19 June Wednesday

നെഞ്ചോട്‌ ചേർത്ത‌്...

വെബ് ഡെസ്‌ക്‌Updated: Saturday Feb 23, 2019

കേരള സംരക്ഷണയാത്രയ്‌ക്ക്‌ കായംകുളത്ത്‌ നൽകിയ സ്വീകരണത്തിൽ ക്യാപ്‌റ്റൻ കോടിയേരി ബാലകൃഷ്‌ണനെ തുറന്നജീപ്പിൽ വേദിയിലേക്ക്‌ ആനയിക്കുന്നു. യു പ്രതിഭ എംഎൽഎ സമീപം

 

 
ആലപ്പുഴ
ജനപഥങ്ങളിൽ അശ്വമേധം രചിച്ച്‌ മുന്നേറുന്ന കേരള സംരക്ഷണയാത്രയെ പുന്നപ്ര‐വയലാറിന്റെ മണ്ണ‌് നെഞ്ചോട‌് ചേർത്തു.  സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ ക്യാപ്‌റ്റനായ തെക്കൻമേഖലായാത്ര വെള്ളിയാഴ‌്ച ചാരുംമൂട്‌, കായംകുളം, ഹരിപ്പാട്‌, അമ്പലപ്പുഴ‐ആലപ്പുഴ മണ്ഡലങ്ങളിലാണ‌് പര്യടനം നടത്തിയത‌്.
അടിസ്ഥാന വർഗത്തിന്റെ ജീവിത പുരോഗതിക്ക‌് ഒട്ടേറെ ക്ഷേമപ്രവർത്തനങ്ങൾ നടപ്പാക്കുന്ന എൽഡിഎഫ്‌ സർക്കാരിനുള്ള പിന്തുണ ഊട്ടിയുറപ്പിക്കുന്നതാണ്‌ ഓരോ സ്വീകരണകേന്ദ്രങ്ങളിലെയും ബഹുജനപ്രവാഹം. ആനുകാലിക രാഷ‌്ട്രീയ സംഭവങ്ങളും ഇടതുപക്ഷ സർക്കാരിന്റെ നേട്ടങ്ങളും അക്കമിട്ട്‌ നിരത്തിയാണ്‌  സംരക്ഷണയാത്ര ജനങ്ങളുമായി സംവദിക്കുന്നത്‌. ഇടതുപക്ഷത്തിനനുകൂലമായ രാഷ‌്ട്രീയ മുന്നേറ്റം തടയാൻ കോൺഗ്രസും ബിജെപിയും ചേർന്ന അവിശുദ്ധ കൂട്ടുകെട്ടിനെയും ജാഥ തുറന്നുകാട്ടി. പല ജാഥകളും നയിച്ച അനുഭവം മുൻനിർത്തി എനിക്ക‌് പറയാനാകും, സ‌്ത്രീ പങ്കാളിത്തം ഏറ്റവും വർധിച്ച ജാഥയാണിത‌്’–- ക്യാപ‌്റ്റൻ കോടിയേരിയുടെ വാക്കുകൾക്ക‌് നിറഞ്ഞ കൈയടി. ഇടതുപക്ഷ ജനാധിപത്യമുന്നണിക്കും സംസ്ഥാന സർക്കാരിന്റെ ജനക്ഷേമ നടപടികൾക്കുമുള്ള അംഗീകാരമാണിതെന്നും ആലപ്പുഴയുടെ മനസുവായിച്ച കോടിയേരി എല്ലാവേദികളിലും ഓർമപ്പെടുത്തി. രാവിലെ ചാരുംമൂട്ടിൽ തുടക്കമിട്ട സ്വീകരണപരിപാടി രാത്രി ഒമ്പതോടെ ആലപ്പുഴ മുല്ലയ‌്ക്കൽ പോപ്പി മൈതാനിയിൽ സമാപിച്ചു. എൽഡിഎഫ‌്  ജില്ലാ കൺവീനർ ആർ നാസർ, സിപിഐ എം സംസ്ഥാനകമ്മിറ്റിയംഗങ്ങളായ സി ബി ചന്ദ്രബാബു, സി എസ‌് സുജാത,  സിപിഐ ജില്ലാ സെക്രട്ടറി ടി ജെ ആഞ്ചലോസ‌് തുടങ്ങിയവർ എല്ലാ കേന്ദ്രങ്ങളിലും അനുഗമിച്ചു. 
