07 August Friday

ചങ്ങലപൊട്ടിച്ച്‌ നമ്മൾ യാത്ര തുടരും

കെ എസ്‌ ഗിരീഷ്‌Updated: Sunday Jun 28, 2020

ആലപ്പുഴയിൽ നിന്ന്‌ കെഎസ്‌ആർടിസി ബസിൽ കോവിഡ്‌ സുരക്ഷാ സന്നാഹങ്ങളോടെ യാത്രചെയ്യുന്നവർ

ആലപ്പുഴ

‘‘പേടിയോടെയാണ്‌ വണ്ടിയിൽ കയറുന്നത്‌. സീറ്റിൽ ഇരുന്നാൽ ഉടൻ കൈകൾ സാനിറ്റൈസ്‌ ചെയ്യും. ടിക്കറ്റെടുത്തശേഷം ബാക്കി തരുമ്പോഴും സൂക്ഷിച്ചാണ്‌ വാങ്ങുക. പണം ബാഗിൽ വച്ചശേഷം കൈകൾ വീണ്ടും കഴുകും. മറ്റ്‌ യാത്രക്കാരും സുരക്ഷ പാലിക്കുന്നുണ്ടോ എന്ന്‌ സദാ നിരീക്ഷിക്കും‌ ’’–- ആലപ്പുഴയിലെ സ്വകാര്യസ്ഥാപനത്തിൽ ജോലിചെയ്യുന്ന- ചേർത്തല സ്വദേശിനി വത്സലയുടെ പ്രതികരണത്തിൽ കോവിഡ്‌ കാലത്തെ നിതാന്തജാഗ്രതയുണ്ട്‌. 

‘‘സീറ്റിൽ ഒരാൾകൂടി വന്നിരിക്കുമ്പോൾ ഉള്ളിടിക്കും. എല്ലാവരും അവരവരുടെ സുരക്ഷ നോക്കിയാൽ പ്രശ്‌നമുണ്ടാവില്ല. പേടിച്ചിരുന്നാൽ മുന്നോട്ടുപോകാനാകില്ലല്ലോ. അതിനാൽ പുതിയ രീതി ശീലമാക്കുകയാണ്‌’’–- മങ്കൊമ്പ്‌ സ്വദേശി ബിനിലിന്റെ പ്രതികരണം ഇങ്ങിനെ. കോവിഡ്‌ കാലത്തെ ബസ്‌ യാത്രയുടെ നേർസാക്ഷ്യങ്ങളാണിത്‌. യാത്രയിലെ ഭീതി സുരക്ഷയെ കരുതിയുള്ള മുന്നൊരുക്കങ്ങളിൽ ഇല്ലാതെയാകുന്നു.  

‘‘സുരക്ഷ പാലിക്കുന്നതിനാൽ ധൈര്യത്തോടെ ജോലി ചെയ്യുകയാണ്‌. കൈകൾ  ഇടയ്‌ക്കിടെ കഴുകും. വീട്ടിലെത്തിയാൽ വസ്‌ത്രം മാറിയേ ഉള്ളിൽ കയറൂ’’ –-ആലപ്പുഴ ഡിപ്പോയിലെ  കണ്ടക്‌ടർ ഷാനിദ്‌ അഹമ്മദിന്റെ കരുതൽ എല്ലാ കാര്യത്തിലുമുണ്ട്‌. 

 ബസ്‌ ജീവനക്കാരും പുതിയ സാഹചര്യത്തിനൊപ്പം ജാഗ്രതയോടെ സഞ്ചരിക്കുകയാണ്‌. സ്വകാര്യ ബസുകളിലും സുരക്ഷാമാനദണ്ഡം പാലിച്ചാണ് യാത്ര. യാത്രക്കാർ ബസിൽ കയറുമ്പോഴേ ‌ മാസ്‌ക്‌  ഉറപ്പാക്കുമെന്ന്‌  ഷാനിദ്‌ പറഞ്ഞു. ഭൂരിഭാഗം പേരും സാനിറ്റൈസറും കരുതിയാണ്‌ വരുന്നത്. 

  ജില്ലയിലെ എല്ലാ കെഎസ്‌ആർടിസി ഡിപ്പോകളിൽനിന്നും 70 ശതമാനത്തോളം സർവീസ്‌ നടത്തുന്നു‌.‌ ആലപ്പുഴ ഡിപ്പോയിൽനിന്ന്‌ 50 ഷെഡ്യൂൾ ഇപ്പോഴുണ്ട്‌. തിങ്കളാഴ്‌ചകളിൽ ഇത്‌ 55 ആകും. ആരോഗ്യ പ്രവർത്തകർക്കായി വണ്ടാനം മെഡിക്കൽ കോളേജിലേക്ക്‌  ദിവസവും പ്രത്യേക സർവീസുണ്ട്‌. അതിഥിത്തൊഴിലാളികൾക്കായും സർവീസ്‌ നടത്തുന്നുണ്ട്‌. 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top