28 November Saturday
ജില്ലയിൽ 1,65,000 കിറ്റുകൾ

വരുന്നു ഹാപ്പി ക്രിസ്മസ്

കെ എസ് ഗിരീഷ്Updated: Sunday Nov 22, 2020

കലവൂർ സർക്കാർ സ്കൂളിൽ ക്രിസ്മസ് കിറ്റുകൾ തയ്യാറാക്കുന്ന സപ്ലെെകോ ജീവനക്കാർ

 

ആലപ്പുഴ
കോവിഡ്‌ കാലത്തെ ഭക്ഷ്യക്കിറ്റുകൾക്കൊപ്പം  സർക്കാർ പ്രഖ്യാപിച്ച ക്രിസ്‌മസ്‌ കിറ്റുകളും വൈകാതെ വീടുകളിലേക്ക്‌. 
ജില്ലയിൽ മാത്രം റേഷൻകട വഴി  1,65,000 കാർഡുകാർക്കാണ്‌ കിറ്റ്‌ വിതരണം ചെയ്യുക. നവംബർ മാസത്തെ കിറ്റുകൾ നൽകിയശേഷം ക്രിസ്‌മസ്‌ കിറ്റ്‌ വിതരണം ആരംഭിക്കും. 
 പത്തിനങ്ങളുള്ള ക്രിസ്‌മസ്‌ കിറ്റിലാണ്‌   മറ്റു കിറ്റുകളിലേതിനെക്കാൾ കൂടുതൽ ഇനങ്ങളും.  പഞ്ചസാര 500 ഗ്രാം,  ചെറുപയർ 500 ഗ്രാം, കടല 500 ഗ്രാം, ഉഴുന്ന് 500 ഗ്രാം, നുറുക്ക്‌ ഗോതമ്പ് ഒരു കിലോ, തേയില 250 ഗ്രാം, ‌തുവരപ്പരിപ്പ്‌ 250 ഗ്രാം, വെളിച്ചെണ്ണ അരലിറ്റർ, മുളകുപൊടി 250 ഗ്രാം, രണ്ട്‌ ഖദർ മാസ്‌ക്‌ എന്നിവയാണ് കിറ്റിലുള്ളത്‌. 
സപ്ലൈകോയുടെ 27 പായ്‌ക്കിങ്‌ കേന്ദ്രങ്ങളിലായാണ്‌  കിറ്റ്‌ ഒരുങ്ങുന്നത്‌. എഎവൈ (മഞ്ഞ), പിഎച്ച്‌എച്ച്‌ (പിങ്ക്‌), നീല, വെള്ള കാർഡ്‌ ക്രമത്തിലാണ്‌ വിതരണം. 
സ്‌കൂളിൽ വിതരണം 
പുരോഗമിക്കുന്നു
 സർക്കാർ–  എയ്‌ഡഡ്‌ സ്‌കൂളുകളിലെ കുട്ടികൾക്കുള്ള ഭക്ഷ്യക്കിറ്റ്‌ വിതരണം പുരോഗമിക്കുന്നു. പ്രീ പ്രൈമറി, എൽപി, യുപി ക്ലാസുകളിലെ കുട്ടികൾക്ക് സ്‌കൂളുകളിൽ നിന്നാണ്‌ ‌‌ കിറ്റ്‌ നൽകുക. പ്രീ പ്രൈമറിക്ക്‌ രണ്ട്‌ കിലോയും എൽപിക്ക്‌ ഏഴ്‌ കിലോയും യുപിക്ക്‌ പത്തുകിലോയുമാണ്‌ അരി. 
അരലിറ്റർ സൺ ഫ്ലവർ ഓയിൽ, 100 ഗ്രാം മുളകുപൊടി, മഞ്ഞൾപൊടി, മല്ലിപ്പൊടി എന്നിവ എല്ലാവർക്കുമുണ്ട്‌. ഉഴുന്ന്‌, കടല, ചെറുപയർ, തുവരപ്പരിപ്പ്‌ എന്നിവ 500 ഗ്രാം വീതം പ്രീ പ്രൈമറി, എൽപിക്കാർക്കും തുവരപ്പരിപ്പ്  500 ഗ്രാമൊഴികെയുള്ളതെല്ലാം ഒരുകിലോ വീതമാണ്‌ യുപിക്കാർക്ക്‌. 
‘സർക്കാർ തന്നതാണോ  ? ’
ആലപ്പുഴ
രണ്ടാം ക്ലാസുകാരി ശിവനന്ദിനി കിറ്റുവാങ്ങാൻ അച്ഛനൊപ്പം സ്‌കൂളിൽ ചെന്നപ്പോൾ ഒരു ചോദ്യം. ‘സർക്കാർ തന്നതാണോ, ഇതെനിക്കുള്ളതാണോ?
അതേയെന്ന്‌ അധ്യാപിക പറഞ്ഞതോടെ സന്തോഷത്തോടെ കിറ്റും വാങ്ങി വീട്ടിലേക്ക്‌. പഴവങ്ങാടി സെന്റ്‌ ആന്റണീസ്‌ സ്‌കൂളിലെ രണ്ടാം ക്ലാസ്‌ വിദ്യാർഥിനിയാണ്‌ ശിവനന്ദിനി.അച്ഛൻ എം മഹേഷിനൊപ്പമാണ്‌ കിറ്റുവാങ്ങാനെത്തിയത്‌. വീട്ടിലെത്തിയപ്പോൾ ഇനം തിരിച്ച്‌ എടുത്തുവെച്ചത്‌ മകൾ തന്നെയെന്നും മഹേഷ്‌ പറയുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top