ചാരുംമൂട്
രണ്ടാഴ്ചമുമ്പാണ് അച്ഛനെയുംകൊണ്ട് അമ്മ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോയത്. തിരികെയെത്തിയതാകട്ടെ അമ്മയുടെ ചേതനയറ്റ ശരീരം. നോവുണങ്ങും മുമ്പേ അച്ഛനും വിട പറഞ്ഞ വാർത്തയെത്തി.
നൂറനാട് പടനിലം പാലമേൽ രത്നാലയത്തിൽ വീട്ടിലെ കാവ്യയും (14) മിഥുനും (10) നാടിന്റെ കണ്ണീർത്തുള്ളിയാകുന്നു. പടനിലം എച്ച്എച്ച്എസ്എസിൽ 10, ആറ് ക്ലാസുകളിൽ വിദ്യാർഥികളാണ് ഇവർ. കഴിഞ്ഞദിവസം മരിച്ച രവികുമാറിന്റെയും കലയുടെയും മക്കൾ.
വൃക്കരോഗിയായി കാഴ്ചനഷ്ടപ്പെട്ട ഭർത്താവ് രവികുമാറിന് സഹായിയായാണ് കല ഒപ്പംപോയത്. മിക്കപ്പോഴും ആശുപത്രി യാത്രയുള്ളതിനാൽ കാവ്യയും മിഥുനും അയൽവാസികളുടെ പരിചരണത്തിലാകും. മെഡിക്കൽ കോളേജ് ആശുപത്രിയിൽവച്ച് കലയ്ക്ക് ശ്വാസം മുട്ടൽ അനുഭവപ്പെടുകയായിരുന്നു. കുട്ടികൾക്ക് സഹായത്തിന് ആളില്ലെന്ന തിരിച്ചറിവിലാണ് കല വീടിനടുത്ത് അടൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സതേടിയത്. തീവ്രപരിചരണ വിഭാഗത്തിൽ കഴിയുമ്പോൾ അഞ്ചു ദിവസം മുമ്പ് ഹൃദയാഘാതംമൂലം മരിച്ചു.
തിങ്കളാഴ്ച നടന്ന സഞ്ചയന കർമങ്ങൾക്കിടയിലാണ് രവികുമാറിന്റെ മരണവാർത്ത. അമ്മയുടെ സാംസ്കാര കർമം നടത്തിയത് മിഥുനാണ്. ഇടപ്പോണിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിലുള്ള രവികുമാറിന്റെ മൃതദേഹം വ്യാഴാഴ്ച പകൽ 11ന് വീട്ടിലെത്തിക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..