28 May Thursday
സുരക്ഷയ്‌ക്കായി ഫെറികളിൽ സമയം നോക്കാതെ സർവീസ്‌

850 ട്രിപ്പ്‌; ആശ്രയമായി ജലഗതാഗതം

സ്വന്തം ലേഖകൻUpdated: Tuesday Mar 24, 2020

കുട്ടനാട്ടിൽ സർവീസ്‌ നടത്തുന്ന ബോട്ട്‌

ആലപ്പുഴ
കോവിഡ്‌ 19 പശ്‌ചാത്തലത്തിലും ജനങ്ങൾക്ക്‌ ആശ്രയമായി ജലഗതാഗതം. സംസ്ഥാന ജലഗതാഗത വകുപ്പിന്റെ ബോട്ടുകൾ അഞ്ച്‌ ജില്ലകളിലാണ്‌ സർവീസ്‌ നടത്തുന്നത്‌. വിവിധയിടങ്ങളിലായി 850 ട്രിപ്പുകളാണ്‌ തിങ്കളാഴ്‌ച നടത്തിയത്‌. കുട്ടനാടാണ്‌ ജലഗതാഗതത്തെ ഏറെയും ആശ്രയിക്കുന്നത്‌. കാസർകോടും ബോട്ട്‌ സർവീസ്‌ ഉണ്ടെങ്കിലും നിയന്ത്രണം മൂലം തിങ്കളാഴ്‌ച മുതൽ നിർത്തി. തിരക്കുള്ള സമയങ്ങളിൽ ഫെറികളിൽ യാത്രക്കാർക്ക്‌ സുരക്ഷിത അകലം പാലിക്കാൻ സൗകര്യമൊരുക്കിയാണ്‌ സർവീസ്‌.  
 കണ്ണൂർ, എറണാകുളം, കോട്ടയം, ആലപ്പുഴ, കൊല്ലം ജില്ലകൾക്കാണ്‌ കോവിഡ്‌ കാലത്തും ബോട്ട്‌ സർവീസ്‌ ആശ്വാസമാവുന്നത്‌. ജനതാ കർഫ്യൂ ദിനത്തിൽ ബോട്ടുകൾ ജീവനക്കാർ അണുവിമുക്തമാക്കിയിരുന്നു. ശനിയാഴ്‌ച രാത്രിയും ഞായറാഴ്‌ച രാവിലെയുമായാണ്‌ സോപ്പും വെള്ളവും ഉപയോഗിച്ച്‌ എല്ലായിടത്തെയും ബോട്ടുകൾ ശുചീകരിച്ചത്‌.  കാസർകോടിനു പുറമേ ഇതുവരെ രണ്ടു സർവീസേ ഒഴിവാക്കിയിട്ടുള്ളൂ. കണ്ണൂർ പറശ്ശിനിയിലും വൈക്കം–-എറണാകുളം റൂട്ടിലെ പാസഞ്ചർ കം ടൂറിസ്‌റ്റ്‌ സർവീസാണ്‌ നിർത്തിയത്‌. മറ്റു സർവീസുകൾ പതിവുപോലെയുള്ളതിനാൽ സ്ഥിരം യാത്രക്കാർക്ക്‌ പ്രയാസമുണ്ടായില്ല.
  സർവീസിന്റെ സ്ഥിതിഗതികൾ വിലയിരുത്താൻ ആലപ്പുഴയിൽ ഡയറക്‌ടറേറ്റ്‌ ഓഫീസിൽ തിങ്കളാഴ്‌ച  യോഗം ചേർന്നു. ഫെറികളിൽ രാവിലെ തിരക്കുള്ള നേരത്ത്‌ സമയം പരിഗണിക്കാതെ സർവീസ്‌ നടത്താൻ തീരുമാനമായതായി ജലഗതാഗത വകുപ്പ് ഡയറക്‌ടർ ഷാജി വി നായർ പറഞ്ഞു. യാത്രക്കാർ കൂട്ടംകൂടി രോഗവ്യാപനത്തിന്‌ ഇടയാക്കുന്ന സാഹചര്യം ഒഴിവാക്കാനാണിത്‌.  അധികമായി നടത്തുന്ന സർവീസുകൾക്ക്‌ പകരം ഉച്ചനേരത്തെ ട്രിപ്പുകൾ കുറക്കും. കോവിഡ്‌ 19 ഭീഷണി കണക്കിലെടുത്ത്‌ ബോട്ടുകൾ എന്നും ശുചിയാക്കാനാണ്‌ തീരുമാനമെന്നും സർവീസിലെ ഇടവേള ഇതിനായി വിനിയോഗിക്കുമെന്നും അദ്ദേഹം അറിയിച്ചു. പല സ്ഥലത്തും രാത്രിയിൽ ജീവനക്കാർ പോയി സ്‌റ്റേ ചെയ്യുന്നുണ്ട്‌. അവരുടെ ശുചിത്വം ഉറപ്പുവരുത്താനുള്ള ക്രമീകരണവും ഏർപ്പെടുത്തും.
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top