30 May Saturday

പൊറോട്ട, പോത്ത്‌, പഴംപൊരി ; രുചിയുടെ രാജ

നന്ദു വിശ്വംഭരൻUpdated: Monday Mar 23, 2020

രാജയുടെ ചായക്കട

ആലപ്പുഴ 
പുറത്ത് കായൽ ശാന്തമാണ്. കന്നിട്ട ജെട്ടിയിൽ വൈകുന്നേര വർത്തമാനം ചൂടുപിടിക്കുന്നു. ബോട്ടെത്തിയതോടെ ആളുകൂടി. ബോട്ടിറങ്ങിയവരിൽ പലരും നേരെ ചായക്കടയിലേക്കാണ്‌. 
" പൊറോട്ടയെടുക്കട്ടേ?' –- ചോദ്യത്തിന്‌ പിന്നാലെ സ്‌റ്റീൽ പ്ലേറ്റിൽ പൊറോട്ടയും പോത്തിറച്ചിയുമെത്തി. കുറുകിയ പോത്തിറച്ചിയുടെ ചാറിൽ നനഞ്ഞുകുതിർന്ന്‌ കിടക്കുകയാണ്‌ പൊറോട്ട. കനമുള്ള പോറോട്ടയ്‌ക്ക്‌ കൈയിടാൻ പറ്റാത്തത്ര ചൂട്. വെന്തുകുറുകിയ പോത്തുകറിയുടെയും മൊരിഞ്ഞ പൊറോട്ടയും ചേർന്ന്‌ ആദിമമായ രുചിയുടെ വാസനാലോകം സൃഷ്‌ടിക്കുന്നു. 
 പോത്തിറച്ചി ഒരു കഷണം പൊറോട്ടയിൽ പൊതിഞ്ഞ് അൽപം ചാറിൽമുക്കി കഴിച്ച് കണ്ണടച്ചിരിക്കണം. ഒന്നൊന്നര ഫീലാണ്. കന്നിട്ട ജെട്ടിയിലെ രാജയുടെ ചായക്കടയിലാണ് പൊറോട്ടയുടെയും പോത്തിറച്ചിയുടെയും രുചി. 65 വർഷമായി കന്നിട്ട ജെട്ടിയിൽ രാജയുടെ ചായക്കടയുണ്ട്. പേര് സൂചിപ്പിക്കുന്ന പോലെ രാജയുടെ കടയാണിത്. പൊറോട്ട കഴിച്ച് തീരാറാകുമ്പോൾ അടുത്ത ചോദ്യം, വാഴയ്‌ക്കാപ്പം എടുക്കട്ടെ? പോത്തിറച്ചിയും കൂട്ടി കഴിക്കാനാണ്. അപൂർവമായ  കോമ്പിനേഷൻ കൂടി ചേർന്നാലേ രാജയുടെ കടയിലെ രുചിയുടെ ഫീൽ പൂർണമാവൂ.  
 വാപ്പ സജീവ് മൻസിലിൽ അബ്‌ദുൽ സലാമിനും ഇക്ക മജീദിനുമൊപ്പം തന്റെ അഞ്ചാം വയസുമുതൽ രാജ ചായക്കടയിലുണ്ട്. കുട്ടിക്കാലവും യൗവനവും പിന്നിട്ട്‌ വാർധക്യവും കടയിൽതന്നെ. കട തുടങ്ങിയ സമയത്ത് പുട്ടും കടലയും മറ്റ് വിഭവങ്ങളുമുണ്ടായിരുന്നു. പിന്നീടാണ് പൊറോട്ടയും പൊത്തിറച്ചിയും മാത്രമാക്കിയത്. അത് പിന്നീട് കന്നിട്ട ജെട്ടിയുടെ ദേശീയ ഭക്ഷണമായി. രുചിയായി. രാജ അവരുടെ സ്വന്തം രാജാക്കയായി.
എന്താണ് രുചിയുടെ രഹസ്യമെന്ന് ചോദിച്ചാൽ നിഷ്‌ക്കളങ്കമായ ചിരിയാണ് മറുപടി. 
 ചുങ്കത്തുനിന്നാണ് നാടൻ പോത്ത് വാങ്ങുന്നത്. ദിവസം പതിനഞ്ച് കിലോ പോത്ത് വരെ വാങ്ങുന്നു. ഇപ്പോൾ അത്രയും ആവശ്യം വരാറില്ലെന്ന്‌ രാജാക്ക പറഞ്ഞു. ഒരു കാലത്ത്  ആലപ്പുഴയിലെത്തുന്ന വിദേശികളടക്കമുള്ള വിനോദസഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമായിരുന്നു രാജയുടെ ചായക്കട. അവരുടെ എണ്ണത്തിൽ അൽപം കുറവുണ്ടെങ്കിലും ഇപ്പോഴും രാജാക്കയുടെ ചായക്കട അന്വേഷിച്ച് പുറത്തുനിന്നും ഏറെ പേരെത്തുന്നു. 
 പുലർച്ചെ മൂന്നിന് കടയിൽ വെട്ടംവീഴും. അപ്പോൾ തുടങ്ങിയാലേ ഏഴരയാകുമ്പോഴേക്കും എല്ലാം തയ്യാറാകൂ. രാജാക്കയുടെ അയൽവാസി സാദക്കാണ് കടയിലെ സഹായി. പ്രധാന പാചകക്കാരനും അദ്ദേഹം തന്നെ. 12 വർഷമായി സാദക്ക് കടയിലുണ്ട്. വാഴയ്‌ക്കാപ്പവും പോത്തിറച്ചിയുമെന്ന തകർപ്പൻ കോംബോ പണ്ടുകാലം തൊട്ടേ രാജയുടെ കടയിലുണ്ട്. ഉള്ളിവട, ഉഴുന്നുവട, ഇടിയപ്പം, അപ്പം എന്നിവയും കടയിലെ പഴകിയ ചില്ല്‌ അലമാരയിൽ കാണാം. വെജിറ്റേറിയന്മാർക്ക് കടലക്കറിയുമുണ്ട്. രാത്രി എട്ടുവരെയാണ് സമയമെങ്കിലും ഉണ്ടാക്കുന്ന ഭക്ഷണം തീരുമ്പോൾ രാജാക്ക കടയടക്കും. പക്ഷേ ദൂരസ്ഥലങ്ങളിൽ നിന്ന് വരുന്നവർ വിളിച്ചുപറഞ്ഞാൽ രാജാക്ക കാത്തിരിക്കും. വാടക കെട്ടിടത്തിലാണ് ചായക്കട പ്രവർത്തിക്കുന്നത്. പ്രളയത്തിൽ മൂന്നുലക്ഷം രൂപയുടെ  നഷ്‌ടമുണ്ടായതായി രാജാക്ക പറഞ്ഞു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top