25 March Saturday

കടലാമക്കുഞ്ഞുങ്ങളെ തിരയ്ക്ക് നല്‍കിയൊരു സായാഹ്നം

വെബ് ഡെസ്‌ക്‌Updated: Saturday Mar 24, 2018

അമ്പലപ്പുഴ > പ്രകൃതി സ്നേഹികള്‍ സംരക്ഷിച്ച് വിരിയിച്ച കടലാമക്കുഞ്ഞുങ്ങളെ യാത്രയാക്കാന്‍ പരിസ്ഥിതി സ്നേഹിയായ ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന എല്‍ഡിഎഫ് സ്ഥാനാര്‍ഥി സജിചെറിയാന്‍ എത്തി. തെരഞ്ഞെടുപ്പ് തിരക്കുകള്‍ക്കിടയിലാണ് തോട്ടപ്പള്ളി കടല്‍തീരത്തെത്തി ഗ്രീന്‍ റൂട്ട്സ് പ്രവര്‍ത്തകര്‍ക്കൊപ്പം ചേര്‍ന്ന് സജിചെറിയാന്‍ ആമക്കുഞ്ഞുങ്ങളെ കടലില്‍ ഇറക്കിയത്. തുടര്‍ച്ചയായ നാലാം വര്‍ഷമാണ് തോട്ടപ്പള്ളിയിലെ പ്രകൃതിസ്നേഹികളുടെ കൂട്ടായ്മയായ ഗ്രീന്‍ റൂട്ട്സ് കടലാമ മുട്ടകള്‍ സംരക്ഷിച്ച് വിരിയിച്ച് കുഞ്ഞുങ്ങളെ കടലില്‍ വിടുന്നത്. തോട്ടപ്പള്ളിതീരത്ത് കണ്ടെത്തിയ 122 മുട്ടകള്‍ അവിടെതന്നെ സംരക്ഷിക്കുകയായിരുന്നു. ഇതില്‍ 44 എണ്ണമാണ് കഴിഞ്ഞ ദിവസം വിരിഞ്ഞത്. ഇവയെ കടലിലേയ്ക്ക് യാത്രയാക്കുന്നതിന് സജിചെറിയാന്‍ എത്തണമെന്ന് ഗ്രീന്‍ റൂട്ട്സ് സെക്രട്ടറി സജി ജയമോഹനും പ്രസിഡന്റ് എം ആര്‍ ഓമനക്കുട്ടനും ഫോണില്‍ അറയിക്കുകയായിരുന്നു. 

മുന്‍വര്‍ഷങ്ങളിലും സജിചെറിയാന് ഇവരുടെ ക്ഷണം ഉണ്ടായിരുന്നെങ്കിലും പല കാരണങ്ങളാല്‍ പങ്കെടുക്കാനായില്ല. ഇതിന്റെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ് ചൂടുകള്‍ക്കിടയില്‍ വെളളിയാഴ്ച വൈകിട്ട് നാലോടെ തോട്ടപ്പള്ളി പാര്‍ക്കിന് സമീപത്തെ കടല്‍ തീരത്തെത്തിയത്. വിരിഞ്ഞ് മണിക്കൂറുകള്‍ മാത്രം പിന്നിട്ട കടലാമക്കുഞ്ഞുങ്ങളെ കൈയിലെടുത്ത സജിചെറിയാന്‍ തിരമാലകള്‍ കരയിലേയ്ക്ക് എത്തിയപ്പോള്‍ ഇവയെ ഒന്നൊന്നായി വിട്ടയക്കുകയായിരുന്നു. മത്സ്യസമ്പത്തിന്റെ വര്‍ധനയക്ക് വിഘാതം സൃഷ്ടിക്കുന്ന ജെല്ലിഫിഷുകളെ നശിപ്പിക്കുന്ന 'ഒലീവ് റിഡ്ലി' ഇനത്തില്‍പ്പെട്ട കടലാമകള്‍ കടലിന്റെയും മത്സ്യതൊഴിലാളികളുടെയും മിത്രങ്ങളാണെന്നും ഇവയെ സംരക്ഷിച്ച് വിരിയിക്കുന്ന ഗ്രീന്‍ റൂട്ട്സിന്റെ പ്രവര്‍ത്തനം മാതൃകാപരമാണെന്നും സജിചെറിയാന്‍ പറഞ്ഞു. കരുണ പാലിയേറ്റീവ് കെയര്‍ ജനറല്‍ സെക്രട്ടറി എന്‍ ആര്‍ സോമന്‍പിള്ള അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top