23 January Thursday
കെജിഒഎ സംസ്ഥാന സമ്മേളനം

ന്യൂനപക്ഷവിരുദ്ധത ആഗോളപ്രതിഭാസം: പ്രഭാത‌് പട‌്നായ‌്ക്ക‌്

പ്രത്യേക ലേഖകൻUpdated: Sunday May 26, 2019

കെജിഒഎ സംസ്ഥാന സമ്മേളനത്തിന്‌ തുടക്കംകുറിച്ച്‌ പി എസ്‌ നീലകണ്‌ഠപ്പണിക്കർനഗറിൽ സംസ്ഥാന പ്രസിഡന്റ്‌ ഡോ. കെ എം ദിലീപ്‌ പതാക ഉയർത്തുന്നു

 

ആലപ്പുഴ
ഹിന്ദുത്വത്തിനും ഹിന്ദുമേധാവിത്വത്തിനും വേണ്ടി നിൽക്കുന്ന ബിജെപിയുടെ വിജയം ആഗോളവ്യാപകപ്രവണതയുടെ ഭാഗമാണെന്ന‌് പ്രൊഫ. പ്രഭാത‌് പട‌്നായ‌്ക്ക‌്. കെജിഒഎ സംസ്ഥാനപ്രതിനിധി സമ്മേളനം ടൗൺ ഹാളിൽ (പി എസ‌് നീലകണ്ഠപ്രസാദ‌് നഗർ)  ഉദ‌്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇത‌് ഇന്ത്യയിൽ മാത്രമുള്ള പ്രതിഭാസമല്ല.  ന്യൂനപക്ഷങ്ങളെ ലക്ഷ്യംവെക്കുന്ന ഇത്തരം സർക്കാരുകൾ ലോകത്താകമാനം നിർണായക വോട്ടുനേടി അധികാരത്തിൽ വരുന്നുണ്ട‌്. ഇന്ത്യയിൽ അത‌് ഹിന്ദു മേധാവിത്വമാണെങ്കിൽ  മറ്റിടങ്ങളിൽ മുസ്ലിം, സയണിസ‌്റ്റ‌് മേധാവിത്വമാണ‌്.   ഇസ്രയേലിൽ ബെഞ്ചമിൻ നെതാന്യാഹുവും തുർക്കിയിൽ എർദോഗനും അധികാരത്തിൽ വന്നത‌് ഇതിന‌് ഉദാഹരണമാണ‌്. ഹംഗറിയിലും ഉക്രൈനിലും ഇതുതന്നെയാണ‌് സംഭവിച്ചത‌്. 
അമേരിക്കയിലെ ഡൊണാൾഡ‌് ട്രംപ‌ിന്റെ വിജയവും സമാനം. അധികാരത്തിൽ വരുന്ന സർക്കാരുകൾക്കൊക്കെ ഒരു തരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ മേധാവിത്വ സ്വഭാവമുള്ളതാണ‌്.
നവലിബറലിസം അതിന്റെ അവസാനത്തിൽ എത്തിയിരിക്കുന്നുവെന്നാണ‌് തന്റെ നിഗമനം.  നവലിബറലിസം സുഭിക്ഷതയുംവികസനവും എല്ലാവർക്കും തൊഴിലും വാഗ‌്ദാനം ചെയ‌്തിരുന്നു. എന്നാൽ നവലിബറലിസത്തിന‌് ഇനിവളർച്ചയും പ്രതീക്ഷയും ഇല്ലെന്ന‌് എല്ലാവർക്കും വ്യക്തമായി. 2014ൽ പോലും വികസനത്തെപ്പറ്റി പറഞ്ഞ മോഡി സർക്കാർ ഈ തെരഞ്ഞെടുപ്പിൽ വികസനം എന്ന  വാക്ക‌് മിണ്ടിയില്ല.   
സംവിധാനത്തെ നിലനിർത്താൻ മറ്റുചില സൂത്രപ്പണികൾ വേണമെന്ന സ്ഥിതിവന്നു എന്നതാണ‌് പ്രത്യേകത.  
ഹിന്ദുമേധാവിത്വമുള്ള സർക്കാരിനെ നിലനിർത്താൻ കുത്തകകൾ കോടികളാണ‌് ഒഴുക്കിയത‌്. 
