09 August Sunday

‘ദേശാഭിമാനി’ പുതിയവിളയുടെ അഭിമാനം

വെബ് ഡെസ്‌ക്‌Updated: Wednesday May 22, 2019

 

കായംകുളം
കാലത്തിനൊപ്പം മുഖംമിനുക്കി മുന്നേറുകയാണ‌് കണ്ടല്ലൂർ പഞ്ചായത്ത‌് പുതിയവിളയിലെ ദേശാഭിമാനി ലൈബ്രറി ആൻഡ‌് റീഡിങ‌്റൂം. പുതുതലമുറയെ വായനയുടെ ലോകത്തേക്ക‌് ആകർഷിക്കാൻ ഇ–- റീഡിങ‌് ഉൾപ്പടെയുള്ള സംവിധാനങ്ങൾ ഇവിടെ സജ്ജം. ദേശാഭിമാനി വായനശാലയുടെ 32 വർഷത്തെ ചരിത്രം പുതിയവിള ഗ്രാമത്തിന്റെ സാംസ‌്കാരിക പുരോഗതിയുടേതുകൂടിയാണ‌്.
1987ൽ അന്നത്തെ കണ്ടല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് ജി ശങ്കരപ്പിള്ളയും സാമൂഹ്യ പ്രവർത്തകനായ ടി അപ്പുക്കുട്ടനും മുൻകൈയ്യെടുത്താണ‌് പുതിയവിളയിൽ ഒരു ലൈബ്രറിയെന്ന ആശയം യാഥാർഥ്യമാക്കുന്നത‌്. അതേവർഷംതന്നെ സംസ‌്കൃത പണ്ഡിതനായ പോറ്റി സാറിന്റെ (കെ കേശവൻ പോറ്റി) ഭവനത്തിൽവച്ച‌് കെ ജി രാധാകൃഷ‌്ണൻ നായർ സെക്രട്ടറിയായും വി എൻ തങ്കപ്പൻ നായർ പ്രസിഡന്റായുമുള്ള ഭരണസമിതിയ‌്ക്ക‌് രൂപംകൊടുത്തു.
എസ് രാമചന്ദ്രൻപിള്ള രാജ്യസഭാംഗവും, സി എസ് സുജാത എംപിയുമായിരിക്കെ പ്രാദേശിക വികസന ഫണ്ട‌് ഉപയോഗിച്ച് ലൈബ്രറിക്ക‌് കെട്ടിട സമുച്ചയമൊരുക്കി. ജനകീയ കൂട്ടായ‌്മയുടെ സഹായത്തോടെ ഭരണസമതി  നൂതന പദ്ധതികൾ ആവിഷ‌്കരിച്ച് നടപ്പാക്കി. 
എട്ട‌് കംപ്യൂട്ടറുകളും സൗജന്യ ഇന്റർനെറ്റ് സേവനവും നൽകുന്ന ഇ–--വിജ്ഞാൻ സേവന കേന്ദ്രം ലൈബ്രറിയിൽ പ്രവർത്തിക്കുന്നു. ഇ–- -റീഡർ സൗകര്യം ഉൾപ്പെടെയുള്ള സ‌്മാർട്ട‌് റീഡിങ‌് റൂമും ഇവിടെയുണ്ട‌്. 12,000 പുസ‌്തകങ്ങളും ആയിരം സീഡികളും ലൈബ്രറിയിലുണ്ട‌്. ദൃശ്യ–--ശ്രവ്യ ഉപകരണങ്ങളും ഈ ഹൈടെക് ലൈബ്രറിയിലുണ്ട‌്. 
കുട്ടികൾക്കും യുവാക്കൾക്കുമായി നിരവധി പ്രവർത്തനങ്ങളും ലൈബ്രറിയുടെ നേതൃത്വത്തിൽ നടത്തിവരുന്നു. കുട്ടികൾക്ക‌് എട്ട‌് ദിവസത്തെ അവധിക്കാല ക്യാമ്പ‌്, വിവിധ ദിനാചരണങ്ങൾ, സാഹിത്യ സംവാദം, പരിശീലന ക്ലാസ‌്, സാക്ഷരതാ പ്രവർത്തനം, ഇ-–- സാക്ഷരതാ പ്രവർത്തനം, പിഎസ‌്സി പരിശീലനം, കാലാ-–- കായിക പരിശീലനം, മത്സരങ്ങൾ, മെഡിക്കൽ ക്യാമ്പ‌്, കാർഷിക രംഗത്തെ വിവിധ പ്രവർത്തനങ്ങൾ, ബോധവൽക്കരണ ക്ലാസുകൾ, ചിത്രരചന ക്ലാസ‌്, വിവിധ ഓൺലൈൻ സേവനങ്ങൾ എന്നിവ ജനപങ്കാളിത്തത്തോടെ നടത്തുന്നു. ഭവന പുസ‌്തകവിതരണവും വിജയകരമായി മുന്നോട്ടുപോകുന്നു. ലൈബ്രറിയോട് ചേർന്ന് ആർട‌്സ‌് ആൻഡ‌് സ‌്പോർട‌്സ് ക്ലബ‌്, യുവജന ക്ലബ‌്, വയോജന ക്ലബ‌്, കാർഷിക ക്ലബ‌്, ചാരിറ്റബിൾ ട്രസ്റ്റ്, ബാലവേദി, വനിതാവേദി, പ്രതിഭാകേന്ദ്രം, ഇ–--സാക്ഷരതാ കേന്ദ്രം, ലിറ്റിൽ തീയറ്റർ എന്നിവയും പ്രവർത്തിക്കുന്നു. രാവിലെ 10മുതൽ രാത്രി 10വരെ ലൈബ്രറി സജീവം. ലൈബ്രേറിയന‌് പുറമെ രണ്ട് ജീവനക്കാർ കൂടിയുണ്ട‌്. കെ എസ് ഷെല്ലി പ്രസിഡന്റും എസ് രാജേഷ് സെക്രട്ടറിയുമായ 11 അംഗ ഭരണസമതിയാണ‌് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത‌്.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top