08 July Wednesday
ആലസ്യം വെടിഞ്ഞ് ആലപ്പുഴ

പൈത‌ൃക നഗരമൊരുങ്ങുന്നു

ജിജി ചന്ദ്രൻUpdated: Thursday May 28, 2020

ആലപ്പുഴ ബീച്ച്‌ കടൽപ്പാലത്തിന്റെ രൂപരേഖ

ആലപ്പുഴ
കോവിഡ് നിയന്ത്രണങ്ങളുടെ ആലസ്യം വിട്ടൊഴിഞ്ഞ് ആലപ്പുഴ വീണ്ടും സജീവമാകുകയാണ്‌. നൂറ്റാണ്ടുകളുടെ ചരിത്രം പേറുന്ന പട്ടണം പാരമ്പര്യവും സവിശേഷതയും വീണ്ടെടുക്കാനൊരുങ്ങുന്നു. മന്ത്രി ടി എം തോമസ് ഐസക് വിഭാവനംചെയ്‌ത പൈത‌ൃക പദ്ധതിയും പുരോഗമിക്കുകയാണ്‌. പൈത‌ൃകസംരക്ഷണം, മ്യൂസിയം ശ‌ൃംഖല, കൺവൻഷൻ സെന്റർ, പ്രദർശനവേദി എന്നിങ്ങനെ നിരവധി  പദ്ധതികളാണുള്ളത്‌. 200 കോടി രൂപയാണ്‌ ചെലവ്‌‌. 60 ശതമാനത്തോളം ഇതിനകം പൂർത്തിയായി.
കെട്ടിടങ്ങളെയും നിർമിതികളെയും തനിമ നഷ്‌ടപ്പെടാതെ സംരക്ഷിച്ച്‌ നഗരവികസനമാണ്‌‌ ലക്ഷ്യം. ലിയോ തേർട്ടീന്ത് സ്‌കൂൾ, സിഎസ്ഐ ചർച്ച്, ഗുജറാത്തി സ്‌കൂൾ, ഗുജറാത്തി ടെമ്പിൾ, ഗുജറാത്തി ഹവേലി, ന്യൂ മോഡേൺ സൊസൈറ്റി, ആസ്‌പിൻവാൾ, കൊങ്കിണി ബിൽഡിങ്‌, മുല്ലക്കൽ ക്ഷേത്രം, നെൽപുരം ജുമാമസ്ജിദ്, കിഴക്കേ മഹൽ ജുമാ മസ്ജിദ് തുടങ്ങി നിർമാണവൈഭവം തലമുറകൾക്ക്‌ ആസ്വദിക്കാം.
മ്യൂസിയ ശ‌ൃംഖലയും ഒരുങ്ങുന്നു. ശ്രീനാരായണ ഗുരു, മിഷണറി, കയർ വ്യവസായം, ട്രേഡ് യൂണിയൻ  ഗുജറാത്തി പരമ്പര്യം, ഗാന്ധി മ്യൂസിയം, കന്നിട്ട വ്യവസായം തുടങ്ങി പട്ടിക നീളുന്നു.
കയർ നിർമാണം, തെങ്ങ്, ചകിരി, ചിരട്ട എന്നിങ്ങനെ മൂല്യവർധിത വസ്‌തുക്കൾ, കയർ ചരിത്രം, കയർമേഖലയിലെ മാറ്റം എന്നിവ ദ‌ൃശ്യമാകുന്നതാണ്‌ യാൺ‌ മ്യൂസിയം. ആനന്ദ് പെരുമാളാണ് ഇൻസ്‌റ്റലേഷൻ തയ്യാറാക്കുന്നത്. കയർഫെഡ് കെട്ടിടസമുച്ചയത്തിൽ  പ്രവൃത്തി അതിവേഗം പുരോഗമിക്കുന്നു. നാലുമാസത്തിനകം പൂർത്തിയാകും.
തുറമുഖവകുപ്പിന്റെ പത്തേക്കറിൽ‌ പോർട്ട്‌ മ്യൂസിയംവരും. 41  തുറമുഖങ്ങളുടെ വിവരശേഖരണം പൂർത്തിയായി. പ്രദർശിപ്പിക്കാനുള്ള കപ്പലിന്റെ ഭാഗങ്ങൾ ഗുജറാത്തിലെ അലങ്ങിൽനിന്ന്‌ വാങ്ങി. കെട്ടിടനവീകരണം അവസാനഘട്ടത്തിലാണ്‌.
കയർ ലിവിങ് മ്യൂസിയം ആലപ്പുഴയിലെ വർഗസമരവും തൊഴിലാളി സംഘടനകളും ലോകത്തെമ്പാടുമുള്ള തൊഴിലാളി മുന്നേറ്റവും വിളിച്ചോതും. പുന്നപ്ര–-വയലാർ സമരസേനാനികളുടെ ജീവചരിത്രം മ്യൂസിയത്തിൽ ഉൾപ്പെടുത്തും. 1800 ഓളം സമരസേനാനികളുടെ വിവരശേഖരണം പൂർത്തിയായി.
 ഉൽപ്പാദനസാധ്യത ഉൾക്കൊണ്ടാണ്‌‌‌ ക്വയർ ലിവിങ് മ്യൂസിയം നിർമാണം. മുസിരിസ് ഹെറിറ്റേജ് പ്രോജക്‌ടിനാണ്‌ നടത്തിപ്പ് ചുമതല. ഇൻകെലാണ് നിർമാണം.
ആലപ്പുഴയുടെ ജീവനാഡിയായ കനാലുകളും മാലിന്യമുക്‌തമാകുന്നു.  ആധുനിക സൈക്കിൾ ട്രാക്ക്‌, നടപ്പാത എന്നിയും നിർമിക്കും. മുസിരിസ് ഹെറിറ്റേജ് പ്രോജക്‌ട്‌‌ എംഡി പി എം നൗഷാദ്, ബെന്നി കുര്യാക്കോസ്, ഡോ. കെ ആർ അനിൽ, വിജയകുമാർ ഗോപാലൻ എന്നിവരാണ് പ്രവർത്തനം ഏകോപിപ്പിക്കുന്നത്.
പ്രധാന വാർത്തകൾ
 Top