24 September Sunday
രാജീവ് ഗാന്ധി ട്രോഫി വള്ളംകളി

കാട്ടിൽ തെക്കേതിൽ ജേതാവ്

വെബ് ഡെസ്‌ക്‌Updated: Sunday Sep 25, 2022

രാജീവ് ഗാന്ധി ട്രോഫി ചാമ്പ്യൻസ് ബോട്ട് ലീഗ് മത്സര വള്ളംകളിയിൽ മഹാദേവികാട് കാട്ടിൽ തെക്കേതിൽ ചുണ്ടൻ ഒന്നാമതെത്തുന്നു

മങ്കൊമ്പ്
പളുങ്കുന്നിൽ നടന്ന സിബിഎൽ രാജീവ് ഗാന്ധി ട്രോഫി വള്ളംകളിയിൽ പള്ളാത്തുരുത്തി ബോട്ട് ക്ലബ് (ട്രോപിക്കൽ ടൈറ്റാൻസ്) തുഴഞ്ഞ മഹാദേവികാട് കാട്ടിൽ തെക്കേതിൽ ചുണ്ടൻ ജേതാവായി.  ഫൈനലിൽ 3:49.51 സെക്കൻഡ് സമയം കൊണ്ടാണ് ജേതാക്കൾ തുഴഞ്ഞെത്തിയത്‌. പുന്നമട ബോട്ട് ക്ലബ് (റിപ്പിൾ ബ്രേക്കേഴ്‌സ്) തുഴഞ്ഞ വീയപുരം ചുണ്ടൻ രണ്ടാംസ്ഥാനവും, എൻസിഡിസി ബോട്ട് ക്ലബ് കുമരകം (മൈറ്റി ഓർസ്) നടുഭാഗം ചുണ്ടൻ മൂന്നാംസ്ഥാനവും നേടി. 
ഹീറ്റ്‌സിൽ മൂന്നാമതെത്തിയ വള്ളങ്ങളുടെ ലൂസേഴ്‌സ് ഫൈനലിൽ കുമരകം ബോട്ട് ക്ലബ്‌ തുഴഞ്ഞ സെന്റ് പയസ് ചുണ്ടനും രണ്ടാമതെത്തിയ വള്ളങ്ങളുടെ ലൂസേഴ്‌സ് ഫൈനലിൽ വേമ്പനാട് ബോട്ട് ക്ലബ് തുഴഞ്ഞ പായിപ്പാട് ചുണ്ടനും ഒന്നാംസ്ഥാനം നേടി.
ഇരുട്ടുകുത്തി എ ഗ്രേഡിൽ ചാത്തങ്കരി സിബിസി ബോട്ട് ക്ലബ്ബിന്റെ മൂന്നുതൈക്കൽ ഒന്നും കൊടുപ്പുന്ന ബോട്ട് ക്ലബ്ബിന്റെ തുരുത്തിത്തറ രണ്ടും സ്ഥാനം നേടി. ഇരുട്ടുകുത്തി ബി ഗ്രേഡിൽ മങ്കൊമ്പ് ബോട്ട് ക്ലബ്ബിന്റെ ദാനിയേൽ ഒന്നും കളർകോട് ഫ്രീഡം ബോട്ട് ക്ലബ്ബിന്റെ കുറുപ്പുപറമ്പൻ രണ്ടും സ്ഥാനംനേടി. വെപ്പ് ബി ഗ്രേഡ് മത്സരത്തിൽ കുന്നുമ്മ കാവാലം ബോട്ട് ക്ലബ്ബിന്റെ പിജി കരിപ്പുഴ, തെക്കേക്കര സെന്റ് ജോൺസ് ബോട്ട് ക്ലബ്ബിന്റെ പുന്നത്ര പുരയ്‌ക്കൽ എന്നിവ യഥാക്രമം ഒന്നും രണ്ടും സ്ഥാനത്തെത്തി.
മത്സരം നിയമസഭാ ചീഫ് വിപ്പ് പ്രൊഫ. എൻ ജയരാജ് ഉദ്‌ഘാടനംചെയ്‌തു. തോമസ് കെ തോമസ് എംഎൽഎ അധ്യക്ഷനായി. ചുണ്ടൻവള്ള മത്സര വിജയികൾക്ക്‌ കലക്‌ടർ വി ആർ കൃഷ്‌ണതേജ ട്രോഫി നൽകി. ചെറുവള്ളങ്ങളിലെ വിജയികൾക്ക് ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ എം വി പ്രിയ സമ്മാനം നൽകി. പുളിങ്കുന്ന് പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി ടി ജോസ് പതാകയുയർത്തി. വെളിയനാട് ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ് വി എൻ വിശ്വംഭരൻ, സി കെ സദാശിവൻ, കെ കെ ഷാജു, ജോയിക്കുട്ടി ജോസ്, ആർ കെ കുറുപ്പ്, ചമ്പക്കുളം ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ് ജിൻസി ജോളി, അഡ്വ. പ്രീതി, പുളിങ്കുന്ന് പഞ്ചായത്ത് വൈസ്‌പ്രസിഡന്റ് തങ്കച്ചൻ വാഴേച്ചിറ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top