പുതിയ സർക്കാർ ശക്തമായ സാമ്പത്തികക്കുഴപ്പമാണ‌് നേരിടാൻ പോകുന്നത‌്. വികസന സൂചിക നോക്കിയാൽ ഇതു ബോധ്യമാകും. കഴിഞ്ഞ മാർച്ചിലെ ഉൽപ്പാദന നിരക്കിനെക്കാൾ കുറവാണ‌് 2019 മാർച്ചിലെ നിരക്ക‌്. വ്യാവസായിക ഉൽപ്പാദനവും കുറഞ്ഞതോടെ രാജ്യം ഉൽപ്പാദന മാന്ദ്യത്തിലേക്കു നീങ്ങുന്നു. തൊഴിലില്ലായ‌്മ കുതിച്ചുയരുന്നു. താൽക്കാലിക, പാർട്ടൈം ജോലി വഴി  ‘തുറന്ന തൊഴിലില്ലായ‌്മ’  വർധിക്കുന്നു. ഇത്തരം തൊഴിൽ ചെയ്യുന്നവർക്ക‌് ആവശ്യമായ വേതനം കിട്ടുന്നില്ല. 
രാജ്യങ്ങൾ നേരിടുന്ന പ്രതിസന്ധി മുറിച്ചുകടക്കാൻ സോഷ്യലിസത്തിലൂടെ മാത്രമേ കഴിയൂ. പ്രതിസന്ധി നേരിടാൻ ചെലവുചുരുക്കൽ, ക്ഷേമപദ്ധതികൾ ചുരുക്കൽ എന്നിവയെയെല്ലാമാണ് ആശ്രയിക്കുന്നതെങ്കിൽ രാജ്യം കൂടുതൽ കുഴപ്പത്തിലേക്കു പോകും. ധനികർക്കുമേലുള്ള നികുതി വർധിപ്പിക്കുകയും സ്വത്ത് നികുതി ഉയർത്തുകയും മൊത്തം ആഭ്യന്തര ഉൽപ്പാദനത്തിന്റെ  ഒമ്പത‌് ശതമാനമെങ്കിലും വികസന മേഖലയിൽ സർക്കാർ നിക്ഷേപമായി ഉറപ്പുവരുത്തുകയും ചെയ‌്താലേ ഇന്ത്യക്ക‌് ഭാവിയുള്ളൂ. 
നാം വൻതോതിൽ ധാന്യങ്ങൾ കയറ്റുമതി ചെയ്യുന്നുണ്ടെങ്കിലും ജനങ്ങളുടെ വാങ്ങൽശേഷി വളരെ കുറവാണ‌്. രൂക്ഷമാകുന്ന  തൊഴിലില്ലായ‌്മ പരിഹരിക്കുകയും ജനങ്ങളുടെ വാങ്ങൽ ശേഷി വർധിപ്പിക്കുകയുംവേണം. ദേശീയ വരുമാനത്തിന്റെ 22 ശതമാനവും സമ്പത്തിന്റെ 60 ശതമാനവും ധനികരിൽ കേന്ദ്രീകരിച്ചിരിക്കുകയാണ‌്. ഇന്ത്യയിലെ ശതകോടീശ്വരൻമാരുടെ ആകെ ആസ‌്തി 557 ലക്ഷം കോടി രൂപയാണ്. ഇവരുടെ മേൽ ഒരു ശതമാനം ധനനികുതിയും നാലു ശതമാനം സ്വത്ത് നികുതിയും ഏർപ്പെടുത്തിയാൽ തന്നെ 15 ലക്ഷം കോടി രൂപ സർക്കാരിന് സമാഹരിക്കാം. ഇത് രാജ്യത്തെ ക്ഷേമ–-സുരക്ഷാരംഗത്തെ നിർണായക മുതൽമുടക്കാകും. 
പുതിയ കേന്ദ്രസർക്കാർ രാജ്യത്ത് എന്ത് ചെയ്യുമെന്നതാണ് പ്രധാനം. തൊഴിൽ, ഭക്ഷണം, ഗുണമേൻമയുള്ള വിദ്യാഭ്യാസം,  സൗജന്യ ആരോഗ്യ സുരക്ഷ എന്നിവ രാജ്യത്തെ എല്ലാവർക്കും ഉറപ്പുവരുത്തണം. എന്നാൽ ഉദാരവൽക്കരണത്തെ തന്നെയാണ് ആശ്രയിക്കുന്നതെങ്കിൽ രാജ്യത്തിന്റെ തകർച്ചയായിരിക്കും ഫലമെന്നും അദേഹം ചൂണ്ടിക്കാട്ടി.

 

പ്രധാന വാർത്തകൾ
 Top