27 June Thursday
എട്ടരയോടെ ആദ്യലീഡ‌്

വോട്ടെണ്ണൽ: ആലപ്പുഴയ്‌ക്ക‌് മൂന്നും മാവേലിക്കരയ്‌ക്ക‌് രണ്ടും കേന്ദ്രങ്ങൾ

സ്വന്തംലേഖകൻUpdated: Wednesday May 22, 2019

തെരഞ്ഞെടുപ്പ്‌ സാമഗ്രികൾ സൂക്ഷിച്ച ആലപ്പുഴ സെന്റ്‌ ജോസഫ്‌സ്‌ കോളേജിലെ സ്‌േട്രാങ്‌ റൂം

ആലപ്പുഴ
ലോക‌്സഭ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിന് ഒരുക്കം പൂർത്തിയായതായി  തെരഞ്ഞെടുപ്പ് വരണാധികാരികൂടിയായ കലക‌്ടർ എസ് സുഹാസ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. ആദ്യലീഡ‌് രാവിലെ 8.30ഓടെ അറിയാനാകും. ആലപ്പുഴ, മാവേലിക്കര ലോക‌്സഭ മണ്ഡലങ്ങൾക്കായി സജ്ജമാക്കിയിട്ടുള്ള അഞ്ചു കേന്ദ്രങ്ങളിലാണ് വോട്ടെണ്ണൽ.  ആലപ്പുഴയിലെ ആലപ്പുഴ മണ്ഡലത്തിന്റെയും മാവേലിക്കരയിലെ പത്തനാപുരം മണ്ഡലത്തിലെയും വോട്ടുകൾ 8.30 മുതലും മറ്റ‌് മണ്ഡലങ്ങളുടെയെല്ലാം വോട്ടുകൾ രാവിലെ എട്ടുമുതലും എണ്ണിത്തുടങ്ങും.   
ഓരോ നിയോജകമണ്ഡലത്തിലും വോട്ടുയന്ത്രങ്ങൾ എണ്ണുന്നതിന് 14 മേശകൾ വീതം ഒരുക്കിയിട്ടുണ്ട‌്. ഓരോമേശയിലും ഒരു കൗണ്ടിങ് സൂപ്പർ വൈസർ, ഒരു കൗണ്ടിങ് അസിസ‌്റ്റന്റ്, ഒരു സൂഷ‌്മ നിരീക്ഷകൻ തുടങ്ങിയവർ ഉണ്ടാകും.

ജനങ്ങൾക്ക‌് ഉടൻ ഫലമറിയാൻ ‘സുവിധ’ 

സുവിധ, ട്രെൻഡ് പ്രവർത്തനം കുറ്റമറ്റതെന്നുറപ്പാക്കാൻ നിയോജകമണ്ഡലാടിസ്ഥാനത്തിൽ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി. ഫലം ക‌ൃത്യതയോടെ വേഗത്തിൽ ജനങ്ങളിലെത്തിക്കുന്നതിനുള്ള മൊബൈൽ ആപ്പാണ് സുവിധ. വോട്ടെണ്ണൽ കേന്ദ്രങ്ങളിലെ ആധുനിക സംവിധാനങ്ങളുടെ സഹായത്തോടെ സുവിധ വോട്ടെണ്ണലിന്റെ ഓരോ റൗണ്ടിലും പുറത്തുവരുന്ന ഫലം ജനങ്ങൾക്ക് ലഭ്യമാക്കും. ഇതിനായി കംപ്യൂട്ടർ വിദഗ്ധരായ ഒരു സംഘത്തെ കേന്ദ്രത്തിലും സജ്ജമാക്കി.
വോട്ടെണ്ണൽ കേന്ദ്രങ്ങളുടെ ചുമതലയുള്ള സഹവരണാധികാരിയുടെ മേൽനോട്ടത്തിലാകും സുവിധയിൽ ഫലം അപ‌്‌ലോഡ‌് ചെയ്യുക. ഓരോ റൗണ്ടുകളുടെയും ക‌ൃത്യമായ ഫലസൂചകം സുവിധയിൽ അപ‌്‌ലോഡ‌്ചെയ‌്തശേഷമേ ഔദ്യോഗികമായി പുറത്തുവിടു. തപാൽ വോട്ടുകളുടെ ഫലങ്ങൾ കലക‌്ടർ തന്നെ നേരിട്ട് സുവിധ വഴി പുറത്തുവിടും. വോട്ടെണ്ണൽ കേന്ദ്രങ്ങൾ, എത്രറൗണ്ടുകൾ, എത്ര മേശകൾ തുടങ്ങി വോട്ടെണ്ണൽ സംബന്ധിച്ച എല്ലാ വിവരവും സുവിധ വഴി ലഭ്യമാകും. അവസാനഫലം സുവിധയിൽ പ്രസിദ്ധീകരിക്കുന്നതിൽ നിന്നും ഒരുമാറ്റവും ഉണ്ടാവില്ലെന്നതാണ്  ഇത്തവണത്തെ പ്രത്യേകത.

