25 May Monday
കോവിഡ്‌ സാമ്പത്തിക പാക്കേജ്‌

3.68 ലക്ഷം പേർ, 88.47 കോടി പെൻഷൻ

സ്വന്തം ലേഖകൻUpdated: Saturday Mar 21, 2020

ആലപ്പുഴ

കോവിഡ്‌–-19 സാമ്പത്തിക പാക്കേജിന്റെ ഭാഗമായി സാമൂഹ്യ സുരക്ഷാ  പെൻഷനായി ജില്ലയിൽ വിതരണംചെയ്യുക 88. 47 കോടി രൂപ. 3,68,643 പേർക്കാണ്‌ ഈ തുക നൽകുക. രണ്ട്‌ മാസത്തെ പെൻഷൻ തുകയായ 2400 രൂപ ഒന്നിച്ചു നൽകാനാണ്‌ സർക്കാർ തീരുമാനം.

 കോവിഡ്‌ സൃഷ്‌ടിച്ച സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞദിവസം പ്രഖ്യാപിച്ച 20,000 കോടിയുടെ പാക്കേജിലാണ്‌ ക്ഷേമപെൻഷൻ ഒന്നിച്ചു നൽകാനുള്ള തീരുമാനവും. സംസ്ഥാനത്താകെ 1320 കോടി രൂപയാണ്‌ ഇതിനുവേണ്ടത്‌.

ജില്ലയിൽ ഏറ്റവുമധികം പെൻഷൻകാരുള്ളത്‌ കയർ മേഖലയിലാണ്‌–-41,965 പേർ. ഇവർക്കായി 10.07 കോടി നൽകും. കയർ മേഖലയിൽ സംസ്ഥാനത്താകെയുള്ളത്‌ 73,000 പേരാണ്‌. നൽകുന്നത്‌17.52 കോടി.

യുഡിഎഫ്‌ സർക്കാരിന്റെ കാലത്ത്‌ വേതന വർധനവ്‌ മരവിപ്പിച്ചതിന്‌ പുറമെ പെൻഷൻ മാസങ്ങളോളം കുടിശ്ശികയായിരുന്നു. പെൻഷൻതുകയും വകമാറ്റി ചെലവഴിച്ചു. എൽഡിഎഫ്‌ സർക്കാർ വന്നശേഷം ഗുണഭോക്താക്കളുടെ എണ്ണത്തിലും പെൻഷൻ ഉൾപ്പെടെയുള്ള ആനുകൂല്യത്തിലും വൻ വർധനയാണുണ്ടായത്‌. 600 രൂപയായിരുന്ന പെൻഷൻ മൂന്നു തവണ വർധിപ്പിച്ച്‌ 1200 രൂപയാക്കി. അടുത്ത വഷം ഇത്‌ 1500 രൂപയാക്കുമെന്ന്‌ സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്‌.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top