13 May Thursday

മനോരമ വാര്‍ത്ത അടിസ്ഥാനരഹിതം: സിപിഐ എം

വെബ് ഡെസ്‌ക്‌Updated: Wednesday Apr 21, 2021
ആലപ്പുഴ
സിപിഐ എം പുറക്കാട് ലോക്കൽകമ്മിറ്റി അംഗവുമായി ബന്ധപ്പെടുത്തിയുള്ള മനോരമ വിഷൻ ഓൺലൈൻ വാർത്ത കള്ളമാണെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി ആർ നാസർ പ്രസ്‌താവനയിൽ പറഞ്ഞു. പാർട്ടി സംസ്ഥാന കമ്മിറ്റി അംഗവും മന്ത്രിയുമായ ജി സുധാകരനെതിരെ കമ്മിറ്റിയിൽ വിമർശനം ഉയർന്നു എന്നത് കള്ളമാണ്.  
സ്‌ത്രീത്വത്തെ അപമാനിക്കുന്ന പരാമർശം അദ്ദേഹം നടത്തിയിട്ടില്ല. ജി സുധാകരനെതിരെ തെറ്റായ ആരോപണം ഉന്നയിച്ച് ലോക്കൽ കമ്മിറ്റി അംഗത്തിന്റെ അനുമതിയോടും സമ്മതത്തോടെയും ഭാര്യ പൊലീസിൽ പരാതി നൽകിയത് കമ്മിറ്റി ചർച്ചചെയ്‌തു. ഇക്കാര്യത്തിൽ സമവായശ്രമം ജില്ലാ കമ്മിറ്റിയോ പാർട്ടിയുടെ മറ്റേതെങ്കിലും ഘടകമോ നടത്തിയിട്ടില്ല. 
അമ്പലപ്പുഴയിലെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ മെച്ചപ്പെട്ട നിലയിൽ സംഘടിപ്പിക്കാൻ ജി സുധാകരൻ നേതൃത്വം നൽകിയിട്ടുണ്ട്. താഴെതലം വരെയുള്ള എല്ലാ പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകി. ജില്ലയിലെ മുഴുവൻ മണ്ഡലങ്ങളിലും ജി സുധാകരൻ പ്രചാരണം നയിച്ചു. പ്രത്യേകിച്ച് അമ്പലപ്പുഴ മണ്ഡലത്തിന്റെ പ്രചാരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത് അദ്ദേഹമാണ്. എച്ച് സലാമിന്റെ പ്രചാരണപര്യടന പരിപാടിയിൽ പലദിവസങ്ങളിലും സ്ഥാനാർഥിക്കൊപ്പം സഞ്ചരിച്ചു. 
എല്ലാ മേഖലകളിലും പൊതുയോഗങ്ങളിൽ പങ്കെടുത്തു. മണ്ഡലം കമ്മിറ്റികളിൽ പങ്കെടുത്ത് നിർദ്ദേശങ്ങൾ നൽകി. തുടർച്ചയായി  പ്രവർത്തനങ്ങൾ വിലയിരുത്തി തുടർപ്രവർത്തനങ്ങളെ സംബന്ധിച്ച് ഉപദേശങ്ങളും നൽകി. വസ്‌തുതകളാകെ ഇപ്രകാരമായിരിക്കെ മറിച്ചുള്ള വാർത്തക്ക് അടിസ്ഥാനവുമില്ല. മുതിർന്ന നേതാവായ ജി സുധാകരനെതിരെ തെറ്റായ വാർത്ത നൽകുന്നത് മാധ്യമധർമ്മമല്ല. പാർട്ടി ലോക്കൽ കമ്മിറ്റിയിൽ പങ്കെടുത്ത ഒരാൾപോലും ജി സുധാകരനെ വിമർശിച്ചിട്ടില്ല. മന്ത്രിക്കെതിരെ നൽകിയ പരാതി ഉടൻ പിൻവലിക്കണമെന്ന് യോഗത്തിൽ കമ്മിറ്റി അംഗങ്ങളെല്ലാം ആവശ്യപ്പെട്ടു. മറിച്ചുള്ള വാർത്താ പരാമർശങ്ങൾ ശരിയല്ലെന്നും ആർ നാസർ പറഞ്ഞു.  
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top