19 February Tuesday

സഞ്ചാരികൾക്ക‌് രാത്രികാഴ്‌ച നുണയാം; വേമ്പനാട്ടുകായലിൽ വിശ്രമകേന്ദ്രം

സിബി ജോർജ‌്Updated: Saturday Jun 23, 2018

ആലപ്പുഴ>പുരവളളങ്ങളിൽ കുട്ടനാടൻ കാഴ‌്ചകൾ കാണാനെത്തുന്ന വിനോദസഞ്ചാരികൾക്ക‌് തങ്ങാൻ വേമ്പനാട്ടുകായലിൽ വിശ്രമകേന്ദ്രം. കൈനകരിക്ക‌് സമീപം വട്ടക്കായലിലാണ‌് രാത്രി തങ്ങാനുള്ള വിശ്രമകേന്ദ്രം ഒരുങ്ങിയത‌്. 12.25 കോടി രൂപ ചെലവഴിച്ച‌് നിർമാണം പൂർത്തീകരിച്ച ഇവിടേക്ക‌് ഇനി വേണ്ടത‌് വൈദ്യുതിബന്ധം മാത്രമാണ‌്.  കനത്ത മഴയും ശക്തമായ കാറ്റുമുള്ളതിനാലാണ‌് ഇക്കാര്യത്തിൽ കാലതാമസം. ഈ മാസം തന്നെ വൈദ്യുതിബന്ധം ലഭിച്ചാൽ ജൂലൈ ആദ്യം  ഉദ‌്ഘാടനം ചെയ്യാനാണ‌് ടൂറിസം വകുപ്പിന്റെ ആലോചന.

വേമ്പനാട്ടുകായലിൽ സഞ്ചാരികൾക്ക‌് മനോഹരകാഴ‌്ചയൊരുക്കുന്ന ഭാഗമാണ‌് വട്ടക്കായൽ. സൂര്യാസ‌്തമയവും ഉദയവുമെല്ലാം ഭംഗിയോടെ ഇവിടെ നിന്ന‌് ആസ്വദിക്കാനാകും.  പുരവളളങ്ങളിൽ സഞ്ചരിക്കുന്നവർക്ക‌് കായലിൽ രാത്രി യാത്രയ‌്ക്ക‌് അനുമതിയില്ല. മത്സ്യബന്ധനം തടസപ്പെടാതിരിക്കാനാണ‌് ഈ നിയന്ത്രണം. രാത്രിയിൽ കായലോരങ്ങളിലും പാടശേഖരങ്ങളുടെ പുറംബണ്ടിലും വള്ളം അടുപ്പിച്ചുകഴിഞ്ഞാൽ സഞ്ചാരികൾക്ക‌് വിനോദത്തിന‌് മറ്റ‌് മാർഗങ്ങളൊന്നുമില്ല. പിറ്റേന്ന‌ുവരെ വള്ളത്തിൽ തന്നെ വിശ്രമിക്കേണ്ടി വരും. കരയിൽ ഇരുട്ടായതിനാൽ വള്ളത്തിൽ നിന്ന‌് ഇറങ്ങി കാഴ‌്ചകൾ കാണാനും സൗകര്യമില്ല. വിനോദസഞ്ചാര മേഖല നേരിടുന്ന ഈ പ്രതിസന്ധിക്ക‌് പരിഹാരമായാണ‌് ടൂറിസം വകുപ്പ‌് രാത്രിയിൽ തങ്ങാനുള്ള വിശ്രമകേന്ദ്രം കായലിൽ തന്നെയൊരുക്കിയത‌്. കായൽത്തുരുത്തായ മൂന്നരയേക്കറിലാണ‌് വിശ്രമകേന്ദ്രം. 40 പുരവള്ളങ്ങൾ ഒരേസമയം ഇവിടെ അടുപ്പിക്കാനാകും.  കാറ്റ‌് ശക്തമായതിനാൽ  മഴക്കാലത്ത‌്  മാത്രം ഇത്രയും വള്ളങ്ങൾ ഒരുമിച്ച‌് അടുപ്പിക്കാനാകില്ല.  തണ്ണീർമുക്കം, അരൂക്കുറ്റി, മൂന്നാറ്റുമുഖം എന്നീ കായൽതീരങ്ങളിലും പുരവളളങ്ങൾ അടുപ്പിക്കാൻ ടൂറിസംവകുപ്പ‌്   സൗകര്യമൊരുക്കിയിട്ടുണ്ട‌്.  എന്നാൽ വട്ടക്കായലിൽ മാത്രമാണ‌് നാലുവശവും വെള്ളത്താൽ ചുറ്റപ്പെട്ട വിശ്രമകേന്ദ്രം എന്നതും സഞ്ചാരികൾക്ക‌് ആകർഷകമാകും.