ചാരുംമൂട്‌
അനശ്വര രക്തസാക്ഷികളായ ജി ഭുവനേശ്വരന്റെയും കെ ആനന്ദന്റെയും കെ ബിജുവിന്റെയും കെ കെ സുരേഷ്‌കുമാറിന്റെയും സ്‌മരണകൾ തുടിക്കുന്ന ചാരുംമൂട്ടിലായിരുന്നു തുടക്കം. ശൂരനാട്‌ സമരത്തിന് നേതൃത്വം കൊടുത്ത പടനായകരുടെയും കർഷകത്തൊഴിലാളി സമരങ്ങളുടെയും വീരേതിഹാസം രചിച്ച നാട്‌ കേരള സംരക്ഷണയാത്രയ‌്ക്ക‌് ഉജ്വല വരവേൽപ‌് നൽകി. പുതുപ്പള്ളി രാഘവനും ശങ്കരനാരായണൻ തമ്പിയും തോപ്പിൽ ഭാസിയും കാമ്പിശേരി കരുണാകരനുമടക്കമുള്ള മഹാരഥന്മാരുടെ മണ്ണ്‌ വീണ്ടുമൊരിക്കൽകൂടി ചുവപ്പ്‌ വസന്തത്തിന്റെ മുന്നേറ്റം രചിച്ചു. കത്തിജ്വലിക്കുന്ന നട്ടുച്ചസൂര്യന്റെ ചൂടിനെ വകവയ്‌ക്കാതെയാണ്‌ ആയിരങ്ങൾ സ്വീകരണകേന്ദ്രത്തിലേക്ക്‌ എത്തിയത്‌. മുത്തുക്കുടകളും ചുവപ്പ്‌ കുടകളുമായി വീഥിയൊരുക്കിയ ഇടതുപക്ഷ പ്രവർത്തകർ ജാഥാക്യാപ്‌റ്റൻ കോടിയേരി ബാലകൃഷ്‌ണനെയും അംഗങ്ങളെയും വേദിയിലേക്ക്‌ ആനയിച്ചു. മാവേലിക്കര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു സ്വീകരണം. എൽഡിഎഫിന്റെ വിവിധ ഘടകങ്ങളിലെ നേതാക്കളും പൗരപ്രമുഖരും ക്യാപ്‌റ്റനെയും അംഗങ്ങളെയും ഷാളണിയിച്ച്‌ സ്വീകരിച്ചു. യോഗത്തിൽ സംഘാടകസമിതി ചെയർമാൻ ജേക്കബ്‌ ഉമ്മൻ സ്വാഗതം പറഞ്ഞു. ജാഥാംഗങ്ങളായ യു ബാബു ഗോപിനാഥ്‌, ഡീക്കൻ തോമസ്‌ കയ്യത്ര, പി സതീദേവി എന്നിവർ സംസാരിച്ചു. സി എസ്‌ സുജാത സ്വാഗതം പറഞ്ഞു.  കെ രാഘവൻ, എ മഹേന്ദ്രൻ, ജി ഹരിശങ്കർ, കെ എച്ച്‌ ബാബുജാൻ, എം എ അലിയാർ, ആർ രാജേഷ്‌ എംഎൽഎ, കെ എസ്‌ രവി, പി പ്രസാദ്‌, ബിനോസ്‌ തോമസ്‌ കണ്ണാട്ട്‌ എന്നിവർ പങ്കെടുത്തു. 
