ആലപ്പുഴ
പട്ടിക ജാതി ക്ഷേമസമിതി സംസ്ഥാന ജാഥയ്ക്ക് ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ സ്വീകരണം നൽകി. ഭൂമി, വീട്, മെച്ചപ്പെട്ട വിദ്യാഭ്യാസം, സ്വകാര്യമേഖലയിൽ തൊഴിൽസംവരണം എന്നീ ആവശ്യങ്ങളുന്നയിച്ച് നടത്തുന്ന സെക്രട്ടറിയറ്റ് മാർച്ചിന്റെ പ്രചാരണാർഥമാണ് സംസ്ഥാന സെക്രട്ടറി കെ സോമപ്രസാദ് ക്യാപ്‌റ്റനായ ജാഥ പര്യടനം നടത്തുന്നത്.
വാദ്യമേളങ്ങളുടെയും മുത്തുകുടകളുടെയും അകമ്പടിയോടെയാണ് മങ്കൊമ്പ് തെക്കേക്കര ജങ്‌ഷനിൽനിന്നും ജാഥ ക്യാപ്റ്റനെ സ്വീകരിച്ചത്. ജാഥ അംഗങ്ങൾക്ക് തകഴിയുടെ ‘രണ്ടിടങ്ങഴി’ പുസ്‌തകം നൽകി. സമ്മേളനം എസ് അജയകുമാർ ഉദ്ഘാടനം ചെയ്‌തു. സംഘാടകസമിതി ചെയർപേഴ്സൺ ടി ജി ജലജകുമാരി അധ്യക്ഷയായി. സംഘാടകസമിതി കൺവീനർ ഇ എസ് ശശികുമാർ സ്വാഗതം പറഞ്ഞു. നാടൻപാട്ടുമുണ്ടായി.
തോട്ടപ്പള്ളിയിലെ ബസ്‌സ്‌റ്റോപ്പിൽനിന്ന് മുത്തുക്കുടയുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെയാണ് ജാഥാ ക്യാപ്റ്റനെയും അംഗങ്ങളേയും വരവേറ്റത്. സ്‌പിൽവേക്കു സമീപം ചേർന്ന സമ്മേളനത്തിൽ പുറക്കാട് പഞ്ചായത്ത് പ്രസിഡന്റ് എ എസ് സുദർശനൻ അധ്യക്ഷനായി. കെ കൃഷ്‌ണമ്മ സ്വാഗതം പറഞ്ഞു. വിവിധ മേഖലകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ ജാഥാ ക്യാപ്റ്റൻ മൊമെന്റോ നൽകി അനുമോദിച്ചു.
ഹരിപ്പാട് ഗാന്ധി സ്‌ക്വയറിൽ ഉജ്വാല വരവേൽപ്പ് നൽകി. വൈദ്യുതി ഭവന് സമീപത്തുനിന്ന് വാദ്യമേളങ്ങളോടെയാണ് ജാഥയെ സ്വീകരിച്ചത്. സമ്മേളനത്തിൽ സ്വാഗതസംഘം ചെയർമാൻ കെ മോഹനൻ അധ്യക്ഷനായി. എം ഡി മോഹനൻ സ്വാഗതം പറഞ്ഞു.
കായംകുളം എൽമക്‌സ് ജങ്‌ഷനിൽനിന്ന് വിവിധ വാദ്യമേളങ്ങളുടെയും മുത്തുക്കുടകളുടെയും അകമ്പടിയോടെ ജാഥയെ പാർക്ക് മൈതാനിയിലേക്ക് സ്വീകരിച്ചു. സമ്മേളനത്തിൽ സ്വാഗതസംഘം ചെയർമാൻ പി അരവിന്ദാക്ഷൻ അധ്യക്ഷനായി.
ചാരുംമൂട്ടിൽ ജാഥാംഗങ്ങളെ വാദ്യമേളങ്ങളുടെ അകമ്പടിയോടെയാണ് വേദിയിലേക്ക് സ്വീകരിച്ചത്. സമ്മേളനം എസ് അജയകുമാർ ഉദ്ഘാടനം ചെയ്‌തു. എം എസ് അരുൺകുമാർ എംഎൽഎ അധ്യക്ഷനായി.
ജാഥയുടെ സമാപന സമ്മേളനം മാന്നാറിൽ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം സജി ചെറിയാൻ എംഎൽഎ ഉദ്ഘാടനം ചെയ്‌തു. സ്വാഗതസംഘം ചെയർമാൻ പ്രൊഫ. പി ഡി ശശിധരൻ അധ്യക്ഷനായി.
വൈസ് ക്യാപ്റ്റൻ വണ്ടിത്തടം മധു, മാനേജർ വി ആർ ശാലിനി, ജാഥാംഗങ്ങളായ എസ് അജയകുമാർ, കെ ശാന്തകുമാരി എംഎൽഎ, സി കെ ഗിരിജ എന്നിവർ വിവിധ കേന്ദ്രങ്ങളിൽ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..