03 December Friday

പൊൻപ്രഭ ചൊരിയുന്ന രക്തതാരകം അനഘാശയൻ

വെബ് ഡെസ്‌ക്‌Updated: Monday Oct 25, 2021

 

ആലപ്പുഴ 
കേൾക്കുന്ന മാത്രയിൽ ആവേശം ഉയരുന്ന പേരാണ് അനഘാശയൻ. ചെറുപ്രായത്തിൽ വിപ്ലവകാരിയായി കത്തിയമർന്ന ചുവന്നനക്ഷത്രത്തിന്റ ഓർമയ്ക്ക് ചൊവ്വാഴ്ച എഴുപത്തഞ്ചാണ്ട് തികയുന്നു.   നാടിന്റെ മോചനത്തിനായി 13–-ാം വയസിൽ വാരിക്കുന്തവുമേന്തി സർ സി പിയുടെ പട്ടാളത്തോട് ഏറ്റുമുട്ടി വീരമൃത്യു വരിച്ച പോരാളി.  നാട് മേനാശേരി രക്തസാക്ഷി സ്‌മരണ പുതുക്കുമ്പോൾ അനഘാശയന്റെ ഓർമ നിറയും.പട്ടണക്കാട് കോനാട്ടുശേരി ചുള്ളിക്കത്തറയിൽ രാമന്റെയും കാളിയമ്മയുടെയും അഞ്ചുമക്കളിൽ നാലാമനാണ് അനഘാശയൻ. തങ്കി സെന്റ് ജോർജ് സ്‌കൂളിലായിരുന്നു പ്രാഥമികവിദ്യാഭ്യാസം.വീട്ടിലെ ബുദ്ധിമുട്ടുകാരണം പഠനം പൂർത്തിയാക്കിയില്ല. അച്ഛനും സഹോദരൻ രാഘവനും ഒപ്പം കയർഫാക്ടറി തൊഴിലാളിയായി. തൊഴിലാളികൾ സംഘടന രൂപീകരിച്ചതോടെ അതിൽ പങ്കാളിയായി. ഈ ഘട്ടത്തിലാണ് സർ സി പിയുടെ സ്വതന്ത്ര തിരുവിതാംകൂർ പ്രഖ്യാപനം. തുടർന്ന് അനഘാശയനും രാഘവനും തൊഴിലാളി ക്യാമ്പിലേക്ക് മാറി. ആദ്യം വയലാറിന് സമീപത്തെ കൊല്ലപ്പള്ളി ക്യാമ്പിൽ, പിന്നീട് മേനാശേരിയിലേക്ക്. 1122 തുലാം ഏഴിനു പുന്നപ്രയിൽ വെടിവയ്‌പ്പുണ്ടായി. ക്യാമ്പിൽ സഹായിയായും വളണ്ടിയർ ക്യാപ്റ്റനായും അനഘാശയൻ സജീവമായിരുന്നു. ഒപ്പം പൊലീസിന്റെയും ഒറ്റുകാരുടെയും നീക്കങ്ങൾ മണത്തറിഞ്ഞ് ക്യാമ്പിന്റെ ചുമതലക്കാരെ  അറിയിച്ചിരുന്നു. മേനാശേരിയിൽ പട്ടാളത്തിന് ഒത്താശ ചെയ്തിരുന്നത് ആനക്കോട്ടിൽ കർത്താക്കന്മാരാണ്.  മാരാരിക്കുളത്തും ഒളതലയിലും വെടിവയ്പ് നടത്തിയ പട്ടാളം കർത്താക്കന്മാരുടെ പിന്തുണയോടെ പറപ്പള്ളി തോടുവഴി ബോട്ടിലും വള്ളങ്ങളിലും മേനാശേരിയിലേക്ക്.   വിവരം അനഘാശയൻ ക്യാമ്പിലത്തിച്ചു. പട്ടാളം വന്നപാടെ മേനാശേരി ക്ഷേത്രത്തിന് പടിഞ്ഞാറുള്ള ക്യാമ്പ് തകർക്കാൻ ശ്രമിച്ചു. നൂറുകണക്കിനു വളണ്ടിയർമാർ മൂന്നുവഴികളിലൂടെ നിലത്തിഴഞ്ഞും ഒളിഞ്ഞും പട്ടാളക്കാരെ നേരിട്ടു. സമരഭടന്മാർക്ക് ഒപ്പംനീങ്ങിയ അനഘാശയൻ ഒരുകൈയിൽ വാരിക്കുന്തവും മറുകൈയിൽ പച്ചോലക്കൊട്ടയിൽ കല്ലുംകരുതി. കരിങ്കൽചീളുകൾ എറിഞ്ഞും വാരിക്കുന്തം ഉപയോഗിച്ച് ആക്രമിച്ചും നീങ്ങി. ഈ സമയം വേലായുധൻ എന്ന സമരഭടൻ നിലത്തുനിന്ന് ചാടിയെണീറ്റ് ഒരു പട്ടാളക്കാരന്റെ കൈ വെട്ടിവീഴ്ത്തി.അയ്യങ്കാട്ട് വീടിനുസമീപംവരെ അനഘാശയനും കൂട്ടരും പട്ടാളക്കാരെ നേരിട്ടു. പട്ടാളം വെടിയുതിർത്തു. അനഘാശയൻ അടക്കമുള്ളവർ വെടിയേറ്റുവീണു. മേനാശേരിയിൽ പട്ടാളവുമായി ഏറ്റുമുട്ടുമ്പോൾ അനഘാശയന് സമീപംതന്നെ സഹോദരൻ രാഘവനും ഉണ്ടായിരുന്നു. മരിച്ചുവീണ സമരഭടന്മാർക്കിടയിൽനിന്ന് അനഘാശയനെ തിരിച്ചറിഞ്ഞത് രാഘവനാണ്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top