തപാൽ വോട്ടുകൾ കലക‌്ടറേറ്റിൽ എണ്ണും

തപാൽ വോട്ടുകൾ കലക‌്ടറേറ്റിൽ എണ്ണും. ആലപ്പുഴ, മാവേലിക്കര മണ്ഡലങ്ങളിലെ തപാൽ വോട്ടുകൾ എണ്ണാൻ പ്രത്യേക സജ്ജീകരണം കലക‌്ടറേറ്റിൽ ഒരുക്കിയിട്ടുണ്ട്. രണ്ടു മണ്ഡലങ്ങളിലുമായി അഞ്ചുവീതം മേശകളാണ് ഒരുക്കിയിട്ടുള്ളത‌്. ഓരോമേശയ‌്ക്കും ഓരോ ഉപവരണാധികാരിയേയും ഇടിവിബിഎസ് എണ്ണുന്ന രണ്ടുമേശയ‌്ക്ക‌് ഒരു ഉപവരണാധികാരി എന്ന നിലയ‌്ക്കും ഉദ്യോഗസഥരെ നിയമിച്ചു.

തപാൽ വോട്ടുകൾ 21,750 

ആലപ്പുഴ, മാവേലിക്കര ലോക‌്സഭ മണ്ഡലങ്ങളിലായി തപാൽ വോട്ട്, ഇടിപിബിഎസ് എന്നിവയായി അനുവദിച്ചത് 21750 എണ്ണം. മാവേലിക്കരയിൽ 7035 ഇടിപിബിഎസും, 4486 തപാൽ വോട്ടുമുണ്ട‌്. ഇതിൽ 21 വരെ 4288 ഇടിപിബിഎസും, 1921 തപാൽവോട്ടും ഉൾപ്പടെ 6209 എണ്ണം തിരികെ ലഭിച്ചിട്ടുണ്ട്. 2747 ഇടിപിബിഎസും 2565 തപാൽവോട്ടും ഉൾപ്പടെ 5312 എണ്ണമാണ് ഇനി തിരികെ ലഭിക്കാനുള്ളത്. വോട്ടെണ്ണൽ ദിനമായ 23ന് രാവിലെ എട്ടിനകം ലഭിക്കുന്നവ സ്വീകരിക്കും.
ആലപ്പുഴ മണ്ഡലത്തിൽ 5296 ഇടിപിബിഎസും 4933 തപാൽവോട്ടും ഉൾപ്പടെ 10229 എണ്ണമാണ് അനുവദിച്ചത്. ഇതിൽ 3252 ഇടിപിബിഎസും 1999 തപാൽവോട്ടും ഉൾപ്പടെ 5251 എണ്ണം ഇതിനകം തിരികെ ലഭിച്ചിട്ടുണ്ട്. 2044 ഇടിപിബിഎസും 2934 തപാൽവോട്ടും ഉൾപ്പടെ 4978 എണ്ണം തിരികെ ലഭിക്കാനുണ്ട്.

ഇടിപിബിഎസിനായി 30 മേശ

രണ്ടു മണ്ഡലങ്ങളിലും ഇടിപിബിഎസ് സ്‌കാനിങ്ങിനായി 30 മേശകളാണ് സജ്ജമാക്കിയിട്ടുള്ളത്. ആലപ്പുഴയിൽ 12ഉം മാവേലിക്കരയിൽ 18ഉം എണ്ണം. 30 ക്യൂആർകോഡ് സ്‌കാനറുകൾ ഇതിനായി സജ്ജമാക്കി. തപാൽ വോട്ടുകൾ എണ്ണാനായി അഞ്ചുവീതം മേശകളുമുണ്ടാകും. ആലപ്പുഴയിൽ 18 സൂപ്പർവൈസർമാരേയും മാവേലിക്കരയിൽ 23 കൗണ്ടിങ് സൂപ്പർവൈസർമാരേയും നിയമിച്ചു.