കായംകുളം
പട്ടണത്തെ ചെങ്കടലാക്കിയ ജനകീയ മുന്നേറ്റമാണ് സ്വീകരണ സമ്മേളനത്തിൽ അലയടിച്ചത്. രക്തസാക്ഷി എസ് വാസുദേവക്കുറുപ്പിന്റെ സ‌്മരണകളും ജ്വലിച്ചുയർന്നു.സ‌്ത്രീകളുടെ വൻ പങ്കാളിത്തമായിരുന്നു ശ്രദ്ധേയം. ഓണാട്ടുകരയുടെ മനസ് ഇടതുപക്ഷത്തിനൊപ്പമെന്ന് തെളിയിക്കുന്നതായിരുന്നു അഭൂതപൂർവമായ ബഹുജന സാന്നിധ്യം. വാദ്യമേളങ്ങളുടെ താളക്കൊഴുപ്പും ആവേശം പതിന്മടങ്ങാക്കി. പകൽ രണ്ടു മുതൽ എൽമെക് സ് മൈതാനം കൈയടക്കിയവർ നാടൻപാട്ടിന്റെയും വിപ്ലവ ഗാനങ്ങളുടെയും താളത്തിനൊപ്പം മതിമറന്നു. പൊലീസ് സ‌്റ്റേഷൻ ജങ്ഷനിൽനിന്നാണ് കോടിയേരിയെ സ്വീകരിച്ചത്.  
 സ്വാഗതസംഘം ചെയർമാൻ എൻ സുകുമാരപിള്ള യോഗത്തിൽ അധ്യക്ഷനായി. ജാഥാംഗങ്ങളായ കാസിം ഇരിക്കൂർ, പി എം മാത്യു, പി പ്രകാശ് ബാബു എന്നിവർ സംസാരിച്ചു. സ്വാഗതസംഘം കൺവീനർ എം എ അലിയാർ സ്വാഗതം പറഞ്ഞു. യു പ്രതിഭ എംഎൽഎ, പി ഗാനകുമാർ, പി എ അരവിന്ദാക്ഷൻ, നഗരസഭ ചെയർമാൻ എൻ ശിവദാസൻ എന്നിവർ നേതൃത്വം നൽകി.
ഹരിപ്പാട് 
കള്ളിക്കാട്ട്  പ്രക്ഷോഭത്തിലെ ധീരരക്തസാക്ഷികളായ  നീലകണ്ഠന്റെയും ഭാർഗവിയുടെയും നാട്ടിൽ കേരള സംരക്ഷണ യാത്രയ‌്ക്ക‌് ഉജ്വല വരവേൽപ‌് ലഭിച്ചു.
ടൗൺഹാൾ ജങ‌്ഷനിൽനിന്ന് കോടിയേരിയടക്കമുള്ളവരെ സ്വീകരിച്ച്  യോഗവേദിയിലേക്ക് ആനയിച്ചു. വാദ്യമേളങ്ങളും തെയ്യക്കാഴ‌്ചകളും കരിമരുന്നുപ്രയോഗവും ചേർന്നപ്പോൾ നഗരമാകെ ഉത്സവാന്തരീക്ഷം. മുത്തുക്കുടയേന്തിയ വനിതകളടക്കമുള്ള പ്രവർത്തകരുടെ ഉശിരൻ മുദ്രാവാക്യങ്ങളുടെ നടുവിലൂടെയാണ‌് കോടിയേരി വേദിയിലെത്തിയത‌്. 
സ്വാഗതസംഘം ചെയർമാൻ അഡ്വ. എ ഷാജഹാൻ, കൺവീനർ എം സത്യപാലൻ എന്നിവർ ചേർന്ന‌് കോടിയേരിയെ സ്വീകരിച്ചു.കയറുകൊണ്ട് വർണാഭമായി രൂപകൽപ്പന ചെയ‌്ത ബുദ്ധന്റെ  ഛായാചിത്രം  കയർ കോർപറേഷൻ ചെയർമാൻ ടി കെ ദേവകുമാർ  സമ്മാനിച്ചു. വിവിധ സംഘടനകളുടെ പേരിലും കോടിയേരിക്ക‌് സ്വീകരണം നൽകി. സ്വാഗതസംഘം ചെയർമാൻ അഡ്വ. എ ഷാജഹാൻ അധ്യക്ഷനായി. ജാഥാംഗങ്ങളായ അഡ്വ. ബിജിലി ജോസഫ്, പി കെ രാജൻ,  പി സതീദേവി എന്നിവർ സംസാരിച്ചു.
