27 May Wednesday

ഉദാഹരണം സുജാത

വി പ്രതാപ‌്Updated: Sunday Mar 22, 2020

സുജാത എസ് നായര്‍ നായകള്‍ക്കൊപ്പം

അമ്പലപ്പുഴ 
തെരുവില്‍ അലഞ്ഞുതിരിയുന്ന മൃ​ഗങ്ങളെ കണ്ടാല്‍ ദയവായി കല്ലെറിഞ്ഞ് ഓടിക്കരുത്. ‌അവരെ സംരക്ഷിക്കാനും പൊന്നുപോലെ നോക്കാനും സുജാതയുണ്ട്. ഉപേക്ഷിക്കപ്പെട്ടതും അപകടങ്ങളില്‍പെടുന്നതുമായ മൃഗങ്ങളെ തേടി കണ്ടുപിടിച്ച് സംരക്ഷിക്കുകയാണ് തകഴി കരുമാടി ഭാര്‍​ഗവീ മന്ദിരത്തിൽ പരേതനായ എൻ കെ അരവിന്ദാക്ഷൻ നായരുടെ മകള്‍ സുജാത. 
മൃ​ഗങ്ങളോടുള്ള ഇഷ്‌ടം സുജാതയ്‌ക്ക്‌ ചെറുപ്പത്തിലേ തുടങ്ങി. മുംബൈ റൂയ കോളേജിൽ അധ്യാപകനായിരുന്ന അച്ഛനൊപ്പമായിരുന്നു ചെറുപ്പകാലം. പൂച്ചകളെ താലോലിച്ചിരുന്ന അമ്മയില്‍നിന്നാണ് സുജാതയുടെ മൃഗസ്‌നേഹം തുടങ്ങിയത്. നാട്ടിലെത്തിയപ്പോൾ നിരവധി നായ്‌ക്കളും പൂച്ചകളും പശുക്കളും താറാവ്, പാത്ത, കോഴി, മുയൽ തുടങ്ങിയവയുമായി കൂട്ട്. 
തെരുവിൽ വാഹനങ്ങളിടിച്ചു പരിക്കേറ്റതും അനാഥരുമായ നായ്‌ക്കളുടെ സംരക്ഷണവും ഏറ്റെടുത്തു. 10വർഷമായി ഇത് തുടരുകയാണ്. തിരുവനന്തപുരത്തുള്ള സഹോദരിയുടെ മകൾ സ്വരുപയുടെ സഹായത്തോടെ തിരുവനന്തപുരത്തെ പീപ്പിൾ ഫോർ ആനിമൽസിൽ എത്തിച്ചാണ് സംരക്ഷണം. പ്രളയ കാലത്ത് 28നായ്‌ക്കളെ വീടിനുള്ളില്‍ സംരക്ഷിച്ചു. 
നായ്‌ക്കൾക്ക് സ്ഥിരസംരക്ഷണകേന്ദ്രം തുടങ്ങുന്നതായിരുന്നു പിന്നീട് ചിന്ത. തുടർന്ന് മൃഗസ്‌നേഹികളുടെ കുട്ടായ്‌മയായ കർമ റെസ്‌ക്യൂ ഗ്രൂപ്പ് തുടങ്ങി. ഇതിലൂടെ നൂറിലധികം നായകളെയും പൂച്ചകളെയും രക്ഷിച്ചു. 
കർമയുടെ സെക്രട്ടറി ജോൺസന്റെയും ജില്ലാ ചീഫ് വെറ്ററിനറി ഓഫീസർ ഡോ. ഉണ്ണികൃഷ്ണന്റെയും നേതൃത്വത്തിലുള്ള ഡോക്‌ടർമാരുടെ സഹകരണവും പിന്തുണയും സുജാതയ്‌ക്കൊപ്പമുണ്ട്. നായ്‌ക്കളുടെ ഭക്ഷണം, ചികിത്സാ ചെലവുകൾ തുടങ്ങിയവ തകഴിയിലെ സ്‌റ്റേജ്‌ഡെക്കറേഷൻ സ്ഥാപനത്തിലെ തുച്ഛവരുമാനത്തിൽ നിന്നാണ് സുജാത കണ്ടെത്തുന്നത്. 
മനേകാ ഗാന്ധിയുടെ സഹായത്തോടെ ആലപ്പുഴയിൽ പീപ്പിൾ ഫോർ ആനിമൽസ് യൂണിറ്റ് ആരംഭിക്കാന്‍ അം​ഗീകാരമായി. സുജാതയ്‌ക്കും ജോൺസണും മൃഗസംരക്ഷണ വകുപ്പ് "ആദരവ് - 2019 "അവാർഡും നൽകി.  തെരുവുനായകളുടെ വന്ധ്യംകരണം , പേവിഷബാധയ്‌ക്കെതിരെ കുത്തിവയ്‌പ്പ്, മൃഗങ്ങൾക്കുള്ള ഓൾഡേജ് ഹോം തുടങ്ങി വിപുല പദ്ധതികളാണ് പീപ്പിൾ ഫോർ ആനിമൽസ് ആരംഭിക്കുക.
പ്രധാന വാർത്തകൾ
 Top