02 December Wednesday

വിളിക്കൂ; ‘ഡോക്‌ടര്‍ ഓൺലൈനി’ലുണ്ട്‌

സ്വന്തം ലേഖകൻUpdated: Sunday Mar 29, 2020
ആലപ്പുുഴ
ഡോക്‌ടർ ഇൻ, ഡോക്‌ടർ ഔട്ട് തുടങ്ങിയ ബോർഡുകൾ കണ്ട് പരിചയിച്ച ആലപ്പുഴയിലെ രോഗികളെത്തേടി ഡോക്‌ടർ ഓൺലൈനിലെത്തും. ജില്ലാ മെ‍ഡിക്കൽ ഓഫീസും ആലപ്പുഴ മെഡിക്കൽ കോളേജും ജില്ല ഭരണസംവിധാനവും ചേർന്നാണ്‌ ഓൺലൈൻ കൺസൾട്ടേഷൻ സൗകര്യമൊരുക്കുന്നത്‌. ഏത് തരത്തിലുള്ള രോഗബാധിതർക്കും ഓൺലൈൻ കൺസൾട്ടേഷന് സൗകര്യമുണ്ട്. 
രോഗികൾ 04772961576 എന്ന നമ്പറിൽ വിളിച്ച്  രജിസ്‌റ്റർ ചെയ്യണം. വിളിക്കുമ്പോൾ നിലവിലുള്ള രോഗം സംബന്ധിച്ച് ചെറിയ വിവരണം നൽകണം. ഇത് കഴിഞ്ഞാൽ അതാത്‌ മേഖലയിലെ ഡോക്‌ടർ നിങ്ങളെ തിരിച്ചുവിളിക്കും. വാട്‌സ്‌ആപ്പ് കോൾവഴിയാണ് ഡോക്‌ട ബന്ധപ്പെടുക. 
 ഡോക്‌ടർ വിവരങ്ങൾ എല്ലാം കേട്ടശേഷം മരുന്നുകൾ നിർദ്ദേശിക്കും. കൂടുതൽ പരിശോധന ആവശ്യമാണെങ്കിൽ അതിനുള്ള നിർദ്ദേശങ്ങൾ നൽകും. നേരിട്ട് കാണേണ്ട സാഹചര്യത്തിൽ അക്കാര്യവും അറിയിക്കും. 
 ബന്ധപ്പെട്ട വകുപ്പിലെ ഡോക്‌ടർ അദ്ദേഹത്തിന്റെ സമയക്രമം അനുസരിച്ചായിരിക്കും ബന്ധപ്പെടുക. കോവിഡ് 19 നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ പലർക്കും ഡോക്‌ടറെ കാണാൻ നേരിട്ട് എത്താൻ ബുദ്ധിമുട്ട് നേരിടുന്ന സാഹചര്യത്തിലാണ് ഈ സൗകര്യം. ജനറൽ മെഡിസിൻ, പീഡിയാട്രിക്‌സ്‌, ഗൈനക്കോളജി, റെസ്‌പിറേറ്ററി മെഡിസിൻ, ഇഎൻടി, ഒഫ്ത്താൽമോളജി, സർജറി, നെഫ്റോളജി, ഓങ്കോളജി, ഡെർമറ്റോളജി, സൈക്കാട്രി, ഓർത്തോ, ന്യൂറോളജി, ഫിസിക്കൽ മെഡിസിൻ, റേഡിയോതെറാപ്പി, യൂറോളജി, സിവിടിഎസ് തുടങ്ങിയ വിഭാഗങ്ങളിലെ ഡോക്‌ടർമാരുടെ സേവനമാണ് ഇപ്പോൾ ലഭ്യമാക്കിയത്.

ആദ്യദിനം 46 കോളുകൾ

ആലപ്പുഴ
കോവിഡ്19ന്റെ പശ്ചാത്തലത്തിൽ ജില്ലയിൽ രോഗികൾക്ക് സഹായമായി ആരംഭിച്ച ‘ഡോക്‌ടർ ഓൺലൈൻ' പദ്ധതിയിൽ ആദ്യ ദിവസം സഹായത്തിന് വിളിച്ചത് 46 പേര്‍. 
പനി, ചുമ, ശരീരത്തിൽ കുരു തുടങ്ങിയവ എന്തെങ്കിലും രോഗ ലക്ഷണമാണോയെന്ന സംശയമായിരുന്നു പലർക്കും.ഓർത്തോ, പീഡിയാട്രിക്‌സ്‌, യൂറോളജി, നെഫ്രോളജി എന്നിവ സംബന്ധിച്ച സംശയങ്ങള്‍ക്കായും നിരവധിപേര്‍ വിളിച്ചു. പദ്ധതി യഥാര്‍ഥ്യമാണോ എന്ന് പരിശോധിക്കാനും ചിലര്‍ വിളിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top