28 September Wednesday

നിയമന തട്ടിപ്പ്: 3 പേര്‍ കൂടി അറസ്‌റ്റില്‍

വെബ് ഡെസ്‌ക്‌Updated: Friday Sep 23, 2022
മാവേലിക്കര
ചെട്ടികുളങ്ങര കേന്ദ്രീകരിച്ച നിയമനതട്ടിപ്പിൽ മൂന്ന്‌ പേർ കൂടി അറസ്‌റ്റിലായി. കൊല്ലം കോർപറേഷൻ വാർഡ് 44ൽ ശങ്കേഴ്‌സ് ആശുപത്രിക്ക് സമീപം ബിഎസ്എൻഎൽ സ്‌റ്റാഫ് ക്വാർട്ടേഴ്‌സ് ബി പത്തിൽ ഫെബിൻ ചാൾസ് (23), ചെട്ടികുളങ്ങര കണ്ണമംഗലം വടക്ക് മങ്കോണത്ത് അനീഷ് (24), കടവൂർ പദ്മാലയത്തിൽ പി രാജേഷ് (34) എന്നിവരാണ് അറസ്‌റ്റിലായത്. 
  ഫെബിനെ കൊല്ലത്തുനിന്നും അനീഷിനെ കല്ലുമലയിലെ ബന്ധുവീട്ടിൽനിന്നും രാജേഷിനെ കടവൂരിൽനിന്നുമാണ് പിടികൂടിയത്. അനീഷും രാജേഷും കേസിൽ നേരത്തേ റിമാൻഡിലായിരുന്നു. ജാമ്യത്തിലിറങ്ങിയ ഇവർക്കെതിരെ കൂടുതൽ പരാതി എത്തിയതോടെയാണ് വീണ്ടും അറസ്‌റ്റിലായത്. മുഖ്യപ്രതി വിനീഷ് രാജിനെ കൂടാതെ അരുൺ, ആദിത്യൻ, ബിന്ദു, സന്തോഷ്‌കുമാർ, വൈശാഖ്, അഖിൽ എന്നീ പ്രതികൾ റിമാൻഡിലാണ്‌. 
  സ്വകാര്യബസ് ഉടമയായ ഫെബിൻ 27 പേരിൽനിന്നായി ഒരുകോടി രൂപ വാങ്ങിയതായി പൊലീസ് പറഞ്ഞു. ഇതിൽ പകുതി മുഖ്യപ്രതി വിനീഷിന് കമീഷൻ ഇനത്തിൽ കൈമാറി. ഫെബിന്റെ ഭാര്യക്ക് ദേവസ്വം ബോർഡിൽ ജോലി വാഗ്‌ദാനംചെയ്‌ത വിനീഷ് 6.5 ലക്ഷം രൂപയാണ് വാങ്ങിയതെന്ന് പൊലീസ് പറയുന്നു. വിനീഷ് പറഞ്ഞതനുസരിച്ച് കൊല്ലം സ്വദേശി, ഫെബിന്റെ അക്കൗണ്ടിലേക്ക് രണ്ടുലക്ഷം രൂപ അയച്ചിരുന്നു. ഈ കൈമാറ്റമാണ് ഫെബിനെ കുടുക്കിയത്. 
  ഫെബിന് വിനീഷിനെ പരിചയപ്പെടുത്തിയ ദീപുത്യാഗരാജൻ എന്നയാളെ പൊലീസ് തെരയുന്നുണ്ട്. കൊല്ലം, തിരുവനന്തപുരം, കരുനാഗപ്പള്ളി ഭാഗങ്ങളിലുള്ളവരാണ് ഫെബിന് പണം നൽകിയത്. അനീഷും രാജേഷും സ്വന്തം നിലയ്‌ക്കും വിനീഷിനുവേണ്ടിയും പണം കൈപ്പറ്റി. ഏഴ്‌ പേർ കൂടി പൊലീസ് നിരീക്ഷണത്തിലുണ്ട്. അന്വേഷണച്ചുമതല ചെങ്ങന്നൂർ ഡിവൈഎസ്‌പി ഡോ. ആർ ജോസിനാണ്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top