24 September Friday

ആരുമില്ലെങ്കിലും പട്ടിണിയാകില്ല 
ഈ മിണ്ടാപ്രാണികൾ

വെബ് ഡെസ്‌ക്‌Updated: Sunday Jul 25, 2021

കഞ്ഞിക്കുഴി പഞ്ചായത്തിലെ ആനിമൽ ഡേ കെയർ സെന്ററിൽ 
കറവപ്പശുക്കളെ എത്തിച്ചപ്പോൾ

കഞ്ഞിക്കുഴി
കോവിഡ് ബാധിതരായി ചേർത്തല ആശുപത്രിയിൽ ചികിത്സയിലാണ്‌ കഞ്ഞിക്കുഴി പഞ്ചായത്ത്‌ 15–-ാം വാർഡിലെ ഒരു കുടുംബം മുഴുവൻ. ഗൃഹനാഥന്റെ ആശങ്ക മുഴുവൻ തന്റെ കറവപ്പശുക്കളെയോർത്തായിരുന്നു. അദ്ദേഹം പഞ്ചായത്ത്‌ ഭരണസമിതി ഭാരവാഹികളെ ഫോണിൽ വിളിച്ചു. ഉടൻ പരിഹാരവുമായി. കോവിഡ് ബാധിതരുടെ വീടുകളിലെ വളർത്തുമൃഗങ്ങളെ സംരക്ഷിക്കാൻ പഞ്ചായത്ത് ആരംഭിച്ച ആനിമൽ ഡേ കെയർ സെന്ററിൽ അതിഥികളായി കറവപ്പശുക്കൾ മാറി. 
ക്ഷീരകർഷകൻ പുത്തൻവെളി സാംബന്റെ വീടിനോടു ചേർന്നാണ് ഡേ കെയർ സെന്റർ. കളത്തിവീട് ക്ഷീരസംഘം മുഖേന കാലിത്തീറ്റയും തീറ്റപ്പുല്ലും വൈക്കോലും എത്തിച്ചതായി സംഘം പ്രസിഡന്റും ഡേ കെയർ സെന്ററിന്റെ ചെയർമാനുമായ കെ എൻ കാർത്തികേയനും കൺവീനർ  ടി എൻ വിശ്വനാഥനും പറഞ്ഞു. 
രണ്ടുനേരവും പാൽ ക്ഷീര സംഘത്തിൽ അളക്കാനുള്ള സംവിധാനവും ഒരുക്കി. പ്രസവം കഴിഞ്ഞ് അധിക നാളാകാത്തതിനാൽ പശുവിനെയും കിടാവിനെയും വാഹനത്തിൽ കയറ്റാൻ പറ്റാത്ത സാഹചര്യത്തിൽ നടത്തിയാണ് സെന്ററിലേയ്‌ക്ക്‌ കൊണ്ടുപോയത്. വാർഡുവികസന സമിതിയംഗങ്ങളായ പി സലിമോൻ, ജി പ്രദീപ്, കെ ആർ സുഖലാൽ, സത്യപ്പൻ എന്നിവരും സഹായത്തിനെത്തി.
ആദ്യഘട്ടമെന്ന നിലയിൽ പശുക്കളുടെ സംരക്ഷണമാണ് ഏറ്റെടുക്കുന്നത്‌. വളർത്തുമൃഗങ്ങളെയെല്ലാം സംരക്ഷിക്കുന്ന പദ്ധതിയാണ് വിഭാവനം ചെയ്‌തിട്ടുള്ളതെന്ന് പഞ്ചായത്ത് പ്രസിഡന്റ് ഗീതാ കാർത്തികേയനും വൈസ് പ്രസിഡന്റ് എം സന്തോഷ് കുമാറും പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top