മാരാരിക്കുളം
സസ്യശാസ്‌ത്ര വർഗീകരണ രംഗത്ത് വേമ്പനാടിന്റെ പേരിൽ ആദ്യമായി ഒരു ചെടി. കാര ഇനത്തിൽപ്പെട്ട ഈ സസ്യം ഇനി വേമ്പനാടിന്റെ പേരിൽ അറിയപ്പെടും. ‘കാന്തിയം വേമ്പനാടെന്സിസ്' എന്ന പേരിലുള്ള ഈ ഔഷധ സസ്യത്തിന്റെ ശാസ്‌ത്രീയ നിർണയം നടത്തി. ഇത് അന്തർദേശീയ ശാസ്‌ത്ര മാസിക ആനൽസ് ഓഫ് പ്ലാന്റ് സയൻസിൽ പ്രസിദ്ധീകരിച്ചു.
ആലപ്പുഴ എസ് ഡി കോളേജിലെ, സസ്യ ശാസ്‌ത്ര ഗവേഷകയായ എസ് സോജയും, റിസർച്ച് ഗൈഡായ ഡോ. ടി സുനിൽകുമാർ മുഹമ്മയും ചേർന്നാണ് മുഹമ്മയിലെ പുത്തനങ്ങാടിയിൽ സസ്യം കണ്ടെത്തി ശാസ്‌ത്രീയ നിർണയം നടത്തിയത്. സാധാരണ കാര എന്ന് അറിയപ്പെടുന്ന ഈ ചെടിക്ക് തിരുവിതാംകൂറിന്റെ പേരിലുള്ള "കാന്തിയം ട്രാവെൻകോറിക്കം 'എന്ന സസ്യവുമായി സാമ്യമുണ്ട്. എങ്കിലും പല കാര്യങ്ങളിലും ഘടനാപരമായ മാറ്റമുണ്ട്. ശാഖകളുടെ വ്യത്യാസം, മുള്ളുകൾ പെട്ടെന്നു നഷ്‌ടപ്പെട്ടു പോകുന്ന അവസ്ഥ, കേസരപുടം, ജനിപുടം എന്നിവയുടെ രൂപത്തിലും ഘടനയിലുമുള്ള വ്യതിയാനം എന്നിവ ഈ ചെടിയെ വ്യത്യസ്‌തമാക്കുന്നു. ഈ ചെടിയുടെ തന്മാത്രതല പഠനവും, ഔഷധമൂല്യ പഠനവും എസ് ഡി കോളേജിലെ ഈ ഗവേഷകസംഘം നടത്തുന്നു. മായ എസ് നായർ, എസ് സംഗീത എന്നിവരും സംഘത്തിലുണ്ട്. നാട്ടിൻപുറത്തുള്ള ഇത്തരം സസ്യങ്ങൾ സംരക്ഷിക്കണമെന്നും പഴയതലമുറയുടെ അറിവുകളും, പുതിയ കണ്ടെത്തലുകളും സമന്വയിപ്പിക്കണമെന്നും ഡോ. ടി സുനിൽകുമാർ മുഹമ്മ പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..