 സിപിഐ  സംസ്ഥാന എക‌്സിക്യൂട്ടീവ് അംഗം പി പ്രസാദ്,  സിപിഐ എം ഏരിയ സെക്രട്ടറിമാരായ എൻ സോമൻ, വി കെ സഹദേവൻ, സിപിഐ മണ്ഡലം സെക്രട്ടറി വി കാർത്തികേയൻ,  ചെറിയാൻ കൽപ്പകവാടി തുടങ്ങിയവർ പങ്കെടുത്തു. രാഷ‌്ട്രപതിയുടെ ബാലശാസ‌്ത്ര പ്രതിഭാ പുരസ‌്കാരം നേടിയ ഹരിപ്പാട് ഗവ. ബിഎച്ച്എസ്എസിലെ പ്ലസ‌്ടു വിദ്യാർഥി ആദിത്യചന്ദ്ര പ്രകാശ്, ഏഷ്യൻ പവർ ലിഫ്റ്റിങ‌്  വെങ്കല മെഡൽ നേടിയ വീയപുരം സ്വദേശി പ്രിയരഞ്ജൻ എന്നിവർക്ക‌്  കോടിയേരി ഉപഹാരം നൽകി. എം സത്യപാലൻ സ്വാഗതവും എൻ സോമൻ നന്ദിയും പറഞ്ഞു.
 
ആലപ്പുഴ– അമ്പലപ്പുഴ
പുന്നപ്ര വയലാർ ഇതിഹാസം രചിച്ച ആലപ്പുഴയുടെ ചുവന്ന മണ്ണിൽ കേരള സംരക്ഷണ ജാഥയ‌്ക്ക‌് ആവേശോജ്വല സ്വീകരണം. ജീവിതത്തിന്റെ സമസ‌്ത മേഖലകളിലുമുള്ള പതിനായിരങ്ങളാണ് ജാഥയെ വരവേൽക്കാൻ  മുല്ലയ‌്ക്കൽ പോപ്പി മൈതാനിയിലേക്ക് ഒഴുകിയത്.  ജാഥയെ ജില്ലാക്കോടതി പാലത്തിന് സമീപം ആയിരങ്ങൾ വരവേറ്റു. എൽഡിഎഫ് ജില്ലാകൺവീനർ  ആർ നാസർ  കോടിയേരി ബാലകൃഷണനെ ഷാൾ അണിയിച്ചു സ്വീകരിച്ചു. വാദ്യമേളങ്ങളുടെ അകമ്പടിയോടെ നൂറുകണക്കിന് പ്രവർത്തകർ പ്രകടനമായി  ഒപ്പം ചേർന്നു. സമാധാനത്തിന്റെ വെള്ളരിപ്രാവിനെ പറപ്പിച്ചാണ‌് കോടിയേരി വേദിയിലേക്ക‌് കയറിയത‌്. 
 സമ്മേളനത്തിൽ സംഘാടകസമിതി  ചെയർമാൻ പി വി സത്യനേശൻ അധ്യക്ഷനായി. കൺവീനർ പി പി ചിത്തരഞ്ജൻ സ്വാഗതം പറഞ്ഞു. ജാഥാംഗം വർഗീസ് ജോസഫ്, ആന്റണി രാജു, പി സതീദേവി, ബിജിലി ജോസഫ്, സിപിഐ ദേശീയ എക‌്സിക്യൂട്ടീവ‌് അംഗം ബിനോയ് വിശ്വം എംപി എന്നിവർ സംസാരിച്ചു.
എൽ ഡി എഫ് സംസ്ഥാന കൺവീനർ എ വിജയരാഘവൻ, ഘടകകക്ഷി നേതാക്കളായ  ജി വേണുഗോപാൽ, കെ പ്രസാദ‌്, എ ശിവരാജൻ, ടി പുരുഷോത്തമൻ ,അഡ്വ. കെ എച്ച് ബാബുജാൻ, ജി ഹരിശങ്കർ,  പി കെ ഹരിദാസ‌്, വി ബി അശോകൻ, അജയ് സുധീന്ദ്രൻ,  തുടങ്ങിയവർ പങ്കെടുത്തു
പ്രധാന വാർത്തകൾ
 Top