17 January Sunday

തെളിഞ്ഞു, കുടുംബശ്രീ

നന്ദു വിശ്വംഭരന്‍Updated: Sunday Nov 29, 2020
ആലപ്പുഴ
നാലുവർഷം, 650 കോടി രൂപ ധനസഹായം. കുടുംബശ്രീയെ ചേർത്തുപിടിക്കുകയാണ് എൽഡിഎഫ് സർക്കാർ. 16 വർഷമായി അനുവദിച്ചതിനേക്കാൾ  അധികം തുക നാലുവർഷത്തിനിടെ കുടുംബശ്രീയ്‌ക്ക്‌ കൈമാറിയാണ്‌ സർക്കാർ ചരിത്രം സ‌ൃഷ്‌ടിച്ചത്. ചാമ്പലാകുമെന്ന് കരുതിയ പലകുടുംബങ്ങളും പിടിച്ചുകയറി. ജില്ലയിൽ മാത്രം നാലുവർഷത്തിനിടെ നേരിട്ട് ആളുകൾക്ക് പണം ലഭ്യമാക്കുന്ന വിവിധ പദ്ധതികളിലായി 650 കോടി രൂപയാണ് ചെലവഴിച്ചത്. 
 

പ്രളയത്തിലെ കച്ചിത്തുരുമ്പ്‌ 

പ്രളയത്തിൽ ജീവനോപാധികളും ചെറുകിട തൊഴിൽ സംരംഭങ്ങളും നഷ്‌ടമായവർക്ക് ജീവിതം തിരികെപ്പിടിക്കാൻ കൈത്താങ്ങായ പദ്ധതിയാണ് ആർകെഎൽഎസ് പലിശരഹിത വായ്‌പ. പ്രളയബാധിത പ്രദേശങ്ങളിലെ 5809 അയൽക്കൂട്ടങ്ങളിലെ 55,323 പേർക്ക് സഹായം ലഭിച്ചു. 436 കോടി രൂപ വിതരണം ചെയ്‌തു. പലിശ ആദ്യം അടയ്‌ക്കുകയും പിന്നീട് സർക്കാർ തിരികെ നൽകുകയുമാണ്. 28.41 കോടിരൂപ പലിശയിനത്തിൽ സർക്കാർ തിരികെ അയൽക്കൂട്ടം അം​ഗങ്ങളുടെ കൈകളിലെത്തിച്ചു. ലിങ്കേജ് ലോണായി 500കോടിയിലധികം രൂപയാണ് ജില്ലയിലെ അയല്‍ക്കൂട്ട സംഘങ്ങള്‍ വിവിധ ബാങ്കുകളില്‍നിന്ന് ലോണെടുത്തത്. ഇന്റര്‍ സബ്‌സിഡിയായി കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ മാത്രം തിരികെ നല്‍കിയത് 3.42 കോടി രൂപ.
 

റിവോൾവിങ് ഫണ്ട്

ലഘുവായ്‌പകളായി നൽകി ചെറിയ പലിശയ്‌ക്ക്‌ തിരിച്ചടയ്‌ക്കുന്ന റിവോൾവിങ് ഫണ്ട് 328 അയൽക്കൂട്ടങ്ങൾക്ക് പ്രയോജനപ്പെട്ടു. 49 ലക്ഷം രൂപയാണ് ഇത്തരത്തിൽ ജില്ലയിൽ വിതരണംചെയ്‌തത്. തീരദേശത്തുള്ള അയൽക്കൂട്ടങ്ങൾക്കായുള്ള പ്രത്യേക പദ്ധതിയിൽ 86 ലക്ഷം രൂപ റിവോൾവിങ് ഫണ്ടായി നൽകി. 576 അയൽക്കൂട്ടങ്ങൾക്കാണ് സഹായധനം ആശ്വാസമായത്. ആർകെഎൽഎസ് ലോൺ എടുത്തവർ പ്രളയം, ലോക്ക്ഡൗൺ കാലത്ത്‌ തിരിച്ചടവിന്‌ പ്രയാസപ്പെട്ടപ്പോൾ അതിന് സഹായമായി 6.38 കോടിരൂപ അധികതുകയായി  ജില്ലയിൽ വിതരണംചെയ്‌തു. സൂക്ഷ്‌മ സംരംഭങ്ങൾ ആരംഭിക്കാൻ റിവോൾവിങ് ഫണ്ടായി ഒമ്പതുകോടിയും നൽകി. 
 

സഹായഹസ്‌തം

ലോക്ക്ഡൗണിൽ ദുരിതമനുഭവിച്ചവർക്കായി തുടങ്ങിയ മുഖ്യമന്ത്രിയുടെ സഹായ ഹസ്‌തം ലോൺ ഇനത്തിൽ 133.27 കോടിരൂപയാണ് ജില്ലയിൽ വിതരണം ചെയ്‌തത്. 1,74,144 പേർക്കാണ് സഹായഹസ്‌തം പിന്തുണയായത്. ഒരു കുടുംബത്തിന് പരമാവധി 20,000 രൂപവരെയായിരുന്നു ലോൺ തുക. ഒരു ബ്ലോക്കിൽ ഒരു സിഡിഎസ് എന്ന നിലയ്‌ക്ക്‌ ഓരോ ബ്ലോക്കിലും മാതൃക സിഡിഎസ് പദ്ധതി പ്രകാരം രണ്ടുലക്ഷം രൂപവീതവും വിതരണംചെയ്‌തു. 
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top