12 December Thursday

അമ്പലപ്പുഴ സ്വദേശിയെ 
കപ്പലിൽനിന്ന്‌ കാണാതായി

വെബ് ഡെസ്‌ക്‌Updated: Monday Jul 22, 2024

വിഷ്ണു ബാബു

അമ്പലപ്പുഴ
ഒഡിഷയിൽനിന്ന് ചൈനയിലേക്ക് ചരക്കുമായി പോയ കപ്പലിൽനിന്ന്‌ മലയാളി യുവാവിനെ കാണാതായി. പുന്നപ്ര വടക്ക് പഞ്ചായത്ത് 10–--ാം വാർഡ് വൃന്ദാവനത്തിൽ ബാബു തിരുമലയുടെയും സിന്ധുവിന്റെയും മകൻ വിഷ്‌ണു ബാബുവിനെ (25) കാണാതായതായാണ്‌ ബന്ധുക്കൾക്ക്‌ വിവരം ലഭിച്ചത്‌. 
മെയ് 25നാണ് വിഷ്‌ണു ചെന്നൈ കേന്ദ്രമായി പ്രവർത്തിക്കുന്ന ഷിപ്പിങ് കമ്പനിയിൽ ജോലിക്ക് പ്രവേശിച്ചത്. ബുധൻ രാത്രി പ്രാദേശിക സമയം 7.05 ഓടെ  ഫോണിൽ വീട്ടുകാരുമായി സംസാരിച്ചിരുന്നു. വിഷ്‌ണു ഉൾപ്പടെ 19 മർച്ചന്റ്‌ നേവി  ജീവനക്കാരാണ് കപ്പലിലുണ്ടായിരുന്നത്. 
വ്യാഴം രാവിലെ കപ്പലിലെ സെക്കൻഡ്‌ ക്യാപ്റ്റന്റെ ക്യാബിനിൽ ഇവർ പതിവ് റിപ്പോർട്ടിങ്ങിന് എത്താൻ നിർദേശിച്ചിരുന്നു. ഈ സമയം വിഷ്‌ണു എത്താതിനാൽ നടത്തിയ തെരച്ചിലിൽ കപ്പലിന്റെ ഡെക്കിൽ വിഷ്‌ണുവിന്റെ ചെരിപ്പുകൾ കണ്ടെത്തി. അന്വേഷണത്തിൽ വിഷ്‌ണുവിന്റെ ഫോൺ ക്യാബിനിൽനിന്ന് കണ്ടെത്തി. എന്നാൽ വിഷ്‌ണുവിനെ കണ്ടെത്താനായില്ലെന്നാണ് വീട്ടുകാർക്ക് ലഭിച്ച വിവരം. ഇന്ധനം നിറയ്‌ക്കാൻ വ്യാഴാഴ്‌ച കപ്പൽ സിംഗപ്പുർ തുറമുഖത്തേക്ക്‌ പോകുന്നതിനിടെയാണ് സംഭവം. 
     ചെന്നൈയിലുളള ക്യാപ്റ്റൻ ഗണേഷ് ശ്രീനിവാസനുമായി ഫോണിൽ ബന്ധപ്പെട്ടപ്പോൾ വിഷ്‌ണുവിനെ കണ്ടെത്തുന്നതിന് മലേഷ്യൻ മറൈൻ എൻഫോഴ്‌സ്‌മെന്റ്‌ ഏജൻസി അന്വഷണം ആരംഭിച്ചെന്ന വിവരമാണ് ലഭിച്ചത്. സിംഗപ്പുർ ഗവൺമെന്റ്‌ കപ്പൽ കസ്‌റ്റഡിയിലെടുത്തു. വിഷ്‌ണുവിന്റെ സഹപ്രവർത്തകരെയും കപ്പലിലെ മറ്റ് ജീവനക്കാരെയും ചോദ്യംചെയ്‌തെങ്കിലും വിഷ്‌ണുവിന് എന്താണ് സംഭവിച്ചതെന്ന്‌ അറിയില്ലെന്ന വിവരമാണ് ലഭിച്ചതെന്ന്‌ ബന്ധുക്കൾ പറഞ്ഞു. 
   എച്ച് സലാം എംഎൽഎ വിഷ്‌ണുവിന്റെ വീട് സന്ദർശിച്ചു. വിഷ്‌ണുവിനെ കണ്ടെത്താൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് എംഎൽഎ കത്തയച്ചു. തിങ്കളാഴ്‌ച കലക്‌ടറേറ്റിലെത്തി എംഎൽഎയുടെ സാന്നിധ്യത്തിൽ കലക്‌ടർക്ക് പരാതി നൽകുമെന്ന്‌ ബന്ധുക്കൾ പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top