25 May Monday

ഐസൊലേഷൻ വാർഡ്‌ സജ്ജമാക്കും

സ്വന്തം ലേഖകൻUpdated: Friday Mar 27, 2020
 
ചെങ്ങന്നൂർ
ചെങ്ങന്നൂർ മണ്ഡലത്തിൽ കോവിഡ്‌ 19ന്റെ പശ്‌ചാത്തലത്തിൽ ഏത്‌ അടിയന്തര സാഹചര്യവും നേരിടുന്നതിന്‌ മുന്നൊരുക്കങ്ങളായി. മുളക്കുഴ സെഞ്ചുറി ആശുപത്രി, കൊഴുവല്ലൂർ കെസിഎം മെഡിക്കൽ ട്രസ്‌റ്റ്‌ ആശുപത്രി, ചെന്നിത്തല ശുഭാനന്ദാശ്രമം, പുലിയൂർ പിഎച്ച്സിയുടെ  പുതിയ കെട്ടിടം, ബുധനൂർ തയ്യൂർ പകൽവീട്, ചെങ്ങന്നൂർ പൂപ്പള്ളി ആശുപത്രി, ചെങ്ങന്നൂർ ചെറിയാൻ മെമ്മോറിയൽ ആശുപത്രി, വെൺമണി സെന്റ്‌മേരീസ് ആശുപത്രി എന്നീ എട്ട് കേന്ദ്രങ്ങളിൽ ഐസൊലേഷൻ സംവിധാനം ഒരുക്കും. മാനേജ്മെന്റ്‌ പ്രതിനിധികളും തദ്ദേശ സ്ഥാപനങ്ങളുടെ ഭാരവാഹികളുമായും ചർച്ചചെയ്‌താണ് കേന്ദ്രങ്ങൾ നിശ്ചയിച്ചത്. 
 മുളക്കുഴ സെഞ്ചുറി ആശുപത്രി ഏറ്റെടുക്കുന്നതിന് ആരോഗ്യവകുപ്പിനും പഞ്ചായത്തിനും പൊലീസിനും നിർദേശം നൽകി. മറ്റ്‌ കേന്ദ്രങ്ങൾ മാനേജ്‌മെന്റ്‌ സ്വമേധയാ വിട്ടുനൽകുകയായിരുന്നു. രണ്ടു ദിവസത്തിനകം ഈ കേന്ദ്രങ്ങൾ ശുചീകരിച്ച് 500 രോഗികളെ കിടത്തിചികിത്സിക്കുന്നതിനുള്ള സംവിധാനം ഒരുക്കും. സന്നദ്ധസംഘടനകളുടെയും സർക്കാർ ഏജൻസികളുടെയും സഹായത്തോടെയാണ്‌ ഈ പ്രവർത്തനം ഏറ്റെടുക്കുകയെന്ന്‌ സജി ചെറിയാൻ എംഎൽഎ അറിയിച്ചു. ചികിത്സയും ക്രമസമാധാനവുമായി  ബന്ധപ്പെട്ട സംശയങ്ങൾക്ക് ചെങ്ങന്നൂർ ഡിവൈഎസ്‌പി:  9497990043, ജില്ലാ ആശുപത്രി സൂപ്രണ്ട്: 9495466433 എന്നിവരെ ബന്ധപ്പെടണം.
പ്രധാന വാർത്തകൾ
 Top