05 February Sunday
ദേശീയ ടൂറിസംദിനം ഇന്ന്‌

വരൂ... ‘ സ്‌ട്രീറ്റിലേക്ക്‌ ’

ടി ഹരിUpdated: Wednesday Jan 25, 2023

ആലപ്പുഴ പുന്നമടയിൽ ബോട്ടിൽ കായൽയാത്ര ആസ്വദിക്കുന്നവർ

ആലപ്പുഴ 
പരമ്പരാഗത ജീവിതരീതികൾക്കും ഗ്രാമീണ വിനോദസഞ്ചാരത്തിനും പ്രാധാന്യം നൽകുന്ന  ‘സ്ട്രീറ്റ്’ ടൂറിസം പദ്ധതി  പുരോഗമിക്കുന്നു. ലോക ടൂറിസം ഓർഗനൈസേഷന്റെ (യുഎൻഡബ്ല്യുടിഒ) ടൂറിസം ഫോർ ഇൻക്ലൂസീവ് ഗ്രോത്ത് എന്ന  പുതിയ മുദ്രാവാക്യത്തിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്ത്‌ 10 കേന്ദ്രത്തിലാണ്‌ പദ്ധതി.  സസ്‌റ്റൈനബിൾ, ടാഞ്ചിബിൾ, റെസ്‌പോൺസിബിൾ, എക്‌സ്‌പീരിയൻഷ്യൽ, എത്‌നിക്, ടൂറിസം ഹബ്സ് എന്നതിന്റെ ചുരുക്കെഴുത്താണ് സ്ട്രീറ്റ്. 
പൊതു–-സ്വകാര്യ പങ്കാളിത്തത്തിലാണ്‌ പദ്ധതി. തദ്ദേശസ്ഥാപനങ്ങൾക്കും തദ്ദേശവാസികൾക്കും വിനോദസഞ്ചാരത്തിൽ മുഖ്യപങ്ക് വഹിക്കാനാകുംവിധമാണ് ഉത്തരവാദിത്വ ടൂറിസം മിഷൻ ഇത്‌ നടപ്പാക്കുന്നത്‌.  
കടലുണ്ടി, തൃത്താല, പട്ടിത്തറ, പിണറായി, അഞ്ചരക്കണ്ടി, മറവൻതുരുത്ത്, മാഞ്ചിറ, വലിയപറമ്പ, കാന്തല്ലൂർ, ചേകാടി എന്നിവയാണ്‌ കേന്ദ്രങ്ങൾ. നാലുവർഷമാണ് പദ്ധതി നിർവഹണം. പദ്ധതിയുടെ ഭാഗമായി വിനോദസഞ്ചാര മേഖലയുമായി ബന്ധപ്പെടുത്താൻ ഉതകുന്ന 1000 തദ്ദേശീയ യൂണിറ്റ്‌ രൂപീകരിക്കും. വനിതകളുടെയും പാർശ്വവൽകൃത ജനവിഭാഗങ്ങളുടെയും കാർഷിക വിനോദസഞ്ചാരങ്ങളുടെയും പദ്ധതി ഉണ്ടാകും. 
വിനോദസഞ്ചാര പ്രവർത്തനം ആരംഭിക്കാത്ത പ്രദേശങ്ങൾ, അന്താരാഷ്‌ട്ര വിനോദസഞ്ചാര കേന്ദ്രങ്ങളുടെ സാമീപ്യമുള്ള പ്രദേശങ്ങൾ,  മികച്ച കേന്ദ്രങ്ങളായി മാറ്റാൻ കഴിയുന്ന ചെറിയ പ്രദേശങ്ങൾ എന്നിങ്ങനെയാണ് പദ്ധതി പ്രദേശങ്ങളെ തരംതിരിച്ചിട്ടുള്ളത്. ഓരോ പദ്ധതി പ്രദേശത്തും സാധ്യതയ്‌ക്കനുസരിച്ച് ഗ്രീൻ, കൾച്ചറൽ, എത്‌നിക് ക്യുസീൻ–-ഫുഡ്, വില്ലേജ് ലൈഫ് എക്‌സ്‌പീരിയൻസ് –- എക്‌സ്‌പീരിയൻഷ്യൽ, അഗ്രി, വാട്ടർ, ആർട്ട്‌ എന്നിങ്ങനെ വിവിധ സ്ട്രീറ്റുകൾ നിലവിൽവരും.  
മുന്നിൽ മറവൻതുരുത്ത്‌ 
ആലപ്പുഴ 
സ്‌ട്രീറ്റ്‌ പദ്ധതിയിൽ നിലവിൽ മറവൻതുരുത്തിൽ വലിയമാറ്റം പ്രകടമാണ്‌. മറവൻതുരുത്തിന്‌ അന്തർദേശീയ അംഗീകാരങ്ങളും ലഭിച്ചിട്ടുണ്ട്‌. കാന്തല്ലൂരിൽ ഡയറക്‌ടറി പൂർത്തിയായി. തുണിസഞ്ചികൾ വിതരണംചെയ്‌തു. ഇവിടെ സ്‌ട്രീറ്റുകളും തീരുമാനിച്ചു. പിണറായിയിൽ 27നും അഞ്ചരക്കണ്ടിയിൽ 29നും ശിൽപ്പശാല നടക്കും. കടലുണ്ടിയിലും തൃത്താലയിലും പട്ടിത്തറയിലും ടൂർപാക്കേജും തയ്യാറായെന്ന്‌ ഉത്തരവാദിത്വ ടൂറിസം മിഷൻ സംസ്ഥാന കോ–-ഓർഡിനേറ്റർ കെ രൂപേഷ്‌കുമാർ പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top