20 June Thursday
പൊതുവിദ്യാലയങ്ങളിൽ പ്രവേശനത്തിരക്ക്‌

ഒന്നാം ക്ലാസിൽ 8402 കുട്ടികൾ

വെബ് ഡെസ്‌ക്‌Updated: Wednesday May 22, 2019

 

ആലപ്പുഴ
ജില്ലയിലെ പൊതുവിദ്യാലയങ്ങളിൽ ചൊവ്വാഴ‌്ച വരെ ഒന്നാം ക്ലാസിൽ പ്രവേശനം നേടിയത‌് 8402 കുട്ടികൾ. 6350 കുട്ടികൾ മറ്റ‌് ക്ലാസുകളിലും പുതിയതായി പ്രവേശനംനേടി. 14,752 കുട്ടികൾ പുതിയതായി പൊതുവിദ്യാലയങ്ങളിൽ പ്രവേശനംനേടി. ചെങ്ങന്നൂർ വിദ്യാഭ്യാസ ഉപജില്ലയിൽ 505, മാവേലിക്കരയിൽ 863, കായംകുളത്ത‌് 921, ഹരിപ്പാട് 638, അമ്പലപ്പുഴയിൽ 887 , ആലപ്പുഴയിൽ 1201, വെളിയനാട് 181, തലവടി 89, മങ്കൊമ്പിൽ 360, ചേർത്തലയിൽ 1000,  തുറവൂർ 1021 കുട്ടികൾ ഒന്നാം ക്ലാസിൽചേർന്നു. പ്രവേശനം നേടാൻ ഇനിയും പത്ത‌് ദിവസം ബാക്കി നിൽക്കെ ആയിരക്കണക്കിന‌് വിദ്യാർഥികൾ ഇനിയും പ്രവേശനം നേടുമെന്നുറപ്പ‌്.
പൊതുവിദ്യാലയങ്ങളുടെ പ്രവർത്തനമികവ‌് വെളിവാക്കിയ പഠനോത്സവങ്ങൾ പൊതുവിദ്യാലയങ്ങളിലേക്കുള്ള വിദ്യാർഥികളുടെ ഒഴുക്കിന‌് കാരണമായി. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി നടത്തിയ പഠനോത്സവങ്ങൾ പൊതുവിദ്യാലയങ്ങളുടെ വിദ്യാർഥികളുടെ പാഠ്യ, പാഠ്യേതര വിഷയങ്ങളിലെ മികവ‌് വെ‌ളിപ്പെടുത്തുന്നതായിരുന്നു. 
പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ മുന്നേറ്റവും അക്കാദമിക മികവും അടിസ്ഥാനസൗകര്യങ്ങളുടെ വളർച്ചയും അൺഎയ‌്ഡഡ‌് സ‌്കൂളുകളിൽ നിന്നും വിദ്യാർഥികൾ പൊതുവിദ്യാലയങ്ങളിലേക്ക‌് എത്തുന്നതിന‌് കാരണമായി. അക്കാദമിക് മാസ‌്റ്റർ പ്ലാൻ അടിസ്ഥാനമാക്കി വിദ്യാലയങ്ങളിൽ നടത്തിയ മികച്ച പ്രവർത്തനങ്ങളാണ് കുട്ടികളെ പൊതു വിദ്യാലയങ്ങളിലേക്ക് കൂടുതൽ ആകർഷിക്കുന്നതെന്ന‌് പൊതുവിദ്യാഭ്യാസ സംരക്ഷണം ജില്ലാ കോ–-ഓർഡിനേറ്റർ എ കെ പ്രസന്നൻ പറഞ്ഞു.

വരവേൽപ്പിനൊരുങ്ങി സ‌്കൂളുകൾ

ആലപ്പുഴ
പുതിയ അധ്യയനവർഷത്തെ വരവേൽക്കാൻ ജില്ലയിലെ സ‌്കൂളുകളിൽ ഒരുക്കങ്ങൾ ആരംഭിച്ചു. 2736 ഹൈടെക് ക്ലാസ് മുറികൾ ജില്ലയിൽ സജ്ജമായിട്ടുണ്ട്. ഈ അക്കാദമിക് വർഷം ജില്ലയിലെ മുഴുവൻ പ്രൈമറി വിദ്യാലയങ്ങളിലും ഹൈടെക് ലാബ് സജ്ജമാക്കുന്ന പ്രവർത്തനങ്ങൾക്ക് കൈറ്റ് തുടക്കംകുറിച്ചു. സമഗ്ര ശിക്ഷ കേരളയുടെ നേത‌ൃത്വത്തിൽ തെരഞ്ഞെടുത്ത സ‌്കൂളുകളിൽ ശാസ‌്ത്ര പാർക്ക്, ശാസ‌്ത്ര ലാബ്, ഗണിത ലാബ് എന്നിവ ഒരുക്കി. ഭാഷാ, ശാസ‌്ത്ര, ഗണിത വിഷയങ്ങളിൽ പിന്നാക്കം നിൽക്കുന്ന കുട്ടികൾക്കായി മലയാളത്തിളക്കം, ഗണിതം മധുരം, ഹലോ ഇംഗ്ലീഷ്, സുരീലി ഹിന്ദി, ശ്രദ്ധ എന്നീ പദ്ധതികൾ ഉടൻ ആരംഭിക്കും.
 

 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top