03 August Tuesday

75ന്റെ നിറവിൽ എസ്‌ഡി കോളേജ്‌

സ്വന്തം ലേഖകൻUpdated: Monday Jun 21, 2021

എസ്ഡി കോളേജ്

 
ആലപ്പുഴ
ആലപ്പുഴയിലെ വിജ്ഞാനവിപ്ലവത്തിന്‌ തിരികൊളുത്തിയ സനാതന ധർമ കോളേജ്‌ (എസ്ഡി കോളേജ്‌) 75ന്റെ നിറവിൽ. ആനി ബസന്റ്‌ നേതൃത്വം നൽകിയ തിയോസോഫിക്കൽ സൊസൈറ്റിയുടെ സംഭാവനയായി 1946 ജൂൺ 20നാണ്‌ എസ്‌ഡി കോളേജ്‌ പിറവിയെടുത്തത്‌. കെ പാർഥസാരഥി അയ്യങ്കാർ, വി സുന്ദരാജ നായിഡു എന്നിവരുടെ ശ്രമഫലമായാണ്‌ കലാലയം യഥാർഥ്യമായത്‌. 
125‌ വിദ്യാർഥികളും ആറ്‌ അധ്യാപകരുമായി ആരംഭിച്ച കലാലയത്തിലിന്ന്‌ പ്രവർത്തിക്കുന്നത്‌ 13 ഡിപ്പാർട്ടുമെന്റുകൾ. ഒമ്പത്‌ പിജി കോഴ്‌സുകളുമുണ്ട്‌. 1950ൽ‌ കളർകോട്ടേ‌ക്ക്‌ മാറ്റി. കേരള സർവകലാശാലയ്‌ക്ക്‌ കീഴിൽ ആദ്യം നാക്‌ അക്രഡിറ്റേഷനിൽ എ പ്ലസ്‌ നേടിയ റെക്കോഡും എസ്‌ഡി കോളേജിന്‌ അവകാശപ്പെട്ടതാണ്‌. ഒപ്പം ആദ്യ എയ്‌ഡഡ്‌ കോളേജെന്ന ഖ്യാതിയും. 
2017ൽ കേന്ദ്ര ശാസ്‌ത്രസാങ്കേതിക വകുപ്പിന്റെ സഹായത്തോടെ സ്ഥാപിച്ച എപിജെ അബ്‌ദുൾകലാം റിസർച്ച്‌ സെന്ററും കോളേജിന്റെ ദേശീയ അംഗീകാരത്തിന്‌ തെളിവാണ്‌. കൂടാതെ സാധാരണക്കാരുടെയും മത്സ്യത്തൊഴിലാളികളുടെയും മക്കൾക്ക്‌ ഏറ്റവും മികച്ച വിദ്യാഭ്യാസം കുറഞ്ഞ ചെലവിൽ ലഭ്യമാക്കുന്നുവെന്നതാണ്‌ പ്രത്യേകത. പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച്‌ ഡിപ്പാർട്ട്‌മെന്റുകളുടെ നേതൃത്വത്തിൽ ഒരു വർഷം നീണ്ടുനിൽക്കുന്ന ആഘോഷങ്ങൾ നടക്കും. ഇതിനോടനുബന്ധിച്ച്‌ മലയാള വിഭാഗത്തിന്റെ പ്ലാറ്റിനപ്പെരുമ 2021ന്‌ വായനദിനത്തിൽ തുടക്കമായി. 75 ഓൺലൈൻ പ്രഭാഷണങ്ങളാണ്‌ നടക്കുകയയെന്ന്‌ മലയാളവിഭാഗം മേധാവി ഡോ. എസ്‌ അജയകുമാർ പറഞ്ഞു.
 
സനാതന സസ്യം
പ്ലാറ്റിനം ജൂബിലി വർഷത്തിൽ കോളേജിന്‌ തിലകക്കുറിയായിരിക്കുകയാണ്‌ ‘സനതാന സസ്യം’. സസ്യശാസ്‌ത്ര വിഭാഗം അധ്യാപകൻ ജോസ് മാത്യുവും സംഘവും കോഴിക്കോട് വെള്ളരിമലയിൽ കണ്ടെത്തിയ സസ്യത്തിന്‌ കോളേജിന്റെ പേരാണ്‌ നൽകിയത്‌. "ഫില്ലാന്തസ് സനാതനധർമേ' എന്നാണ്‌ ശാസ്‌ത്രനാമം.
 
പെരുമയായി പേറ്റന്റും
ആഘോഷങ്ങൾക്കിടയിൽ രസതന്ത്രവിഭാഗത്തിലെ അസോസിയേറ്റ് പ്രൊഫസർ ഡോ. കെ എച്ച് പ്രേമയും സംഘവും നേടിയ പേറ്റന്റും ഇരട്ടിമധുരമായി. കുറഞ്ഞ ചെലവിൽ പ്രകൃതിദത്ത വസ്‌തുക്കളിൽനിന്ന് നാനോ മെറ്റൽകണങ്ങൾ നിർമിക്കാനുള്ള നൂതനരീതിയാണ് ഇവർ വികസിപ്പിച്ചത്‌. മറ്റൊരു കണ്ടുപിടിത്തത്തിനുള്ള പേറ്റന്റിനും ഡോ. പ്രേമ അപേക്ഷ സമർപ്പിച്ചിട്ടുണ്ട്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top