വിവിപാറ്റ് രസീത് എണ്ണാൻ പ്രത്യേക സംവിധാനം

വിവിപാറ്റ് രസീതുകൾ എണ്ണാൻ പ്രത്യേക സംവിധാനമാണ് ഓരോ വോട്ടെണ്ണൽ  കേന്ദ്രത്തിലും സജ്ജമാക്കുന്നത്. ബാങ്കുകളിലെ ക്യാഷ് കൗണ്ടർ പോലെ കമ്പിവലയ‌്ക്കുള്ളിലായിരിക്കും വിവിപാറ്റ് എണ്ണാനുള്ള മേശ. ഓരോ മണ്ഡലത്തിലെയും അഞ്ചു ബൂത്തുകളെ പ്രത്യേക നറുക്കെടുപ്പിലൂടെയാകും വിവപാറ്റ് രസീത് എണ്ണുന്നതിനായി തെരഞ്ഞെടുക്കുക.

ജനവിധി 39 സ്ട്രോങ് റൂമുകളിൽ

ആലപ്പുഴ, മാവേലിക്കര ലോക‌്സഭ മണ്ഡലങ്ങളിലെ ജനവിധിയടങ്ങിയ വോട്ടുയന്ത്രങ്ങൾ അഞ്ചുകേന്ദ്രങ്ങളിലെ 39 സ്ട്രോങ് റൂമുകളിലായാണ് സൂക്ഷിച്ചിട്ടുള്ളത്. ഉപയോഗിക്കാത്തതും കരുതലായുള്ളതുമായ വോട്ടുയന്ത്രങ്ങൾ, കേടുവന്നതും ഉപയോഗിക്കാത്തതുമായ വോട്ടുയന്ത്രങ്ങൾ, വിവിപാറ്റ് മെഷീനും പ്രത്യേകം അറകളിലായി സൂക്ഷിച്ചിരിക്കുന്നു.

മുഖ്യ മീഡിയ സെന്റർ കലക‌്ടറേറ്റിൽ

തപാൽ വോട്ടെണ്ണലും ഫലപ്രഖ്യാപനവും നടക്കുന്ന കലക‌്ടറേറ്റിലായിരിക്കും പ്രധാന മീഡിയസെന്റർ പ്രവർത്തിക്കുക. ഇതിനുപുറമേ അഞ്ചു വോട്ടെണ്ണൽ കേന്ദ്രങ്ങളിലും മീഡിയ സെന്റർ പ്രവർത്തിക്കും. പ്രധാന മീഡിയ സെന്ററിൽ ഫലം മാധ്യമങ്ങൾക്ക് ലഭ്യമാക്കാനും മാറ്റുമായി വിപുലമായ സൗകര്യമാണ് ഏർപ്പെടുത്തുന്നത്. തെരഞ്ഞെടുപ്പ് കമീഷന്റെ പാസ് ഉള്ളവരല്ലാതെ മറ്റൊരാൾക്കും ഈ കേന്ദ്രങ്ങളിലേക്ക് പ്രവേശനമുണ്ടാകില്ല.

സുരക്ഷയ്‌ക്ക‌് 2500 പൊലീസ‌്

14 ഡിവൈഎസ‌്പിമാരുടെ നേത‌ൃത്വത്തിൽ വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ 2500 പൊലീസുകാരെ നിയോഗിച്ചതായി എഎസ‌്പി ബി ക‌ൃഷ‌്ണകുമാർ പറഞ്ഞു. ഇവരിൽ 500 പേർ സായുധപൊലീസുകാരായിരിക്കും. അമ്പലപ്പുഴ ഉൾപ്പെടെ തെരഞ്ഞെടുപ്പ‌് സമയത്ത‌് അക്രമമുണ്ടായ മേഖലകളിൽ പൊലീസിന്റെ പ്രത്യേക സുരക്ഷയുമുണ്ട‌്. ചിലയിടങ്ങൾ പ്രശ‌്നമേഖലകളെന്ന‌് കണ്ടെത്തിയിട്ടുണ്ട‌്. അവിടങ്ങളിലും സുരക്ഷയൊരുക്കി. ക്രമസമാധാനം കുറ്റമറ്റതാക്കാൻ കരുതൽ തടങ്കൽ ഉൾപ്പെടെയുള്ള പൊലീസ‌് പ്രവർത്തനം ആരംഭിച്ചതായും എല്ലാ പൊലീസ‌്സ‌്റ്റേഷനുകൾ കേന്ദ്രീകരിച്ച‌് രാഷ‌്ട്രീയപാർടികളുടെ യോഗം ചേരുന്നതായും അദ്ദേഹം പറഞ്ഞു.

 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top