03 June Wednesday

നിരോധനാജ്ഞ

വെബ് ഡെസ്‌ക്‌Updated: Wednesday Mar 25, 2020

ലോക്ക്‌ ഡൗൺ ദിനത്തിൽ നിർദേശം ലംഘിച്ച്‌ നിരത്തിൽ ഇറങ്ങിയ വാഹനങ്ങൾ എസി റോഡ്‌ പൂപ്പള്ളി ജങ്ഷനിൽ നെടുമുടി പൊലീസ്‌ തടയുന്നു

ആലപ്പുഴ
കോവിഡ്‌–- 19 പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. 31ന്‌ രാത്രി 12 വരെ നിരോധനാജ്ഞ പ്രഖ്യാപിച്ച്‌ കലക്‌ടർ എം അഞ്ജന ഉത്തരവിറക്കി. നാലിൽ കൂടുതൽ ആളുകൾ ഒരുമിച്ച്‌ കൂടരുത്‌. എല്ലാ പൊതുഗതാഗത സംവിധാനവും നിർത്തലാക്കി. ഓട്ടോ–- ടാക്‌സി മുതലായവ അടിയന്തരാവശ്യങ്ങൾക്ക്‌ മാത്രം പരിമിതപ്പെടുത്തുമെന്നും ഉത്തരവിൽ പറയുന്നു. 
സ്വകാര്യ വാഹനങ്ങൾ അവശ്യസാധനങ്ങളും മരുന്നുകളും വാങ്ങാനും ആരോഗ്യ അടിയന്തരാവശ്യങ്ങൾക്കും മാത്രമേ ഉപയോഗിക്കാവൂ. ഇരുചക്ര വാഹനങ്ങളിൽ ഒരാളേ യാത്രചെയ്യാവൂ. മറ്റു വാഹനങ്ങളിൽ ഡ്രൈവറെ കൂടാതെ ഒരു മുതിർന്ന വ്യക്തിക്കും യാത്രചെയ്യാം. 
 സർക്കാർ ജീവനക്കാരടക്കമുള്ളവർ യാത്രചെയ്യുമ്പോൾ നിർബന്ധമായും തിരിച്ചറിയൽ കാർഡ് കരുതണം. അല്ലാത്തവരുടെ വാഹനങ്ങൾ പിടിച്ചെടുത്ത് കേസെടുക്കും.  അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ, മെഡിക്കൽ സ്‌റ്റോർ, പെട്രോൾ പമ്പ്‌, ഗ്യാസ് വിതരണമേഖല, കുടിവെള്ള വിതരണകേന്ദ്രം എന്നിവയൊഴികെ പ്രവർത്തിക്കാൻ പാടില്ല. 
ഭക്ഷ്യവസ്‌തുക്കൾ, പലചരക്ക്, മുട്ട, മാംസം, മത്സ്യം, കാലിത്തീറ്റ,- കോഴിത്തീറ്റ എന്നിവ വിൽക്കുന്ന കടകൾ, സൂപ്പർ മാർക്കറ്റുകൾ, ബേക്കറികൾ എന്നിവ തുറക്കാം. ബേക്കറികളിൽ ജ്യൂസ്, ചായ തുടങ്ങിയവ വിൽക്കരുത്‌. വ്യാപാരസ്ഥാപനങ്ങൾ രാവിലെ ഏഴുമുതൽ വൈകിട്ട്‌ അഞ്ചുവരെ മാത്രമേ പ്രവർത്തിക്കാവൂ. 
എടിഎം, പ്രിന്റ് ആൻഡ്‌ ഇലക്‌ട്രോണിക്‌സ് മീഡിയ, അവശ്യപൊതുവിതരണ ചരക്കുനീക്കം, ഭക്ഷ്യനിത്യോപയോഗ സാധനങ്ങളുടെ വിതരണം എന്നിവ  ഉൾപ്പെടെയുള്ള അവശ്യ സർവീസുകൾക്ക് നിയന്ത്രണം ബാധകമല്ല. ബാങ്കുകൾ രണ്ടുമണിവരെ മാത്രമേ പ്രവർത്തിക്കാവൂ. 
വിദേശത്തുനിന്നും അന്യസംസ്ഥാനങ്ങളിൽനിന്നും മടങ്ങി വന്നവർ നിർബന്ധമായും ആരോഗ്യവകുപ്പിനെ വിവരം അറിയിക്കണം. മാർച്ച് പത്തിനുശേഷം വിദേശത്തുനിന്ന് മടങ്ങിവന്നവർ വിവരം ജില്ലാ ഭരണകേന്ദ്രത്തെയും പൊലീസിനേയും ഉടൻ അറിയിക്കണം. വീടുകളിൽ നിരീക്ഷണത്തിലുള്ളവർ മുറിവിട്ട് പുറത്തിറങ്ങിയാൽ നിയമ നടപടിയെടുക്കും.
പ്രധാന വാർത്തകൾ
 Top