07 April Tuesday
ചേതനയിലുണ്ട് നിങ്ങള്‍ക്കുള്ള ഭക്ഷണം

ഇന്നലെയും മുടങ്ങിയില്ല പൊതിച്ചോറ്‌

വെബ് ഡെസ്‌ക്‌Updated: Thursday Mar 26, 2020
അമ്പലപ്പുഴ
വയറെരിയുന്നവരുടെ മിഴി നിറയാതിരിക്കാൻ ഡിവൈഎഫ്ഐ പ്രവർത്തകർ ബുധനാഴ്‌ചയും ആശുപത്രിയിൽ ഭക്ഷണപ്പൊതികൾ വിതരണം ചെയ്‌തു. അമ്പലപ്പുഴ ബ്ലോക്ക് കമ്മറ്റിയുടെ നേത‌ൃത്വത്തിലായ ിരുന്നു ഭക്ഷണ വിതരണം. 
 കോവിഡ് 19 വ്യാപനം തടയുന്നതിന്റെ മുൻകരുതൽ നടപടിയുടെ ഭാഗമായി വീടുകളിൽ നിന്ന് പൊതിച്ചോറുകൾ ശേഖരിക്കുന്നത് താൽക്കാലികമായി നിർത്തിയിരുന്നു. ഇതേതുടർന്നാണ് അമ്പലപ്പുഴ ബ്ലോക്ക് കമ്മിറ്റി  ആശുപത്രിയിൽ ഭക്ഷണമെത്തിച്ചത്. 
രോഗികൾ, കൂട്ടിരിപ്പുകാർ, ദേശീയ പാതയോരത്തെ ഭിക്ഷാടകർ, ഭക്ഷണത്തിനായി അലയുന്നവർ, വിവിധ ക്ഷേത്രങ്ങളിലെ അന്തേവാസികൾ എന്നിവർക്കും ഭക്ഷണം നൽകി. ബ്ലോക്ക് സെക്രട്ടറി ജി വേണുഗോപാൽ അംഗങ്ങളായ സലാം, രതീഷ്, അബി, സൂരജ്, അരുൺ ക‌ൃഷ്‌ണ, ആർ ഉണ്ണി, ഷെഹിൻ, ഷമീർ എന്നിവർ സംഘങ്ങളായി തിരിഞ്ഞാണ്‌ ഭക്ഷണം എത്തിച്ചത്.
ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെ രോഗികൾക്ക് ലോക്ക് ഡൗൺ കാലത്ത് ചേതന പാലിയേറ്റീവ് കെയര്‍ സൊസൈറ്റി ഉച്ചഭക്ഷണമെത്തിക്കും. ഡിവൈഎഫ്ഐ അമ്പലപ്പുഴ ബ്ലോക്ക് കമ്മിറ്റിയുടെ സഹകരണത്തോടെ പാകംചെയ്‌ത ഭക്ഷണം പാത്രങ്ങളിലാണ്‌ നൽകുക. ഹോട്ടലുകളിലും മറ്റും അടച്ചിട്ടതോടെ ദൂരദേശങ്ങളിൽ നിന്നുള്ളവരും ബന്ധുക്കളില്ലാത്ത രോഗികളും ഭക്ഷണത്തിന് ബുദ്ധിമുട്ടുകയാണ്. ഇവർക്കായി സമീപത്തുള്ളവർ വീടുകളിൽനിന്ന് ഭക്ഷണം എത്തിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ചേതന ജനകീയ ലാബ് ഭക്ഷണം പാചകംചെയ്‌ത്‌ വിതരണംചെയ്യാൻ തീരുമാനിച്ചത്.  
ആരുമില്ലാത്തവർക്കും ദൂരസ്ഥലത്തുനിന്നുള്ള രോഗികൾക്കും മുൻഗണന നൽകി എണ്ണം പരിമിതപ്പെടുത്തിയാകും വിതരണം. ക്യൂ ഒഴിവാക്കിയും കൂട്ടംകൂടാതെയും ഒരുമീറ്ററിൽ കൂടുതൽ അകലം പാലിച്ചും ഭക്ഷണം വാങ്ങണമെന്ന്‌ ചേതന പാലിയേറ്റീവ് കെയർ സൊസൈറ്റി സെക്രട്ടറി എച്ച് സലാം അറിയിച്ചു. ഡിവൈഎഫ്ഐ ജില്ലാ കമ്മറ്റിയുടെ ‘ഹ‌ൃദയപൂർവം’ പദ്ധതി 1000 ദിനം പിന്നിട്ടുകഴിഞ്ഞു. ഭക്ഷണം ശേഖരിക്കുമ്പോൾ രോഗം പകരാനുള്ള സാധ്യത ഇല്ലാതാക്കുന്നതിന്റെ ഭാഗമായാണ് വീടുകളിൽനിന്നുള്ള ഭക്ഷണപ്പൊതി ബുധനാഴ്‌ച മുതൽ താൽക്കാലികമായി ഒഴിവാക്കിയത്.
പ്രധാന വാർത്തകൾ
 Top