കടലിലെ പുലിമുട്ടുപോലെ കായലിലേക്ക‌് ഇറക്കി തൂണുകളിൽ നിർമിച്ച  പ്ലാറ്റ‌്ഫോമാണ‌് പ്രധാന പ്രത്യേകത.    പ്ലാറ്റ‌്ഫോമിന‌് ഏകദേശം 300 മീറ്റർ നീളമുണ്ട‌്. ഇവിടെയിരുന്ന‌് കാറ്റുകൊള്ളാനും വിശ്രമിക്കാനും സാധിക്കും. സാഹസികത ഇഷ്ടപ്പെടുന്നവർക്ക‌് കാറ്റിൽ ഉയർന്നുപൊങ്ങുന്ന തിരമാലകളുടെ  ഭംഗിയും നുകരാനാകും.  ഭക്ഷണശാലയും ശുചിമുറിയും  സജ്ജീകരിക്കുന്നുണ്ട‌്.  സഞ്ചാരികൾക്ക‌് ആസ്വദിക്കാൻ കലാ‐സാംസ‌്കാരികപരിപാടികളും അവതരിപ്പിക്കും. ഇതിനായി പ്രത്യേക വേദികളും തയ്യാറാക്കിയിട്ടുണ്ട‌്. മൊബൈൽഫോൺ കവറേജ‌് ലഭിക്കുന്നതിനാൽ ഇന്റർനെറ്റ‌് സൗകര്യങ്ങളും ലഭിക്കും.

സഞ്ചാരികൾ വിശ്രമിക്കുന്ന സമയത്ത‌് പുരവള്ളങ്ങൾക്ക‌് അടുക്കള﹣കക്കൂസ‌്മാലിന്യങ്ങൾ സംസ‌്കരിക്കാനുള്ള സംവിധാനവും ഇതോടനുബന്ധിച്ചിട്ടുണ്ട‌്.   സൗകര്യങ്ങളെല്ലാം  ഉപയോഗിക്കുന്നതിന‌്  ചെറിയ ഫീസ‌് ഏർപ്പെടുത്താനും ആലോചനയുണ്ട‌്.  വിശ്രമകേന്ദ്രത്തിന്റെ നടത്തിപ്പുചുമതല   ഡിടിപിസിക്ക‌് കൈമാറാനാണ‌് സാധ്യത. വട്ടക്കായലിൽ ജലകായികവിനോദങ്ങൾക്കും സാധ്യതയുള്ളതിനാൽ ചെറുവള്ളങ്ങളിലും തോണികളിലും സഞ്ചരിക്കാനുള്ള ക്രമീകരണങ്ങളും  ഭാവി പദ്ധതിയാണ‌്.  ഡിടിപിസി മുഖേന കൈനകരി കേന്ദ്രീകരിച്ച‌് ഈ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട‌്. നാട്ടുകാരുമായി ചേർന്നാണ‌് ഈ പദ്ധതി.

പുരവള്ള ടൂറിസത്തിന്റെ മുഖ്യകേന്ദ്രമായ ആലപ്പുഴയിൽ എത്തുന്ന സഞ്ചാരികളുടെ എണ്ണം വർഷംതോറും വർധിക്കുന്നതായാണ‌് കണക്കുകൾ വ്യക്തമാക്കുന്നത‌്.  75,037 വിദേശികളും 4,33,456 ആഭ്യന്തരസഞ്ചാരികളും കഴിഞ്ഞവർഷം ആലപ്പുഴ സന്ദർശിച്ചു. മഴക്കാലത്തും കായൽയാത്ര ഇഷ്ടപ്പെടുന്നവരുടെ എണ്ണം കൂടുന്നുണ്ട‌്. കായലിലെ വിശ്രമകേന്ദ്രത്തെ കുറിച്ച‌്  പുറംലോകമറിയുന്നതോടെ സഞ്ചാരികളുടെ ഒഴുക്ക‌് വീണ്ടും വർധിക്കുമെന്നാണ‌് വിലയിരുത്തൽ.

പ്രധാന വാർത്തകൾ
 Top