05 August Thursday

വൈറസ് ഭീകരത മൂൻകൂട്ടിക്കണ്ട കവി പൊരുതുകയാണ് ജീവിതത്തോട്

ജി ഹരികുമാർUpdated: Monday Jun 21, 2021

റോയ് കെ ഗോപാല്‍ വാടകവീടിന് മുന്നില്‍

 
കായംകുളം
വൈറസ് ഭീകരത വിതക്കുമെന്ന് കാലങ്ങൾക്ക് മുന്നേ മുന്നറിയിപ്പ് നൽകിയ കവി ജീവിതത്തോട് പടപൊരുതുകയാണ്. ‘പുള്ളികണക്കൻ’ എന്ന തൂലികാ നാമത്തിലൂടെ ശ്രദ്ധേയനായ കവി റോയ് കെ ഗോപാലാണ് (46) ജീവിതപ്രതിസന്ധികളെ നേരിടാൻ പ്രയാസപ്പെടുന്നത്. 
2015ൽ ഇദ്ദേഹം സമൂഹമാധ്യമത്തിൽ പോസ്‌റ്റ്‌ ചെയ്‌ത ‘വൈറസ്’ എന്ന കവിത ഏറെ ചർച്ചയായിരുന്നു. മാനവരാശിക്ക് മീതെ സൂക്ഷ്‌മാണു ഉയർത്തുന്ന ഭീഷണിയായിരുന്നു ആ കവിത. അന്ന് ഭാവനയിൽ കണ്ടെതെല്ലാം ആറ് വർഷത്തിനിപ്പുറം സത്യമായി. ‘നെടുകെപ്പിളർന്ന ഭൂമിയുടെ നടുവിൽ ശ്വാസം കിട്ടാതെ പ്രാണവായു, വെറിച്ചുമറിയുന്ന രണ്ടതിരിൽ മനുഷ്യരും’ എന്ന് തുടങ്ങി ശ്വാസംമുട്ടി നിൽക്കുന്ന, പ്രാണവായുവിനും വെറിച്ചുമറിയുന്ന രണ്ടതിരിൽ, നിലതെറ്റി നിൽക്കുന്ന മനുഷ്യർക്കും  ആരുമുണ്ടാവില്ല, എന്ന അവസാന വരികളിലും വൈറസ് സൃഷ്ടിക്കുന്ന അപകടമാണ് വിവരിക്കുന്നത്. 
നാല് വർഷം മുമ്പ് ഒമാനിൽ വച്ച് ചിക്കൻപോക്‌സിന്റെ രൂപത്തിലാണ് റോയിയുടെ ജീവിതത്തിലേക്ക് ദുരന്തം വരുന്നത്. അന്ന് 20 ദിവസത്തോളം അബോധാവസ്ഥയിലായി. പിന്നീടത് പക്ഷാഘാതമായി. തുടർചികിത്സകളിലൂടെ ലക്ഷങ്ങൾ ചെലവിട്ട് ജീവൻ തിരിച്ചുപിടിച്ചെങ്കിലും ഓർമകൾക്കുപോലും മങ്ങലേറ്റു. പുള്ളിക്കണക്ക് വിജയേന്ദ്രീയത്തിൽ വാടകതാമസക്കാരനായ റോയ് കവിയും ജീവകാരുണ്യപ്രവർത്തകനുമായി പൊതുരംഗത്ത് സജീവമായിരുന്നു. ‘പെണ്ണാണ് മണ്ണല്ല’ നവമാധ്യമ കൂട്ടായ്‌മയുടെ സംഘാടകനുമായി. ഇതിനിടെ ജീവിതോപാധി തേടി ഒമാനിലേക്ക് പോയി. ഒരു വർഷം ഇവിടെ ജോലിചെയ്‌തു. 
സുഹൃത്തുക്കളുടെ സഹായമാണ് ഇതുവരെയും പിടിച്ചുനിൽക്കാൻ സഹായിച്ചതെന്ന് റോയ് പറയുന്നു. കോവിഡ് മഹാമാരി സഹായങ്ങളെയും ബാധിച്ചു. ഇതിനിടയിലും കവിതകളുടെ രണ്ട് സമാഹാരങ്ങൾ പുറത്തിറക്കി. വൈറസ് അടക്കമുള്ള നിരവധി കവിതകൾ ഇനിയും വെളിച്ചം കാണാനുണ്ട്. ഭാര്യ സുമയും മക്കളായ നിരഞ്‌ജന, നവനാഥ് എന്നിവർക്ക് ഒപ്പം വാടകവീട്ടിലാണ് കഴിയുന്നത്. ഭാര്യക്ക്‌ സൂപ്പർമാർക്കറ്റിൽ പോകുന്നതിലൂടെ ലഭിക്കുന്ന തുഛവരുമാനം വാടക നൽകാൻ പോലും തികയില്ല. മരുന്നിനും മറ്റ് ചെലവുകൾക്കുമായി മാസംതോറും നല്ലൊരു തുക വേണം. സ്വന്തമായി നാല് സെന്റ് സ്ഥലം വാങ്ങാനുള്ള ശ്രമങ്ങൾ സുഹൃത്തുക്കളുടെ നേതൃത്വത്തിൽ തുടങ്ങിയെങ്കിലും ‘വൈറസ്’ ബാധയുടെ ദുരന്തം അതിനെയും ബാധിച്ചു. എങ്കിലും വൈറസിനെ അതിജീവിച്ച് നല്ല കാലം വരുമെന്ന ശുഭപ്രതീക്ഷയോടെ കാത്തിരിക്കുകയാണ്.
Caption : രോഗബാധിതനായ റോയ് കെ ഗോപാൽ വാടകവീടിന് മുന്നിൽ, രോഗബാധിതനാകുന്നതിന് മുമ്പുള്ള റോയ് കെ ഗോപാൽ
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top