27 June Thursday
വീണ്ടും കുടിവെള്ളം മുടങ്ങി

ആലപ്പുഴയിൽ അവസാനമില്ലാതെ പൈപ്പ‌് പൊട്ടൽ; 38‐ാം തവണയും കുടിവെള്ളം മുടങ്ങി

സ്വന്തം ലേഖകൻUpdated: Tuesday May 21, 2019
ആലപ്പുഴ > അറ്റകുറ്റപ്പണി പൂർത്തിയാക്കി പമ്പിങ‌് പുനരാരംഭിച്ച‌് 48 മണിക്കൂറിനുള്ളിൽ ആലപ്പുഴ കുടിവെള്ള പദ്ധതിയുടെ പൈപ്പ‌് വീണ്ടും പൊട്ടി. കേളമംഗലം പാലത്തിനു സമീപം തിങ്കളാഴ‌്ച ഉച്ചയ‌്ക്കുശേഷമാണ‌് പൈപ്പ‌് പൊട്ടിയത‌്. 40 സെന്റിമീറ്ററോളം വിള്ളൽ വീണതോടെ വൈകിട്ട‌് നാലിന‌് പമ്പിങ‌് പൂർണമായും നിർത്തി. യുഡിസ‌്മാറ്റ‌് അധിക‌ൃതരെത്തി പരിശോധിച്ചശേഷം റോഡ‌് വെട്ടിപ്പൊളിച്ച‌് അറ്റകുറ്റപ്പണിക്കായി പൊതുമരാമത്ത‌് വകുപ്പിനോട‌് അനുമതി തേടി. ചൊവ്വാഴ‌്ച അറ്റകുറ്റപ്പണി ആരംഭിക്കാനാകുമെന്ന‌് കരുതുന്നതായി യുഡിസ‌്മാറ്റ‌് ഉദ്യോഗസ്ഥർ പറഞ്ഞു. കടപ്രയിൽനിന്ന‌് കരുമാടിയിലെ ശുദ്ധീകരണ പ്ലാന്റിലേക്കുള്ള പൈപ്പ‌് ലൈനിൽ 38–-ാം തവണയാണ‌് പൈപ്പ‌് പൊട്ടുന്നത‌്. ഇതിൽ ഭൂരിഭാഗവും തകഴി കേളമംഗലം ഭാഗത്തെ 1. 4 കിലോമീറ്റർ ഭാഗത്താണ‌്. തിങ്കളാഴ‌്ച പൊട്ടിയതും ഇതേ സ്ഥലത്തുതന്നെ. 
 
കഴിഞ്ഞ തിങ്കളാഴ‌്ച തകഴി കേളമംഗലം കന്നാമുക്കിൽ പൈപ്പ‌് പൊട്ടി ആറുദിവസം ആലപ്പുഴ മുനിസിപ്പാലിറ്റിയിലും സമീപത്തെ എട്ടു പഞ്ചായത്തിലും കുടിവെള്ളം മുടങ്ങിയിരുന്നു. ശനിയാഴ‌്ച വൈകിട്ട‌് ഏഴിന‌് അറ്റകുറ്റപ്പണി പൂർത്തിയാക്കി പമ്പിങ‌് പുനരാരംഭിച്ചെങ്കിലും ഞായറാഴ‌്ച വൈകിട്ടോടെയാണ‌് വടക്കൻ പ്രദേശങ്ങളിൽ ജലവിതരണം സാധാരണ നിലയിലായത‌്. ഇവിടെ നിന്ന‌് ഒരു കിലോമീറ്റർ അകലെയാണ‌് തിങ്കളാഴ‌്ച വീണ്ടും പൈപ്പ‌് പൊട്ടിയത‌്‌. 
ചോർച്ചയുണ്ടായ ഭാഗത്തെ അറ്റകുറ്റപ്പണിക്കാവശ്യമായ ഘടകഭാഗങ്ങൾ അങ്കമാലിയിൽനിന്ന‌ാണ‌് എത്തിക്കുന്നത‌്. ഇതും ചൊവ്വാഴ‌്ച വൈകിട്ടോടെ മാത്രമേ എത്തുകയുള്ളൂ. രാവിലെ പൊതുമരാമത്ത‌് വകുപ്പിന്റെ അനുമതി ലഭിച്ച‌് അറ്റകുറ്റപ്പണി തുടങ്ങിയാലും ചുരുങ്ങിയത‌് രണ്ടുദിവസം പണി നീളും. ഇതോടെ ബുധനാഴ‌്ച വരെ കുടിവെള്ളം മുടങ്ങുമെന്നുറപ്പായി.  
പ്രധാന വാർത്തകൾ
 Top