19 June Wednesday

കരുതലിന്റെ തണലറിഞ്ഞവർ നന്ദിപൂർവം

വെബ് ഡെസ്‌ക്‌Updated: Saturday Feb 23, 2019

ശ്യാമള, വിജയമ്മ, സരസ്വതി എന്നിവർ സർക്കാരിൽനിന്ന്‌ കിട്ടിയ സഹായത്തിന്‌ നന്ദി പറയാൻ ഹരിപ്പാട് നടന്ന യോഗത്തിലെത്തിയപ്പോൾ

 

 
ഹരിപ്പാട‌് (ആലപ്പുഴ)
പ്ര‌ളയത്തിൽ എല്ലാം നഷ‌്ടപ്പെട്ട ശ്യാമളയും വിജയമ്മയും കേരള സംരക്ഷണയാത്രയ‌ുടെ ഹരിപ്പാട്ടെ സ്വീകരണകേന്ദ്രത്തിലെത്തിയത‌് എൽഡി‌എഫ‌് സർക്കാരിന്റെ കരുതലിനും സ‌്നേഹത്തിനും നന്ദിയറിയിക്കാനാണ‌്. 
രാഷ‌്ട്രീയമുതലെടുപ്പിന‌് സർക്കാരിനെ പഴിപറയുന്നവർ പ്രളയത്തിൽ വീടുതകർന്ന ഇവരോട‌് അഞ്ച‌് മിനിട്ട‌് സംസാരിച്ചാൽ സംശയമെല്ലാം തീരും. ചെറുതന പഞ്ചായത്ത‌് ആറാം വാർഡിലെ പുത്തൻകണ്ടത്തിൽ ശ്യാമളയും വീയപുരം പഞ്ചായത്ത‌് പായിപ്പാട‌് പാലപ്പറമ്പിൽ വിജയമ്മയും തമ്മിൽ സമാനതകളേറെയാണ്. മഹാപ്രളയത്തിൽ തൊഴിലുറപ്പു തൊഴിലാളികളായ ഇരുവരുടെയും വീട‌് പൂർണമായും തകർന്നു. ഒരിക്കലും തിരിച്ചുപിടിക്കാനാകില്ലെന്ന‌് കരുതിയ വീടെന്ന സ്വപ‌്നം യാഥാർഥ്യമാകുന്നതിന്റെ ചാരിതാർഥ്യം ജാഥാ ക്യാപ‌്റ്റൻ കോടിയേരി ബാലക‌ൃഷ‌്ണനെ ഷാളണിയിക്കാൻ കാത്തുനിൽക്കവേ ഇരുവരും പങ്കുവച്ചു. രണ്ടുപേരുടെയും വീടിന്റെ പുനർനിർമാണം അതിവേഗം പുരോഗമിക്കുകയാണ‌്. രണ്ടാം ഗഡു ധനസഹായം ലഭിച്ചുകഴിഞ്ഞു. ശ്യാമളയുടെ ഭർത്താവ‌് രമേശന്റെ ആരോ​ഗ്യസ്ഥിതി മോശമായതിനാല്‍ ജോലിചെയ്യാനാകില്ല. ഇരുവർക്കും പുറമേ മകൻ രാജീവും മരുമകൾ സുകന്യയും ചെറുമകൻ രോഹിത്തുമടങ്ങുന്ന കുടുംബത്തിന‌് ആകെയുണ്ടായിരുന്ന സമ്പാദ്യമായിരുന്നു വീട‌്. പ്രളയത്തിൽ വീട‌്  തകർന്നതോടെ ദിവസങ്ങളോളം ക്യാമ്പില്‍ കഴിഞ്ഞു. പിന്നീട് വാടകവീട്ടിലേക്ക് മാറി.  ആദ്യഘട്ടംമുതൽ സർക്കാർ സഹായം ക‌ൃത്യമായി ലഭിച്ചെന്ന‌് ശ്യാമള നന്ദിയോടെ ഓർക്കുന്നു. രണ്ടാംഗഡു ധനസഹായംകൂടി ലഭിച്ചതോടെ വീടിന്റെ വാർക്കൽ ഉടനുണ്ടാകും. 
വിധവയായ വിജയമ്മയുടെ അവസ്ഥയും വ്യത്യസ‌്തമല്ല. ഒരുമകനും മകളുമടങ്ങുന്ന കുടുംബത്തിന‌് കയറിക്കിടക്കാൻ അടച്ചുറപ്പുള്ള വീട‌് ഉടൻ പൂർത്തിയാകും. 
ആരുമില്ലാത്ത രണ്ടുകുഞ്ഞുങ്ങൾക്ക‌ായി ജീവിതം മാറ്റിവച്ച ചെറുതന പുത്തൻതറയിൽ സരസ്വതിക്കും സർക്കാരിന്റെ കരുണയിൽ വീടൊരുങ്ങുകയാണ്. സരസ്വതിയുടെ സഹോദരിയുടെ മകൾ അകാലത്തിൽ മരിച്ചതോടെ ആശ്രയമറ്റ 14 വയസ്സായ മകളും 12 വയസ്സുള്ള മകനും സരസ്വതിയുടെ സംരക്ഷണത്തിലാണ്. മൂന്ന‌് സെന്റ‌് സ്ഥലത്തെ ഷെഡ്ഡിൽ കഴിഞ്ഞിരുന്ന ഇവർക്കായി ലൈഫ‌് പദ്ധതിയിൽപ്പെടുത്തി നിർമിക്കുന്ന വീടിന്റെ തേപ്പ‌് ജോലികള്‍ പുരോഗമിക്കുന്നു. അവസാനഘട്ടമായ 40,000 രൂപ മാത്രമേ ഇനി ലഭിക്കാനുള്ളൂ. 
തൊഴിലുറപ്പ‌്  തൊഴിലാളിയായ സരസ്വതി അവിവാഹിതയാണ‌്. പാവപ്പെട്ടവരെ കരുതലോടെ കാണുന്ന സർക്കാരിനെ നയിക്കുന്ന മുന്നണിയെന്ന നിലയിൽ ജാഥാസ്വീകരണത്തിൽ പങ്കെടുക്കേണ്ട‌ത‌് കടമയായി കാണുന്നുവെന്നാണ‌് സരസ്വതിയുടെ പക്ഷം.
പ്രധാന വാർത്തകൾ
 Top