ആലപ്പുഴ
ജലഗതാഗതവകുപ്പിന്റെ യാത്രാബോട്ടിൽ അമിതവേഗത്തിലെത്തിയ സ്‌പീഡ് ബോട്ട് ഇടിച്ചു. ബോട്ടിന്റെ ഹള്ളിന് തകരാർ പറ്റിയെങ്കിലും യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു.
വെള്ളി രാത്രി 7.15-ന് നെഹ്റുട്രോഫി ജെട്ടിയിലായിരുന്നു സംഭവം. ആലപ്പുഴ ബോട്ട് ജെട്ടിയിൽനിന്ന് പുറപ്പെട്ട ആലപ്പുഴ–--കാവാലം–--കൃഷ്‌ണപുരം ബോട്ടിലാണ് സ്‌പീഡ് ബോട്ട് ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ യാത്രാ ബോട്ടിന്റെ മുൻവശത്തെ ഹള്ളിനാണ് കേടുപാടുകൾ പറ്റിയത്. മൂന്ന് പലകകൾ തകർന്നു. കൂടുതൽ പലക തകർന്നിരുന്നെങ്കിൽ വെള്ളം കയറി വലിയ അപകടമുണ്ടാകുമായിരുന്നു.
സ്‌പീഡ് ബോട്ടിൽ ഓടിച്ചിരുന്നയാളേ ഉണ്ടായിരുന്നുള്ളൂ. യാത്രാബോട്ടിൽ നിറയെ ആളുണ്ടായിരുന്നു. സ്‌പീഡ് ബോട്ട് നിയന്ത്രണംതെറ്റി യാത്രാബോട്ടിൽ വന്നിടിക്കുകയായിരുന്നു. സ്‌പീഡ് ബോട്ട് ഉടമസ്ഥനെതിരെ ജലഗതാഗതവകുപ്പ് നോർത്ത് പൊലീസിൽ പരാതി നൽകി. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇയാൾക്ക് ലൈസൻസ് ഇല്ലെന്നാണ് പൊലീസ് നൽകുന്ന സൂചന. തുറമുഖവകുപ്പിനും പരാതി നൽകി. ഒരുലക്ഷത്തിലേറെ രൂപയുടെ നഷ്‌ടമുണ്ടെന്നും ഉടമയിൽനിന്ന് ഇത് ഈടാക്കാൻ ജലഗതാഗതവകുപ്പ് നടപടി സ്വീകരിക്കുമെന്നും ഡയറക്‌ടർ ഷാജി വി നായർ പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..