28 May Thursday
ഇന്ന്‌ മുതൽ പൊതിച്ചോറ്‌

അവർക്ക്‌ അന്നം മുടക്കാതെ ജനകീയ ഭക്ഷണശാല

സ്വന്തം ലേഖകൻUpdated: Monday Mar 23, 2020

സ്നേഹജാലകം ഭക്ഷണ ശാലയിൽനിന്ന്

മാരാരിക്കുളം
ജനകീയ കർഫ്യൂദിനത്തിലും പാതിരപ്പള്ളിയിലെ സ്നേഹജാലകം ജനകീയ ഭക്ഷണശാലയുടെ അടുക്കള വിശക്കുന്നവർക്കൊപ്പം. ക്യാഷ്യറും പണപ്പെട്ടിയുമില്ലാതെ  പ്രവർത്തിക്കുന്ന പാവപ്പെട്ടവന്റെ അന്നപ്പുരയുടെ അടുക്കള ഞായറാഴ്‌ച രാവിലെ തന്നെ സജീവമായി.
വിവിധ ഷിഫ്റ്റുകളിലായി പ്രവർത്തിക്കുന്ന ജനകീയ ഭക്ഷണശാലയിലെ ജീവനക്കാരെല്ലാവരും ഞായറാഴ്ച പുലർച്ചേ തന്നെ എത്തിയിരുന്നു. രോഗികളായ 200 പേർക്ക് വീടുകളിൽ എത്തിച്ചു നൽകുന്നതിനുള്ള ഭക്ഷണം മാത്രമായിരുന്നു ഞായറാഴ്‌ച പാചകം ചെയ്‌തത്‌. ഇവ ചൂടാറാ പാത്രത്തിൽ നിറച്ച് വീടുകളിൽ ഭക്ഷണമെത്തിക്കുന്ന ചുമതലക്കാരെ ഏൽപ്പിച്ച്‌ കർഫ്യൂ ആരംഭിക്കുന്നതിന്‌ മുമ്പു തന്നെ ജീവനക്കാർ വീടുകളിലേയ്ക്ക് മടങ്ങി.
ഞായറാഴ്ച ഭക്ഷണശാലയിൽ ആഹാര വിതരണം ഉണ്ടായിരുന്നില്ല. 197 കിടപ്പുരോഗികളും നിരാലംബരുമായ മനുഷ്യർക്കാണ് പ്രതിദിനം സ്നേഹജാലകം ഭക്ഷണം വീടുകളിൽ എത്തിച്ചു നൽകുന്നത്. രാവിലെയും ഉച്ചയ്ക്കും വൈകുന്നേരവുമായി 600 ലേറെപ്പേർ ഭക്ഷണശാലയിൽ വന്നും ആഹാരം കഴിക്കുന്നുണ്ട് .എന്നാൽ കോവിഡ്‌ ഭീഷണിയുടെ  സാഹചര്യത്തിൽ പ്രദേശത്തെ പല ഭക്ഷണശാലകളും പ്രവർത്തനം അവസാനിപ്പിച്ചിരുന്നു. അതോടെ ജനകീയ ഭക്ഷണശാലയിൽ തിരക്ക് വർദ്ധിച്ചു. 
 ഒരു മീറ്റർ അകലത്തിൽ കൊറിഡോറിലടക്കം ഇരിപ്പിടങ്ങൾ ക്രമീകരിച്ചാണ് തിരക്ക് നിയന്ത്രിച്ചത്. ഈ രീതി തുടരാൻ കഴിയാത്ത സാഹചര്യത്തിൽ തിങ്കളാഴ്ച മുതൽ രണ്ടാഴ്‌ച ഭക്ഷണപ്പൊതി നൽകുമെന്ന്‌ പ്രസിഡന്റ് ജയൻ തോമസും സെക്രട്ടറി സജിത്ത് രാജും ഭക്ഷണ ശാല സബ് കമ്മിറ്റി കൺവീനർ പി എം ഷാജിയും അറിയിച്ചു. കൊറോണ രോഗവ്യാപനം തടയാൻ എല്ലാ നിലയിലുള്ള ആൾക്കൂട്ടവും ഒഴിവാക്കാനുള്ള സർക്കാർ നിർദ്ദേശം പാലിച്ചുള്ള ക്രമീകരണത്തോട് എല്ലാവരും സഹകരിക്കണമെന്നും സ്നേഹജാലകം അഭ്യർഥിച്ചു.

 

പ്രധാന വാർത്തകൾ
 Top