02 October Monday

ഓളപ്പരപ്പിൽ മുങ്ങുന്ന ജീവിതം .. (കൊല്ലരുത് കായൽ , കരുതാം നാളേയ്ക്ക് പരമ്പര -1)

സിബി ജോർജUpdated: Wednesday Mar 29, 2023

വേമ്പനാട്ട് കായൽ

 ‘‘വൈക്കത്തഷ്ടമിക്ക്‌ കൊഞ്ച്‌ തൊഴാൻ പോകുമെന്നൊരു പഴഞ്ചൊല്ല്‌ ഞങ്ങൾ കായലിൽ പണിയെടുക്കുന്നവർ പറയാറുണ്ട്‌,  തണ്ണീർമുക്കം ബണ്ടിനപ്പുറമാണ്‌ വൈക്കം കായൽ.  ലവണാംശമുള്ള വെള്ളത്തിലാണ്‌ കൊഞ്ച്‌ മുട്ടയിടുക. അവിടെ ഉപ്പുവെള്ളമായതിനാൽ കായലിൽ നിന്ന്‌ കൊഞ്ച്‌ അവിടേക്ക്‌ സഞ്ചരിക്കും’’–-കായലിനെ അറിയാവുന്നവർക്ക്‌  പതിരല്ലാത്ത ഈ പഴഞ്ചൊല്ല്‌ വിശദീകരിച്ചത്‌ കുമരകം സ്വദേശി തോപ്പിൽ അച്ചൻകുഞ്ഞ്‌.

കായലിന്റെ അടിത്തട്ടും കര പോലെ സുപരിചിതമാണ്‌ അച്ചൻകുഞ്ഞിന്‌.  വെള്ളത്തിനടിയിൽ നിന്ന്‌ കരിമീൻ പിടിക്കുന്ന  ‘വെള്ളവലി’യെന്ന മീൻപിടിത്തമാണ്‌ 53 വർഷമായി അച്ചൻകുഞ്ഞിന്റെ തൊഴിൽ. പതിനഞ്ചാംവയസിൽ തുടങ്ങിയ ജോലി 69–-ാം വയസിലും തുടരുന്ന ഇദ്ദേഹത്തിന്‌ കായൽ നാൾക്കുനാൾ മലിനപ്പെടുന്നത്‌ വ്യക്തം. ‘പണ്ടൊക്കെ ഓരുവെള്ളം കയറിയിറങ്ങുന്ന കാലത്ത്‌ കായലിന്‌ അടിത്തട്ട്‌ സ്‌ഫടികം പോലെയാണ്‌.

എത്ര താഴ്‌ചയിലേക്കും മുങ്ങാംകുഴിയിടാം. ഇപ്പോൾ 15 അടിയ്‌ക്കപ്പുറം പോകാനാകില്ല. പലയിടത്തും എക്കലടിഞ്ഞു, കരിമീൻ മുട്ടവിരിയ്‌ക്കുന്ന ചൂളകൾ എങ്ങും കാണാനില്ല’. കായലിൽ ഏതൊക്കെ തരം മീനുണ്ടായിരുന്നതിനും അച്ചൻകുഞ്ഞിന്റെ പക്കൽ തെളിവുണ്ട്‌. ‘മത്സ്യസൊസൈറ്റിയിൽ 60ൽപരം മീനുകൾ ടെൻഡറിലൂടെ എടുക്കുമായിരുന്നു.   കരിമീനും പൂമീനും കണമ്പും മഞ്ഞക്കൂരിയും കതിരാനും ഞണ്ടുമടക്കം മീൻപിടിത്തക്കാർ കൊണ്ടുവരും. വിലയ്‌ക്ക്‌ എടുക്കുന്ന മീനുകളുടെ പേരെല്ലാം നോട്ടീസ്‌ ബോർഡിലും.   ഇന്ന്‌ നാലോ അഞ്ചോ തരം മീനുകൾ മാത്രം’. -അച്ചൻകുഞ്ഞ്‌ പറഞ്ഞ കണക്കുകൾ ശരിവയ്‌ക്കുന്നതാണ്‌  കേരള മത്സ്യബന്ധന സമുദ്രഗവേഷണ സർവകലാശാല(കുഫോസ്) യുടെ    പഠനറിപ്പോർട്ട്‌. 

മന്ത്രി സജി ചെറിയാന്‌ കൈമാറിയ റിപ്പോർട്ടിൽ കായൽ നശീകരണത്തിന്റെ വ്യാപ്‌തി ആഴത്തിൽ വിശദീകരിക്കുന്നു. കായൽ വിസ്തൃതിയിൽ 40 ശതമാനത്തിലേറെ കുറവുണ്ടായതായി ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ കായൽ കമ്മിഷൻ റിപ്പോർട്ടും പറയുന്നു. കായൽ കൈയേറ്റങ്ങളുടെ സ്വഭാവം പഠിക്കുന്നതിനും പാരിസ്ഥിതിക പുനരുജ്ജീവനം സാധ്യമാക്കുന്നതിനുമുള്ള നിർദ്ദേശങ്ങൾ സമർപ്പിക്കുന്നതിന്‌ 2013-ൽ പ്രൊഫ. പ്രഭാത്  പട്‌നായിക് ചെയർമാനും ഡോ. സി ടി എസ്  നായർ മെമ്പർ സെക്രട്ടറിയുമായി കമീഷനെ പരിഷത്ത് നിയോഗിച്ചിരുന്നു. ഈ റിപ്പോർട്ടും സർക്കാരിന്‌ സമർപ്പിച്ചു. 
(പിടി കൊടുക്കാതെ അർബുദം 
അതേക്കുറിച്ച് നാളെ ‍)

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top