18 April Sunday
വ്യാപക ആർഎസ‌്എസ‌് അക്രമം

3 കടകൾക്ക്‌ തീയിട്ടു

സ്വന്തം ലേഖകൻUpdated: Friday Feb 26, 2021

ആര്‍എസ്എസുകാര്‍ തീയിട്ട വഴിയോര പച്ചക്കറിക്കടയില്‍ തീയണയ്‍ക്കുന്ന അഗ്നിരക്ഷാസേന

ചേർത്തല
വയലാറിൽ ആർഎസ‌്എസ‌് പ്രവർത്തകനെ എസ‌്ഡിപിഐക്കാർ വെട്ടിക്കൊന്നതിന‌് പിന്നാലെ വ്യാപക അക്രമം. കൊലപാതകത്തിൽ പ്രതിഷേധിച്ച‌് സംഘപരിവാർ സംഘടനകൾ ആഹ്വാനംചെയ‌്ത ഹർത്താലിന്റെ മറവിൽ ചേർത്തല നഗരത്തിൽ മൂന്ന്‌ കടകൾ ആർഎസ‌്എസുകാർ തീയിട്ടു. രണ്ടെണ്ണം അടിച്ചുതകർത്തു. ഏതാനും വാഹനങ്ങളുടെ ചില്ലും തകർത്തു. 
വ്യാഴാഴ‌്ച രാവിലെമുതൽ ഒരുസംഘം ആർഎസ‌്എസുകാർ നഗരത്തിൽ സഞ്ചരിച്ച‌് അക്രമപരമ്പര സ‌ൃഷ‌്ടിച്ചു. ഉച്ചയോടെ പൊലീസ‌് വിന്യാസം ശക്തമാക്കിയാണ‌് അക്രമം അവസാനിപ്പിച്ചത‌്. പടയണിപ്പാലത്തിന് സമീപം സ്വകാര്യ ആശുപത്രിക്ക് മുന്നിലെ വഴിയോര പച്ചക്കറിക്കടയ‌്ക്കാണ് ആദ്യം തീയിട്ടത്. നഗരസഭ 29–--ാം വാർഡ് ചെറുകണ്ണംവെളിച്ചിറ ഷാഹുദീന്റെ (സാഹിബ്) ഉടമസ്ഥതയിലുള്ളതാണ് കട. 
തുടർന്ന് സമീപത്ത് കനാൽക്കരയിലുള്ള ഇക്കായിസ് കൂൾബാർ കത്തിച്ചു. നഗരസഭ ഏഴ-ാം വാർഡിൽ സുലേഖ മൻസിലിൽ ഫാസിലിന്റേതാണ് കട. ദേശീയപാതയിൽ ചേർത്തല എക‌്സ‌്റേ കവലയ‌്ക്ക‌് സമീപത്തെ ആക്രിക്കടയ‌്ക്കും തീയിട്ടു. എസ്ഡിപിഐ ഭാരവാഹി സുനീറിന്റേതാണ് കട. 
കെഎസ്ആർടിസി ബസ‌്സ‌്റ്റാൻഡിലെ ഒനിയൻ ഫുഡ്കോർട്ട് തല്ലിത്തകർത്തു. മുൻഭാഗത്തെ ചില്ല‌് പൂർണമായി തകർന്നു. സ്വകാര്യ ബസ‌്സ‌്റ്റാൻഡിന് സമീപത്തെ കൂൾബാറും അടിച്ചുതകർത്തു. നഗരസഭ 30–-ാം വാർഡിൽ കാരിക്കുഴിയിൽ സിയാദിന്റേതാണ് കൂൾബാർ. പൂത്തോട്ട പാലത്തിന് സമീപം എസ്എം ഫ്രൂട്ട്‌സിന് മുന്നിൽ നിർത്തിയിട്ട മിനിലോറിയുടെയും കാറിന്റെയും ചില്ലുകൾ തകർത്തു. 
നഗരസഭ എട്ട-ാം വാർഡിൽ ചാണിയിൽ ഷെമീറിന്റെ ഉടമസ്ഥയിലുള്ളതാണ് സ്ഥാപനം. അഗ്നിരക്ഷാസേനയുടെ ചേർത്തല, -ആലപ്പുഴ സ‌്റ്റേഷനുകളിലെ ഉദ്യോഗസ്ഥരെത്തിയാണ് തീയണച്ചത്. ഇരുചക്രവാഹനങ്ങളിൽ സഞ്ചരിച്ചാണ് അക്രമിസംഘം അഴിഞ്ഞാടിയത‌്. പ്രധാനകവലകളിൽ പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കുകയും വടക്കേയങ്ങാടി കവലയ‌്ക്ക‌് സമീപത്തെ മുസ്ലിം പള്ളിക്ക‌് കാവൽ ഏർപ്പെടുത്തുകയുംചെയ‌്തു.
പുലർച്ചെ നാഗംകുളങ്ങര ആമിന മൻസിലിൽ എസ‌്ഡിപിഐ പ്രവർത്തകൻ അമിനുവിന്റെ വീട‌് ആയുധവുമായി എത്തിയ അക്രമികൾ അടിച്ചുതകർത്തു. വാതിൽ പൊളിച്ച്‌ അകത്തുകടന്നവർ ഉപകരണങ്ങൾ നശിപ്പിച്ചു. 
 വൈകിട്ട‌് നന്ദുക‌ൃഷ‌്ണയുടെ സംസ‌്കാരച്ചടങ്ങിന‌് പിന്നാലെ വീണ്ടും ആർഎസ‌്എസ‌് ആക്രമണം ഉണ്ടായി. നാഗംകുളങ്ങര കടപ്പള്ളി റഫീക്കിന്റെ വീട‌് തകർത്തു. ഇരച്ചുകയറിയ അക്രമികൾ കാർ തല്ലിത്തകർത്തു. വീടിന്റെ വാതിലുകളും ജനാലകളും പൊളിച്ചു.

ചേര്‍ത്തല, അമ്പലപ്പുഴ 
താലൂക്കില്‍ നിരോധനാജ്ഞ

ആലപ്പുഴ
ചേർത്തലയിലെ നാഗംകുളങ്ങരയിൽ ഇരുവിഭാഗങ്ങൾ തമ്മിലെ സംഘർഷത്തിൽ ഒരാൾ കൊല്ലപ്പെട്ടതിനെത്തുടർന്ന് ചേർത്തല, അമ്പലപ്പുഴ താലൂക്കുകളിൽ ജില്ലാ മജിസ്ട്രേറ്റ് കൂടിയായ കലക്‌ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചു. മരണാനന്തരച്ചടങ്ങുകൾക്കല്ലാതെ അഞ്ചുപേരിൽ കൂടുതൽ കൂട്ടംകൂടാൻ പാടില്ല. 
വ്യാഴാഴ്‌ച മുതൽ മൂന്നുദിവസത്തേക്കാണ് നടപടി. 1973 ലെ ക്രിമിനൽ നടപടി നിയമസംഹിതയിലെ 144 പ്രകാരമാണ് നിരോധനാജ്ഞ. അടിയന്തര നടപടികൾ സ്വീകരിക്കുന്നതിന് പൊലീസിന് നിർദേശം നൽകി.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top