21 August Wednesday

വിഷരഹിത ക‌ൃഷിയുമായി "സമൃദ്ധി'

കെ എസ‌് ഗിരീഷ‌്Updated: Saturday Jun 29, 2019

ചെട്ടികുളങ്ങര പഞ്ചായത്തിലെ ഹരിതകം ജെഎൽജിയുടെ എള്ളുകൃഷി

ആലപ്പുഴ
ആലപ്പുഴയിൽ വിഷരഹിത ക‌ൃഷിയുമായി കുടുംബശ്രീ "സമൃദ്ധി'. കുടുംബശ്രീ നേത‌ൃത്വത്തിലുള്ള വനിതാ ക‌ൃഷിസംഘങ്ങളുടെ (ജെഎൽജി) ശാക‌്തീകരണവും ജൈവക‌ൃഷിയുടെ പ്രചാരണവും ലക്ഷ്യമിട്ടാണ‌് "സമൃദ്ധി' നടപ്പാക്കുന്നത‌്. കുടുംബശ്രീ മിഷൻ 2019–-20 സാമ്പത്തികവർഷം സംസ്ഥാനതലത്തിൽ നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായാണിത‌്. പ്രളയം തകർത്ത കാർഷികസംഘങ്ങളെ കൈപിടിച്ച‌് ഉയർത്തുകയാണ‌് ലക്ഷ്യം.  
മൂല്യവർധിത ഉൽപ്പന്ന നിർമാണ യൂണിറ്റ‌്, അഗ്രി ബിസിനസ് സംരംഭം, പ്ലാന്റ് നഴ്സറി എന്നിവ ബ്ലോക്കുകളിൽ ആരംഭിക്കും. പരിശീലനം, സെമിനാർ, കാർഷിക ഉത്സവം, ബാങ്ക് ലിങ്കേജ് മേള, ആധുനിക സാങ്കേതികവിദ്യ പരിചയപ്പെടുത്തൽ, വിപണനമേള തുടങ്ങി വിപുലമായ പ്രവർത്തനങ്ങളും സംഘടിപ്പിക്കും.
നിലവിൽ അയൽക്കൂട്ട അംഗങ്ങളുടെ 10 ശതമാനമാണ് സംഘക‌ൃഷിയിൽ സജീവം. ഇത് 30 ശതമാനമായി ഉയർത്തും. ഓരോ സിഡിഎസും കുറഞ്ഞത് 10 ഏക്കർ തരിശുഭൂമി ക‌ൃഷിയോഗ്യമാക്കണം.
നിർജീവമായ ക‌ൃഷിസംഘങ്ങളിൽ 50 ശതമാനം പുനരുജ്ജീവിപ്പിക്കുകയെന്നതും ലക്ഷ്യമാണ‌്. ജില്ലയിൽ ആകെ 5708 ക‌ൃഷിസംഘങ്ങളുണ്ട‌്. ഇതിൽ 1468 എണ്ണം നിർജ്ജീവമാണ‌്. പ്രളയത്തെത്തുടർന്നാണ‌് ഇവ നിർജീവമായതെന്നും 734 എണ്ണം ഈ സാമ്പത്തികവർഷം സജീവമാക്കുമെന്നും ജില്ലാ മിഷൻ കോ-–-ഓർഡിനേറ്റർ ജെ പ്രശാന്ത് ബാബു പറഞ്ഞു. 
ക‌ൃഷിസംഘങ്ങളിൽ 40 ശതമാനത്തെ ജൈവക‌ൃഷി സംഘങ്ങളാക്കി മാറ്റും. മണ്ണ്, ജലം, സസ്യം എന്നിവ പരിശോധിച്ച് പൂർണമായും രാസമാലിന്യ വിമുക്തമെന്ന് ഉറപ്പാക്കിയശേഷമേ ജൈവക‌ൃഷി സംഘമായി പരിഗണിക്കൂ. മൂന്നുവർഷത്തെ നിരന്തര പരിശോധനയ‌്ക്കുശേഷമാണ‌് സാക്ഷ്യപത്രം നൽകുക. 
ക‌ൃഷിവകുപ്പ്, ദേശീയ തൊഴിലുറപ്പ് പദ്ധതി, ഫിഷറീസ‌്‌വകുപ്പ് എന്നിവയുമായി ‌ചേർന്ന‌് നടത്തുന്ന പ്രവർത്തനത്തിലൂടെ പരമാവധി സാമ്പത്തിക ആനുകൂല്യങ്ങളും സാങ്കേതികസഹായവും ലഭ്യമാക്കും. 
 മൂല്യവർധിത ഉൽപ്പന്നത്തിന്റെ ഉൽപ്പാദന–-വിപണനത്തിനാവശ്യമായ പരിശീലനവും സാങ്കേതിക–-സാമ്പത്തിക സഹായവും ലഭ്യമാക്കും. 
പദ്ധതിയുടെ മേൽനോട്ടത്തിനായി  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി വേണുഗോപാൽ ചെയർമാനായി ജില്ലാ ക്യാമ്പയിൻ സമിതി രൂപീകരിച്ചു. തദ്ദേശഭരണ സ്ഥാപനങ്ങളിൽ പ്രാദേശിക ക്യാമ്പയിൻ സമിതി രൂപീകരിച്ചു. വാർഡ് ക്യാമ്പയിൻ സമിതിയും രൂപീകരിക്കും. വിശദമായ രൂപരേഖയും പ്രവർത്തന കലണ്ടറും ജില്ലാ മിഷൻ തയ്യാറാക്കി എല്ലാ വാർഡ് സമിതിക്കും നൽകും.
മികച്ച പ്രവർത്തനം നടത്തുന്ന ജെഎൽജി, സിഡിഎസ‌് മറ്റ് സ്ഥാപനം, എന്നിവ‌യ‌്ക്ക‌് പുരസ‌്കാരം നൽകും. 
പ്രധാന വാർത്തകൾ
 Top