27 May Wednesday

ചേർത്തലയിൽ ബ്യൂട്ടിപാർലറുകൾ അടച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Mar 22, 2020
ചേർത്തല
ചേർത്തല നഗരത്തിലെ ജിംനേഷ്യങ്ങളും ബ്യൂട്ടിപാർലറുകളും അടച്ചു. കോവിഡ്‐19 പ്രതിരോധത്തിന്റെ ഭാഗമായി നഗരസഭ നിർദേശപ്രകാരമാണ‌് നടപടി. സൂപ്പർമാർക്കറ്റ്‌, ബ്യൂട്ടിപാർലർ എന്നിവിടങ്ങൾ പരിശോധിച്ച ശേഷമാണ‌് വിശദമായ മാർഗനിർദേശം അധികൃതർ പുറപ്പെടുവിച്ചത‌്. 
കൈകൾ വൃത്തിയാക്കിയതിന് ശേഷമേ സൂപ്പർമാർക്കറ്റുകളിൽ ആളുകളെ പ്രവേശിപ്പിക്കാവൂ. ട്രോളി, ബാസ്‌കറ്റ്, ക്യാഷ് കൗണ്ടർ എന്നിവ നിശ്ചിത ഇടവേളകളിൽ അണുവിമുക്തമാക്കണമെന്നും ജീവനക്കാർ നിർബന്ധമായും മുഖാവരണം ധരിക്കണമെന്നും നിർദേശിച്ചു. 
ഹോട്ടലിൽ എത്തുന്നവർക്ക് കൈകഴുകാൻ സാനിറ്റൈസർ, ഹാൻഡ‌് വാഷ‌് എന്നിവ നൽകണം. ഓഫീസിൽ സന്ദർശകരെ നിയന്ത്രിക്കും. അപേക്ഷകൾ, പരാതികൾ, മറ്റ് ഫയലുകൾ എന്നിവയുടെ തൽസ്ഥിതി അറിയാൻ വകുപ്പ് മേധാവികളെ ഫോണിൽ ബന്ധപ്പെടാം.
താലൂക്ക് ആശുപത്രിയിൽ കർശന സുരക്ഷയൊരുക്കും. രോഗികളുമായുള്ള സമ്പർക്കം കുറയ‌്ക്കാനും പൊതുജനങ്ങളെ ബോധവർക്കരിക്കാനും നേഴ്‌സിങ് സൂപ്രണ്ട് ഓഫീസിന് മുന്നിൽ ഹെൽപ്പ്ഡസ്‌ക് തുറന്നു. അവധിയിലുള്ള ജീവനക്കാരെ ജോലിയിൽ പ്രവേശിപ്പിക്കാൻ ആർഎംഒ, നേഴ്‌സിങ് സൂപ്രണ്ട് എന്നിവരെ ചുമതലപ്പെടുത്തി. അത്യാവശ്യഘട്ടത്തിൽ എല്ലാവിഭാഗം ജീവനക്കാരും മുഴുവൻസമയ സേവനം ലഭ്യമാക്കാൻ തയാറാകണമെന്ന് നിർദേശിച്ചു. അവധി അനുവദിക്കാൻ നിയന്ത്രണം ഏർപ്പെടുത്തി.
ഒപി വിഭാഗത്തിൽ ഒരേസമയം 50ൽ കൂടുതൽ ആളുകൾ കൂടിനിൽക്കുന്നത് ഒഴിവാക്കും. ഒപി, അത്യാഹിതം, ഫാർമസി എന്നിവിടങ്ങളും പരിസരവും നിശ്ചിത ഇടവേളകളിൽ അണുവിമുക്തമാക്കും. വ്യക്തിശുചിത്വവും ശാരീരിക അകലവും ജീവനക്കാരടക്കം നിർബന്ധമായി പാലിക്കണം. 
ആശുപത്രിയിലേക്കുള്ള പ്രവേശനം പ്രധാന കവാടത്തിലൂടെ മാത്രമാക്കി. പ്രതിരോധ പ്രവർത്തനം ഏകോപിപ്പിക്കുന്നതിനും വിവരങ്ങൾ കൈമാറാനും ആശുപത്രി ജീവനക്കാരുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പ് രൂപീകരിക്കും. ഡോ. പി വിജയകുമാറിനെ നോഡൽ ഓഫീസറായി ചുമതലപ്പെടുത്തി.
പ്രധാന വാർത്തകൾ
 Top