ചേർത്തല
പാണാവള്ളിയിൽ പൊളിച്ചുനീക്കുന്ന കാപികോ റിസോർട്ട് ചീഫ് സെക്രട്ടറി വി പി ജോയി സന്ദർശിച്ചു. പൊളിക്കൽ പുരോഗതി വിലയിരുത്താനായിരുന്നു സന്ദർശനം. കലക്‌ടർ ഹരിത വി കുമാറും ചീഫ് സെക്രട്ടറിയോടൊപ്പം എത്തി. കാപികോ റിസോർട്ടിലെ 54 വില്ലകളും ഇതിനകം പൂർണമായി പൊളിച്ചുനീക്കി. ഓഫീസ് പ്രവർത്തിച്ച പ്രധാനകെട്ടിടം പൊളിക്കലാണ് അതിവേഗം പുരോഗമിക്കുന്നത്.
ആറ് ആധുനിക ഡ്രില്ലറുകൾ പ്രവർത്തിപ്പിച്ചാണ് പൊളിക്കുന്നത്. രണ്ട് ഡ്രില്ലിങ് യന്ത്രങ്ങൾ അധികമായി ഞായറാഴ്‌ചയെത്തിക്കും. തീരപരിപാലന നിയമലംഘനം ഉൾപ്പെടെ കണ്ടെത്തിയാണ് റിസോർട്ട് പൊളിച്ചുനീക്കാൻ സുപ്രീംകോടതി ഉത്തരവിട്ടത്.
വായു–-ജല മലിനീകരണം, ശബ്‌ദസാന്ദ്രത എന്നിവ തിട്ടപ്പെടുത്തി മലിനീകരണ നിയന്ത്രണബോർഡ് ഉദ്യോഗസ്ഥർ രംഗത്തുണ്ട്. കെട്ടിടാവശിഷ്‌ടം നീക്കലും പൊളിക്കലിനൊപ്പം നടക്കുന്നു. 150 തൊഴിലാളികളെയും അവശിഷ്‌ടം നീക്കാൻ ലോറികളും എത്തിച്ചിട്ടുണ്ട്.
കഴിഞ്ഞ സെപ്‌തംബറിലാണ് റിസോർട്ട് പൊളിച്ചുനീക്കൽ തുടങ്ങിയത്. സബ്കലക്‌ടർ സൂരജ് ഷാജി, ദുരന്തനിവാരണവിഭാഗം ഡെപ്യൂട്ടി കലക്‌ടർ ആശ സി എബ്രഹാം, ചേർത്തല തഹസിൽദാർ കെ ആർ മനോജ്, പാണാവള്ളി പഞ്ചായത്ത് സെക്രട്ടറി ആർ പ്രദീപ്കുമാർ, വകുപ്പ് പ്രതിനിധികൾ എന്നിവരെത്തി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..