02 July Thursday

സഹപ്രവർത്തകനെ കൊലപ്പെടുത്തിയയാൾക്ക്‌ ജീവപര്യന്തം

വെബ് ഡെസ്‌ക്‌Updated: Saturday May 23, 2020
മാവേലിക്കര
സഹതൊഴിലാളിയെ അടിച്ചുകൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം കഠിനതടവും 25,000 രൂപ പിഴയും വിധിച്ചു. മാവേലിക്കര അഡീഷണൽ ജില്ലാ സെഷൻസ് കോടതി ജഡ്‌ജി കെന്നത്ത് ജോർജാണ്‌ വിധി പറഞ്ഞത്‌. എറണാകുളം ചെല്ലാനം തൈപ്പറമ്പിൽ ഗോപിയെ (53) ആണ് ശിക്ഷിച്ചത്. പിഴഅടച്ചില്ലെങ്കിൽ ആറുമാസം കൂടി അധിക തടവ് അനുഭവിക്കണം. ഇടുക്കി കട്ടപ്പന സ്വദേശി രാജനാണ്‌ (65) മരിച്ചത്‌. 2015 ഒക്‌ടോബർ 12ന് രാത്രി 10ന് ദേശീയപാതയിൽ കരീലക്കുളങ്ങര സ്‌പിന്നിങ് മില്ലിന്‌ സമീപമാണ്‌ കൊലപാതകം നടന്നത്. സിമന്റ് ബെഞ്ചിൽ ഉറങ്ങിക്കിടന്ന രാജനെ ഗോപി കാറ്റാടിക്കഴകൊണ്ട്‌ അടിക്കുകയായിരുന്നു. സൈക്കിളിൽ രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ നാട്ടുകാർ പിടികൂടി പൊലീസിന്‌ കൈമാറി.
ഇരുവരും ശുചിമുറികൾ വൃത്തിയാക്കുന്ന ജോലിക്കാരായിരുന്നു. 2015 ഒക്‌ടോബർ മൂന്നിന് പുല്ലുകുളങ്ങര സർവീസ് സഹകരണബാങ്ക് കെട്ടിടത്തിന്റെ വരാന്തയിൽ ഉറങ്ങിക്കിടന്ന ഗോപിയെ രാജൻ അടിച്ച്‌ പരിക്കേൽപ്പിച്ചിരുന്നു. ഇതിന്റെ വൈരാഗ്യമാണ് കൊലപാതകത്തിൽ കലാശിച്ചത്. 
26 സാക്ഷികളെ വിസ്‌തരിച്ച പ്രോസിക്യൂഷൻ 23 രേഖകളും 36 തൊണ്ടിമുതലുകളും ഹാജരാക്കി. പ്രോസിക്യൂഷനുവേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ ഇ നാസറുദീൻ ഹാജരായി. കായംകുളം മുൻ സിഐ കെ എസ് ഉദയഭാനുവായിരുന്നു അന്വേഷണ ഉദ്യോഗസ്ഥൻ.
പ്രധാന വാർത്തകൾ
 Top