17 May Tuesday

ആലപ്പുഴ മണ്ഡലത്തിൽ
ആര്‍ടിപിസിആറിന് 200 രൂപ

വെബ് ഡെസ്‌ക്‌Updated: Saturday Jan 29, 2022

ആലപ്പുഴ മണ്ഡലത്തിലെ ബ്ലോക്ക് –പഞ്ചായത്ത് ഭാരവാഹികളുടെയും സെക്രട്ടറിതല ഉദ്യോഗസ്ഥരുടെയും യോഗത്തിൽ പി പി ചിത്തരഞ്ജൻ എംഎൽഎ സംസാരിക്കുന്നു

ആലപ്പുഴ
ആർടിപിസിആർ ഫലം 24 മണിക്കൂറിനുള്ളിൽ ലഭ്യമാക്കാൻ ആലപ്പുഴ മണ്ഡലത്തിൽ സംവിധാനമൊരുക്കിയതായി പി പി ചിത്തരഞ്ജൻ എംഎൽഎ. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ അവലോകനം ചെയ്യാൻ ചേർന്ന ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് ഭാരവാഹികളുടെയും സെക്രട്ടറിതല ഉദ്യോഗസ്ഥരുടെയും യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘സാൻഡോർ' സ്ഥാപന ശൃംഖലയുമായി ചേർന്ന് 200 രൂപ നിരക്കിൽ നിശ്ചയിക്കുന്ന കേന്ദ്രങ്ങളിൽ പരിശോധന നടത്താൻ ക്രമീകരണമായി.
ആര്യാട് ബ്ലോക്ക് പഞ്ചായത്തിൽ പുനരാരംഭിച്ച സിഎഫ്എൽടിസിയുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കും. കിടപ്പുരോഗികൾക്കും കോവിഡ് രോഗബാധിതർക്കും ഭക്ഷണം ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. മണ്ഡലത്തിലെ എല്ലായിടത്തും ആംബുലൻസ് സേവനം ലഭ്യമാക്കും.
പ്രതിരോധ പ്രവർത്തനങ്ങൾക്കായി എംഎൽഎ ഓഫീസിൽ കൺട്രോൾ റൂം പ്രവർത്തിക്കും. മണ്ഡലത്തിൽ കോവിഡിനെ പ്രതിരോധിക്കാൻ സമഗ്ര മാസ്‌റ്റർപ്ലാൻ തയ്യാറാക്കിയിട്ടുണ്ടെന്നും പി പി ചിത്തരഞ്ജൻ എംഎൽഎ പറഞ്ഞു. എംഎൽഎ ഓഫീസ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ടെലി മെഡിസിൻ സംവിധാനത്തിന്റെ നമ്പർ: 9447792546. രാവിലെ 10 മുതൽ വൈകിട്ട്‌ ആറുവരെയാണ് സൗകര്യം.
ആര്യാട് ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ ചേർന്ന യോഗത്തിൽ പ്രസിഡന്റ് കെ ഡി മഹീന്ദ്രൻ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേശ്വരി, ജില്ലാ പഞ്ചായത്തംഗം അഡ്വ. ആർ റിയാസ്, ആര്യാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇന്ദിര തിലകൻ, സ്ഥിരംസമിതി അധ്യക്ഷൻ എം രജീഷ്, പഞ്ചായത്ത് പ്രസിഡന്റുമാരായ പി പി സംഗീത, സുദർശനാഭായ്, ജി ബിജുമോൻ, സ്വപ്‌ന ഷാബു, മണ്ണഞ്ചേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി എ ജുമൈലത്ത് എന്നിവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top