കായംകുളം
വിനോദസഞ്ചാരത്തിന്റെ കേന്ദ്രമാകാൻ കായംകുളം. കായൽടൂറിസത്തിന്റെ ഭാഗമായി ബോട്ടുജെട്ടി സഞ്ചാരികളുടെ കേന്ദ്രമായിമാറി. കായലും കടലും സംഗമിക്കുന്ന കായംകുളം പൊഴിയും ദേശീയ ജലപാതയുമടക്കം ബന്ധപ്പെടുത്തുന്ന നിലയിലാണ് പദ്ധതികൾ.
കായൽസൗന്ദര്യം ആസ്വദിച്ച് ടൂറിസ്‌റ്റുകൾക്ക് വിവിധ കേന്ദ്രങ്ങൾ സന്ദർശിക്കുന്നതിനുള്ള അവസരവും ഇതിലൂടെ സാധ്യമാകും. കായൽ ആഴംകൂട്ടിയ അവസരത്തിൽ ലഭിച്ച മണ്ണ് ഉപയോഗിച്ച് ബോട്ടുജെട്ടിയിൽ മൂന്ന് ഏക്കറോളം സ്ഥലം സജ്ജമാക്കി. അവിടെ മനോഹരമായ പാർക്ക് നിർമിച്ചു.
കായലിനെ സംരക്ഷിച്ച് പ്രശസ്‌തമായ കായംകുളം ജലോത്സവത്തിന് വേദിയാക്കി. വള്ളംകളി കാണാൻ വാട്ടർ പവലിയനും സ്ഥിരം പവലിയനും നിർമിച്ചു. ആകർഷകമായ കമാനങ്ങൾ, പാർക്കിങ് സൗകര്യം, ഫെൻസിങ് അടക്കം സ്ഥാപിച്ചു.
ഓപ്പൺ ഓഡിറ്റോറിയവും നിർമിച്ചു. കൃഷ്‌ണപുരത്ത് അഡ്വഞ്ചർ ടൂറിസം പദ്ധതിയും ഒരുങ്ങുന്നു. കൃഷ്‌ണപുരം അതിർത്തിച്ചിറയിലെ വിനോദസഞ്ചാര കേന്ദ്രത്തിലും വിവിധ പദ്ധതികളാണ് നടപ്പാക്കുന്നത്. മനോഹരമായി തയാറാക്കിയ കൽപ്പടവുകളോടെയുള്ള കുളത്തിൽ ബോട്ടിങ് സംവിധാനമൊരുക്കും.
കൂടാതെ പാർക്കും വിശാലമായ പാർക്കിങ് സംവിധാനവുമുണ്ടാകും.
ഈ സാംസ്‌കാരിക വിനോദസഞ്ചാര കേന്ദ്രത്തിനോട് ചേർന്ന് കാർട്ടൂണിസ്‌റ്റ് ശങ്കർ സ്‌മാരക ദേശീയ കാർട്ടൂൺ മ്യൂസിയവും പ്രവർത്തിക്കുന്നു. രാജസ്‌മരണകൾ ഇരമ്പുന്ന കൃഷ്‌ണപുരം കൊട്ടാരവും സമീപത്തുണ്ട്. ദേശീയപാതയോരത്തായി ഒരുക്കുന്ന ഈ ടൂറിസം കേന്ദ്രം വിനോദസഞ്ചാരികൾക്ക് മനോഹര കാഴ്‌ചകളൊരുക്കാനായി തയാറായിവരികയാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..