബാബു അറിയിച്ചു. ഇതിനായി വിശദ പദ്ധതി രേഖ തയ്യാറാക്കി കിഫ്ബിക്കു സമർപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കെഎസ്ഡിപി 2016–-2020
ഉൽപ്പാദനം, വിറ്റുവരവ്, ലാഭം ക്രമത്തിൽ (കോടിയിൽ)
2016–-17–-326.6, 279.6, -5.23 (നഷ്ടം)
2017–-18–-327.9, 297.7, 4.85
2018–-19–-521.3, 4889, 3.15
2019–-20–- 662.5, 658.6, 7.13
2020–-21 (നവംബർ വരെ)–-970, 960.6, 120.6 (ഓഡിറ്റിങ്ങിന് മുമ്പ്)
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..