21 October Wednesday
ഇന്ന്‌ ലോക വിനോദസഞ്ചാര ദിനം

ഡിടിപിസിക്ക്‌ മാത്രം നഷ്‌ടം ഒന്നരക്കോടി

എസ്‌ മനോജ്‌Updated: Sunday Sep 27, 2020

കായൽ ടൂറിസം മേഖല നിശ്‌ചലമായതിനെത്തുടർന്ന്‌ പള്ളാത്തുരുത്തിയിൽ കെട്ടിയിട്ടിരിക്കുന്ന പുരവഞ്ചികൾ

ആലപ്പുഴ
കോവിഡ് –-19നെത്തുടർന്ന്‌ നിശ്‌ചലമായ ആലപ്പുഴ കായൽ ടൂറിസം പ്രതീക്ഷയോടെ കാത്തിരിക്കുന്നത്‌ അടുത്തഘട്ടം ലോക്ക്‌ഡൗൺ  ഇളവുകൾ. ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലി (ഡിടിപിസി)ന് മാത്രം‌ ലോക്ക്‌ഡൗൺകാല വരുമാനനഷ്‌ടം ഏകദേശം ഒന്നരക്കോടിയിലേറെ രൂപയാണ്‌. വിനോദഞ്ചാരമേഖലയുടെ നഷ്‌ടം ഇതിലും എത്രയോ മടങ്ങ്‌ വരും. 
  ലോക വിനോദസഞ്ചാര ദിനാചരണത്തിന്റെ ഭാഗമായി ഞായറാഴ്‌ച മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ സാന്നിധ്യത്തിൽ ഓൺലൈൻ യോഗം  ചേരും‌. ഒക്‌ടോബർ പകുതിയോടെ വിനോദസഞ്ചാര രംഗത്ത്‌ കൂടുതൽ ഇളവുകളും പ്രതീക്ഷിക്കുന്നു. 
  സംസ്ഥാനത്തെ കായൽ വിനോദസഞ്ചാരത്തിന്റെ ഹ‌ൃദയഭൂമിയായ ആലപ്പുഴയിലെ ജീവിതതാളമാണ്‌ പുരവഞ്ചികൾ‌.‌ ഇതായിരുന്നു ഡിടിപിസിയുടെയും മുഖ്യവരുമാനമേഖല. വിദേശികളും മറ്റും കൂടുതലായി യാത്രാബുക്കിങ് നടത്തിയിരുന്നത്‌ ഡിടിപിസിയിലൂടെയായിരുന്നു. ഒരു ബുക്കിങ്ങിന്‌ 500 രൂപമുതൽ 1000 രൂപവരെ ലഭിക്കുമായിരുന്നു. കൗൺസിലിന്‌ സ്വന്തമായി മൂന്നു‌ ബോട്ടുമുണ്ട്‌.
 ബീച്ചിലെ കടകളുടെ വാടകയിനത്തിലും മറ്റുമായി ലഭിച്ചിരുന്ന വരുമാനവും ഇല്ലാതായി. വാഹനവാടക ഇനത്തിലുള്ള വരുമാനവും നിലച്ചു. സർക്കാർ പ്രത്യേകമായി നൽകിയ ഫണ്ട്‌ ഉപയോഗിച്ചാണ് അമ്പതോളം പേർ ജോലിചെയ്യുന്ന ഡിടിപിസിയിൽ‌ കഴിഞ്ഞമാസംവരെ ശമ്പളം നൽകിയത്‌.
 പുരവഞ്ചികളിലും ശിക്കാരവള്ളങ്ങളിലുമുണ്ടായിരുന്ന തൊഴിലാളികളുടെ സ്ഥിതിയും വ്യത്യസ്‌തമല്ല.  ഈ മേഖലയിലെ അയ്യാരത്തിലേറെ തൊഴിലാളികൾ വരുമാനമില്ലാതെ അലയുകയാണ്‌. പലരും മറ്റ്‌ രംഗങ്ങളിലേക്ക്‌ ചുവടുമാറ്റി. പുരവഞ്ചി ഉടമകൾതന്നെ മത്സ്യക‌ൃഷിക്കും പച്ചക്കറിക‌ൃഷിക്കുമായി വഞ്ചികളിൽ രൂപമാറ്റം വരുത്തി.
 കായൽസഞ്ചാരം എന്ന്‌ സാധാരണ നിലയിലാകുമെന്ന്‌‌ ഇപ്പോഴും പ്രവചനം അസാധ്യമാണ്‌. ബസുകളും മറ്റ്‌ വാഹനങ്ങളും  അണുമുക്തമാക്കുന്നതുപോലെ എളുപ്പത്തിൽ പുരവഞ്ചികളിൽ സാധ്യമല്ലെന്നാണ്‌‌ ആരോഗ്യവകുപ്പിന്റെ റിപ്പോർട്ട്‌. ഓലകൾ കൊണ്ടും മുളകൾകൊണ്ടും നിർമിച്ച വഞ്ചികളുടെ ഘടനതന്നെയാണ്‌ തടസ്സം. എസി മുറികളും യാത്രക്കാർ മണിക്കൂറുകൾ ഒരുമിച്ച്‌ തങ്ങേണ്ടിവരുന്നതും പ്രതിസന്ധിയാണ്‌. ആയിരത്തിലേറെ ബോട്ടുകൾ ആലപ്പുഴ കായലിൽ മാത്രം ഉണ്ട്‌. പള്ളാത്തുരുത്തി, ഫിനിഷിങ് പോയിന്റ്‌, പുന്നമട, നെടുമുടി എന്നിവിടങ്ങളിൽ കേന്ദ്രീകരിച്ചാണ്‌ ഇവയുടെ യാത്ര. 
കായൽസഞ്ചാര അനുമതി സർക്കാരിൽനിന്നും മറ്റും ലഭ്യമായാൽ കോവിഡ്‌ മാനദണ്ഡം പാലിച്ച്‌ സഞ്ചാരികൾക്കായി പതിവ്‌ സൗകര്യങ്ങൾ ഒരുക്കാൻ ഡിടിപിസി സജ്ജമാണെന്ന്‌ സെക്രട്ടറി മാലിൻ മുരളീധരൻ പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top