06 December Monday

34.86 കോടിയുടെ കൃഷിനാശം

വെബ് ഡെസ്‌ക്‌Updated: Friday Oct 22, 2021
ആലപ്പുഴ 
മഴയിലും വെള്ളപ്പൊക്കത്തിലും ജില്ലയിൽ ഏഴു കോടി രൂപയുടെ കൃഷിനാശം കൂടി. ആകെ 34.86 കോടിയുടെ നഷ്‌ടമുണ്ടായെന്നാണ്‌ കണക്ക്‌. ഒക്‌ടോബർ ഒന്നുമുതൽ 20വരെ  കണക്ക്‌ പ്രകാരം 27.072 കോടിയായിരുന്നു നഷ്‌ടം. 15,704 കർഷകരെയാണിത്‌ ബാധിച്ചത്‌. 
  9702 ഹെക്‌ടറിലെ വാഴക്കൃഷി ഇതുവരെ നശിച്ചു. കുലയ്‌ക്കാത്ത വാഴകൾ 9,213.07 ഹെക്‌ടറിലും കുലച്ച വാഴകൾ 489.35 ഹെക്‌ടറിലും നശിച്ചു. കുലയ്‌ക്കാത്ത വാഴകൾ 1,50,940. കുലച്ച വാഴകൾ 1,45,379 എണ്ണം. 6199 കർഷകരെ ബാധിച്ചു. 14.76 കോടിയുടെ നഷ്‌ടം. 
688 ഹെക്‌ടർ സ്ഥലത്തെ നെൽകൃഷി നശിച്ചു. 1236  കർഷകരെ ബാധിച്ചു. 10.32 കോടിയുടെ നഷ്‌ടം. ബുധനാഴ്‌ച രാത്രി ചമ്പക്കുളത്ത്‌ മട വീണ്‌ 63 ഹെക്‌ടറാണ്‌ വെള്ളത്തിലായത്‌. 128 ദിവസമായ കൃഷിയിലെ നെല്ല്‌ മുഴുവൻ നശിച്ചു. 101.89 ഹെക്‌ടർ പച്ചക്കറിപ്പന്തൽ നശിച്ചു. 1,452  കർഷകരുടെ 45.85 ലക്ഷം രൂപയുടെ പച്ചക്കറിയാണ്‌ നശിച്ചത്‌. 383 ഹെക്‌ടറിലെ തെങ്ങുകൾ നശിച്ചു. നഷ്‌ടം 76.89 ലക്ഷം. കുരുമുളക്‌ ( 14.63 ഹെക്ടർ, 14.63 ലക്ഷം), കപ്പ( 32.42 ഹെക്ടർ, 4.21 ലക്ഷം) എന്നിവയും നശിച്ചു.

സഹായത്തിന് അതിവേഗ നടപടി: മന്ത്രി  

ആലപ്പുഴ
കൃഷിനാശം നേരിട്ട കർഷകർക്ക് സഹായം അടിയന്തരമായി ലഭ്യമാക്കുന്നതിന്‌ നടപടികൾ പുരോഗമിക്കുകയാണെന്ന് കൃഷിമന്ത്രി പി പ്രസാദ്. മടവീഴ്‌ചയുണ്ടായ ചെറുതന തേവേരി- തണ്ടപ്ര പാടശേഖരം സന്ദർശിക്കുകയായിരുന്നു അദ്ദേഹം. 
ധനസഹായത്തിനായി ഇതുവരെ ലഭിച്ച എല്ലാ അപേക്ഷകളിലും നവംബർ 10നകം നടപടി പൂർത്തീകരിക്കാനാണ് തീരുമാനം. കഴിഞ്ഞ ദിവസങ്ങളിൽ കൃഷിനാശം നേരിട്ടവർ 10 ദിവസത്തിനകം അപേക്ഷ നൽകിയാൽ മതിയാകും.
 നേരിട്ടോ അക്ഷയ മുഖേനയോ ഓൺലൈനായി അപേക്ഷ നൽകാം. ഇതിന് കഴിയാത്തവരുടെ അപേക്ഷ സ്വീകരിക്കുന്നതിന് അതത് പ്രദേശങ്ങളിലെ കൃഷിഭവനുകളിൽ ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ട് – -മന്ത്രി പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ രുഗ്‌മിണി രാജു,  പ്രിൻസിപ്പൽ അഗ്രിക്കൾച്ചറൽ ഓഫീസർ ആർ ശ്രീരേഖ, ഡെപ്യൂട്ടി ഡയറക്‌ടർ സഫീന തുടങ്ങിയവരും മന്ത്രിക്കൊപ്പമുണ്ടായി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top