12 July Sunday

നിങ്ങളൊരു മരംനട്ടാൽ മാത്രം മതി

യു വിനയൻUpdated: Friday May 29, 2020
ആലപ്പുഴ
ആഘോഷങ്ങളില്ല, പകരം പ്രക‌ൃതിക്കായി തണൽ നടാനുള്ള സന്ദേശമാണ്‌‌ സഞ്‌ജുവിന്റെയും സോനുവിന്റെയും വിവാഹം. പരിസ്ഥിതിദിനത്തിൽ മരം നട്ട്‌ സുഹ‌ൃത്തുക്കളും ബന്ധുക്കളും ആ സന്തോഷത്തിന്റെ ഭാഗമാകും. പത്തനംതിട്ട അടൂർ മാട്ടവിളയിൽ സോമന്റെയും ശോഭനയുടെയും മകനാണ്‌ സഞ്‌ജു. ത‌ൃശൂർ തലപ്പിള്ളി തൈവളപ്പിൽ വീട്ടിൽ സുകുമാരന്റെയും സ്‌നേഹലതയുടെയും മകളാണ്‌ സോനു.
സെപ്‌തംബറിൽ വിവാഹം നടത്താനായിരുന്നു തീരുമാനം. എന്നാൽ ഇരുവരുടെയും ആഗ്രഹത്തെതുടർന്ന്‌ ജൂൺ അഞ്ച്‌ പരിസ്ഥിതിദിനത്തിലേക്ക്‌ മാറ്റി. ആഘോഷവേളയിൽ പുറംതള്ളുന്ന കാർബൺ തോത്‌ പരമാവധി കുറയ്‌ക്കുക, വിവാഹച്ചെവല്‌ കുറയ്‌ക്കുക, പ്ലാസ്‌റ്റിക്‌ ഉപയോഗം ഒഴിവാക്കുക തുടങ്ങിയവയിലൂന്നിയാണ്‌ വിവാഹം. ‘ജൻ റി’ വിവാഹമെന്നാണ്‌ ഇതിനെ വിശേഷിപ്പിക്കുന്നത്‌.  
ഒരുമരം നട്ട്‌ എല്ലാവരും തങ്ങളുടെ സന്തോഷത്തിൽ പങ്കാളിയാകണമെന്നാണ്‌ വിവാഹക്ഷണം. വീഡിയോയും പുറത്തിറക്കിയിട്ടുണ്ട്‌. തിരുവനന്തപുരം കേന്ദ്രീകരിച്ച്‌ പ്രവർത്തിക്കുന്ന ഓം സ്‌റ്റാർട്ട്‌‌ അപ്‌ ആണ്‌ വീഡിയോ ഒരുക്കിയത്‌.‌ 
 സാധാരണ വിവാഹവേളയിൽ വാഹനങ്ങളിൽനിന്നും ജനറേറ്റർ ഉൾപ്പെടെയുള്ളവയുടെ ഉപയോഗത്തിൽനിന്നും‌ 20 മുതൽ 30 ടൺവരെ കാർബൺ പുറന്തള്ളപ്പെടുന്നതായാണ്‌ കണക്ക്‌. ഇത്‌ അഞ്ച്‌ ടണ്ണിന്‌ തഴെയാക്കാനാണ്‌ ലക്ഷ്യമിടുന്നത്‌. മരം നടുന്നവരുടെ ചിത്രവും വീഡിയോയിൽ ഉൾപ്പെടുത്തും. 
40 പേരാണ്‌ വിവാഹത്തിൽ പങ്കെടുക്കുക. ബാക്കിയുള്ളവർക്ക്‌ ഫെയ്‌സ്‌‌ബുക്ക്‌, ഇൻസ്‌റ്റഗ്രാം എന്നിവയിലൂടെ ചടങ്ങ്‌ കാണാൻ സൗകര്യമുണ്ടാകും.
കോവിഡ്‌  ദുരിതബാധിതർക്ക്‌ ധനസമാഹരണവും വിവാഹദിനത്തിൽ നടക്കും. സഞ്‌ജുവും സോനുവും തങ്ങളുടെ സമ്പാദ്യത്തിന്റെ ഒരുപങ്ക്‌ ഇതിനായി മാറ്റിവയ്‌ക്കും. ഒറ്റപ്പെട്ട്‌ കഴിയുന്ന അമ്മമാർ, കിഡ്‌നി രോഗികൾ, അനാഥാലയങ്ങൾ എന്നിവയ്‌ക്കാണ്‌ സഹായമെത്തിക്കുക. mailaap.org/fundraisers/support--sanju--7 വഴിയാണ്‌ ധനസമാഹരണം.
 മുംബൈ ടാറ്റ ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ സോഷ്യൽ സയൻസിൽനിന്ന്‌ കാലാവസ്ഥാവ്യതിയാനവും സുസ്ഥിരവികസനവും വിഷയത്തിൽ ബിരുദാനന്തര ബിരുദം നേടിയ സഞ്‌ജു എ ട്രീ (അശോക ട്രസ്‌റ്റ്‌ ഫോർ റിസർച്ച്‌ ഇൻ ഇക്കോളജി ആൻഡ്‌ എൻവയോൺമെന്റ്‌) എൻജിഒ കൺസൽട്ടന്റും ആലപ്പുഴ ഭവ സ്‌റ്റാർട്ട്‌‌ അപ്‌‌ സ്ഥാപകനുമാണ്‌. 35 പേർക്ക്‌ ഭവ തുണിബാഗ്‌ നിർമാണത്തിന്‌ പരിശീലനം നൽകുന്നുണ്ട്‌. തുണിമാലയും ബൊക്കയുമാണ്‌ വിവാഹത്തിന്‌ ഉപയോഗിക്കുന്നത്‌. കോഴിക്കോട്‌ എൻഐടിയിൽ പഠിച്ചിറങ്ങിയ സോനു ടൗൺ പ്ലാനറാണ്‌.
പ്രധാന വാർത്തകൾ
 Top