28 May Thursday

വാനരന്മാര്‍ക്കുമിടമുണ്ട് വിശപ്പുരഹിത കേരളത്തിൽ

സ്വന്തം ലേഖകൻUpdated: Sunday Mar 29, 2020
ചെങ്ങന്നൂർ
ശാർങക്കാവിലെ വാനരന്മാർ ഇനി പട്ടിണി കിടക്കേണ്ട. അവര്‍ക്കായി ഭക്ഷണവിതരണം ആരംഭിച്ചു. ശനിയാഴ്‌ച സജി ചെറിയാന്‍ എംഎല്‍എയുടെ നേത‌ൃ-ത്വത്തില്‍ കാവിലെത്തി ഭക്ഷണം വിതരണംചെയ്‌തു. കാവിലെ നൂറുകണക്കിന് കുരങ്ങന്മാരാണ് ദിവസങ്ങളായുള്ള പട്ടിണിയിൽനിന്ന്‌ മോചിതരായത്. 
 കായ്കനികൾ തിന്ന് ജീവിച്ച കുരങ്ങുകളുടെ എണ്ണം കൂടിയതോടെ ആഹാരം തികയാതെ കാവ് വിട്ട്‌ പുറത്തുവരാൻ തുടങ്ങി. ക്ഷേത്രപൂജകൾക്കുള്ള നേദ്യങ്ങളുടെ പങ്ക് തികയാതെ വന്നപ്പോള്‍ കൂട്ടമായി നാട്ടിലിറങ്ങി. സമീപവീടുകളിലെ ആഹാരസാധനങ്ങൾ കവരുന്നതും ക‌ൃഷി നശിപ്പിക്കുന്നതും പതിവായി. നാട്ടുകാരിൽ ചിലർ നൽകുന്ന ഭക്ഷണവും ക്ഷേത്ര ദർശനത്തിനെത്തുവർ കാവിലെത്തി നൽകുന്ന പഴവർ​ഗങ്ങളുമായിരുന്നു വാനരപ്പടയുടെ ആശ്രയം. കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി ക്ഷേത്രപൂജകൾ ചുരുക്കിയതും ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതും കുരങ്ങന്മാരുടെ അന്നംമുട്ടിച്ചു. വീണ്ടും നാട്ടിലിറങ്ങി വീടുകളിൽ കടന്നുകയറുകയും ക‌ൃഷി നശിപ്പിക്കുകയും ചെയ്യുമോ എന്ന ആശങ്കയിലായിരുന്നു നാട്ടുകാർ.
 തെരുവുനായ്‌ക്കൾക്കും കാവുകളിലെ കുരങ്ങുകൾക്കും ഭക്ഷണമെത്തിക്കണമെന്ന മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമാണ് കുരങ്ങുകള്‍ക്ക് ഭക്ഷണമെത്തിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് ലെജുകുമാർ, ജില്ലാ പഞ്ചായത്തംഗം ജെബിൻ പി വർ​ഗീസ്, ക്ഷേത്ര സംരക്ഷണ സമിതി സെക്രട്ടറി ഹരീഷ്, ട്രസ്‌റ്റി രാധാക‌ൃഷ്‌ണൻനമ്പൂതിരി, റെനീഷ് രാജൻ,  അഫ്സൽ തുടങ്ങിയവർ പങ്കെടുത്തു.
തുടർന്നുള്ള ദിവസങ്ങളിൽ ഡിവൈഎഫ്ഐ വെൺമണി ഈസ്‌റ്റ്‌ മേഖലാ കമ്മിറ്റി ഭക്ഷണം എത്തിക്കും. ഇലഞ്ഞിമേൽ,  വള്ളിക്കാവ് ക്ഷേത്രക്കാവുകളിലെ കുരങ്ങുകൾക്കുള്ള ഭക്ഷണം ബുധനൂർ പഞ്ചായത്ത് വൈസ്‌പ്രസിഡന്റ് പുഷ്‌പലത മധു ക്ഷേത്ര ഭാരവാഹികൾക്ക് കൈമാറി.
പ്രധാന വാർത്തകൾ
 Top