27 May Wednesday

അമേരിക്കക്കാരി മടങ്ങി പ്രിയ കേരളമേ, നിന്റെ കരുതലിന്‌ നന്ദി

വെബ് ഡെസ്‌ക്‌Updated: Sunday Mar 22, 2020

കോവിഡ്‌ 19 രോഗം ഇല്ലെന്ന്‌ സർട്ടിഫിക്കറ്റുമായി റെബേക്ക

ആലപ്പുഴ
ഐസൊലേഷൻ കാലത്തെ സൗകര്യങ്ങൾക്ക്‌ സർക്കാരിന്‌ നന്ദിപറഞ്ഞ്‌  റെബേക്ക ഡെയ്‌ലിൻ. കോവിഡ്‌ 19 വൈറസ്‌ ബാധയില്ലെന്ന്‌ സ്ഥിരീകരിച്ചശേഷമാണ്‌ ഈ അമേരിക്കക്കാരി  നന്ദി പറഞ്ഞ്‌ വീഡിയോ നവമാധ്യമങ്ങളിൽ പോസ്‌റ്റ്‌ ചെയ്‌തത്‌.  ആലപ്പുഴ കെടിഡിസി റിസോർട്ടിലാണ്‌ ഇവർ ഐസൊലേഷനിൽ കഴിഞ്ഞത്‌. സുഹൃത്തുക്കളുടെ ഗ്രൂപ്പിൽ പങ്കുവെച്ച വീഡിയോയിൽ ഐസൊലേഷൻ കാലത്ത് ലഭിച്ച സൗകര്യങ്ങൾ അടക്കമുള്ളവ വിശദീകരിക്കുന്നു. ഇതിന്‌ വിനോദസഞ്ചാരവകുപ്പിനും കെടിഡിസിക്കും  നന്ദി പറഞ്ഞാണ്‌ വീഡിയോ  അവസാനിക്കുന്നത്‌. 
വൈറസ് ബാധയില്ലെന്ന് ഉറപ്പാക്കിയശേഷമാണ് റെബേക്ക വെള്ളിയാഴ്‌ച സ്വദേശത്തേക്ക് മടങ്ങിയത്. ഐസൊലേഷനിൽ കഴിയുന്ന വിദേശികൾ ഉൾപ്പെടെയുള്ളവർക്ക് മികച്ച സൗകര്യമാണ് കേരളത്തിൽ ഒരുക്കിയത്. വിനോദസഞ്ചാരവകുപ്പിന് കീഴിലുള്ള കെടിഡിസി റിസോർട്ടുകൾ, സ്വകാര്യ റിസോർട്ടുകൾ എന്നിവിടങ്ങളിലാണ് ജില്ലയിൽ വിദേശ  സഞ്ചാരികളെ നിരീക്ഷണത്തിലാക്കിയിട്ടുള്ളത്‌.  പ്രത്യേകം ശുചിമുറി സൗകര്യവും ആവശ്യപ്പെടുന്ന ഭക്ഷണം ഉൾപ്പെടെയുള്ള കാര്യങ്ങളും ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ നൽകുന്നുണ്ട്. ഒമ്പത് വിദേശികളെയാണ് കഴിഞ്ഞ ദിവസംവരെ ഐസൊലേഷനിൽ പാർപ്പിച്ചിരുന്നത്. എന്നാൽ പരിശോധനഫലം നെഗറ്റീവ്‌ ആയതിനാൽ അഞ്ചുപേർ നാട്ടിലേക്ക്‌ മടങ്ങി. യുഎസ് സ്വദേശികളായ രണ്ടുപേർ ഐസൊലേഷനിൽ തുടരാൻ ആവശ്യപ്പെട്ടപ്പോൾ സ്വകാര്യ റിസോർട്ടിൽ താമസിക്കാൻ ആഗ്രഹം പ്രകടിപ്പിക്കുകയായിരുന്നു. 
 ഐസൊലേഷനും സാമ്പിൾ പരിശോധനയ്‌ക്കുശേഷം ഇവർക്ക് രോഗ ബാധയില്ലെന്ന് തെളിഞ്ഞു. ഉടൻ തിരികെ പോകുന്നില്ലെന്നതും കേരളത്തിൽ തുടരാനുള്ള താൽപര്യവും അവർ അറിയിച്ചു. ഇന്ത്യൻ വംശജനായ യുഎസ് പൗരൻ അലൻ എന്നയാളുടെയും സാമ്പിൾ പരിശോധിച്ച് രോഗബാധിതനല്ലെന്ന് ഉറപ്പാക്കി. ഇദ്ദേഹം ഗോവയിലേക്ക് പോകാൻ താൽപര്യം അറിയിച്ചു. ആവശ്യം ജില്ലാ ഭരണകേന്ദ്രം പരിശോധിച്ച് സൗകര്യങ്ങൾ ഒരുക്കി നൽകും. 
പ്രധാന വാർത്തകൾ
 Top