ആലപ്പുഴ
നവീകരിച്ച രാജാകേശവദാസ് നീന്തൽക്കുളം വെള്ളിയാഴ്ച മന്ത്രി വി അബ്ദുറഹിമാൻ ഉദ്ഘാടനംചെയ്യുമെന്ന് പി പി ചിത്തരഞ്ജൻ എംഎൽഎ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കായികപ്രതിഭകളെ എ എം ആരിഫ് എംപി അനുമോദിക്കും. പി പി ചിത്തരഞ്ജൻ എംഎൽഎ അധ്യക്ഷനാകും.
സ്പോർട്സ് കൗൺസിലിന്റെ ഉടമസ്ഥതയിലുള്ള രാജാകേശവദാസ് നീന്തൽക്കുളം 1997ൽ സ്ഥാപിതമായതാണ്. 2005 വരെ പ്രവർത്തനസജ്ജമായിരുന്നു. 2005ൽ പ്രവർത്തനം നിലച്ചു. 2015ലെ ദേശീയ ഗെയിംസിനോടനുബന്ധിച്ച് 2013ൽ നവീകരണം തുടങ്ങി. പിന്നീട് പ്രവൃത്തികൾ കായിക എൻജിനിയറിങ് വിഭാഗം ഏറ്റെടുത്തെങ്കിലും സാങ്കേതിക കാരണങ്ങളാൽ പ്രവൃത്തി പൂർത്തിയാക്കാൻ സാധിച്ചില്ല. 2021ൽ നവീകരണം സ്പോർട്സ് ഫൗണ്ടേഷൻ കേരള ഏറ്റെടുത്ത് പ്രതീക്ഷിച്ച സമയത്തുതന്നെ പൂർത്തിയാക്കി. 2.25 കോടി രൂപ നവീകരണത്തിനായി സർക്കാർ ചെലവഴിച്ചു. 50 മീറ്റർ നീളവും 25 മീറ്റർ വീതിയും 10 ട്രാക്കുകളുമുള്ള നീന്തൽക്കുളം ജില്ലയിലെ ഏറ്റവും വലുതാണ്. ഇതിന് 37 ലക്ഷം ലിറ്റർ ജലസംഭരണശേഷിയുണ്ട്.
സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ ഒരു മണ്ഡലത്തിൽ ഒരു കളിക്കളം എന്ന പദ്ധതി നടപ്പാക്കുകയാണ്. സർക്കാർ 50 ലക്ഷവും എംഎൽഎ ഫണ്ടിൽനിന്ന് 50 ലക്ഷവും ചെലവിട്ടാണ് കളിക്കളങ്ങൾ നിർമിക്കുന്നത്. കളിക്കളവും ഇ എം എസ് സ്റ്റേഡിയവും നീന്തൽക്കുളവും എല്ലാം ജില്ലയ്ക്ക് കായികരംഗത്ത് വലിയ കുതിപ്പ് സമ്മാനിക്കുമെന്ന് പി പി ചിത്തരഞ്ജൻ പറഞ്ഞു.
വാർത്താസമ്മേളനത്തിൽ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് പി ജെ ജോസഫ്, വൈസ് പ്രസിഡന്റ് വി ജി വിഷ്ണു, ടി കെ അനിൽകുമാർ, ടി കെ ഉമാനാഥ്, ടി ജയമോൻ, എൻ പ്രദീപ്കുമാർ എന്നിവരും പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..